ആദ്യ ഇന്റെര്‍വ്യു
എന്താടാ നിന്റെ പേര് ? ബഷീര്‍...
വാപ്പാടെ പേരെന്താ ? ഇപ്പ
ഉമ്മയുടെ പേരോ ? ഇമ്മ
ഇതാണ് എന്റെ ജീവിതത്തില്‍ ഞാന്‍ ആദ്യമായി
നേരിട്ട ഇന്റെര്‍വ്യു. അത് പരാജയപെടുകയും ചെയ്തു.
എന്നാലും പിന്നെ ജീവിതത്തില്‍ പടച്ചവന്‍ ഇത് വരേം
പരാജയപെടുത്തിയിട്ടില്ല.ഉപ്പയുടെ വേര്‍പാടോഴികെ...
സ്കൂളിന്റെ പടി എത്തുന്നത് വരെയും ഉമ്മ ഓതിതന്നതാണ്
ഉപ്പയുടെ പേര് ഹംസ എന്നും, ഉമ്മയുടെ പേര് ഖദീജ എന്നും
പറയണം എന്ന്. എന്നിട്ടോ അന്നത്തെ ഹെഡ്മാസ്റെര്‍
ഗോപാലന്‍ മാഷിന്റെ (ജീവിച്ചിരുപ്പില്ല :( ) മുന്നിലെത്തിയപ്പോള്‍
മാഷിന്റെ കറുത്ത കണ്ണടയും,കഷണ്ടിയില്‍ ഉഴിഞ്ഞു കൊണ്ടുള്ള
ഇരുപ്പും കണ്ടപ്പോള്‍ ഞാന്‍ എല്ലാം മറന്നു.സ്കൂളില്‍ പോകേണ്ട
പൂതി തന്നെ മാറി.
അടുത്ത വര്‍ഷം കൊണ്ട് വരൂ ഉമ്മാ എന്നുള്ള മാഷിന്റെ മറുപടി
കേട്ടതോടെ ഉമ്മ ദേഷ്യത്തില്‍ എന്നെ പിടിച്ചു വലിച്ചു വീട്ടിലേക്കു
കൊണ്ട് വന്നു. ഞ്ഞി വെയില് കൊണ്ട് നടക്കാതെ ഒരു കൊല്ലം കൂടി യശോദാമ്മയുടെ (ജീവിച്ചിരുപ്പില്ല :( ) ബാലവാടിയിലേക്ക് ഉപ്പുമാവ് തിന്നാന്‍ പൊയ്ക്കോ...
അങ്ങിനെ ഒരു കൊല്ലം കൂടി കാത്തിരിക്കേണ്ടി വന്നു എനിക്ക്.
സ്കൂളില്‍ പോകാനോക്കെ നല്ല ഉത്സാഹമായിരുന്നു.
ചെറുപ്പത്തില്‍ എനിക്ക് ചെവിയില്‍ നിന്നും പഴുപ്പ് വരുന്ന
അസുഖം ഉണ്ടായിരുന്നു . സ്കൂളില്‍ പോകാന്‍ നേരം ഉമ്മ
കോട്ടന്‍ തുണിയില്‍ പൌഡര്‍ ഇട്ടു ചെറിയ ഉണ്ടകളാക്കി
ചെവിയില്‍ വെച്ച് തരും, ഒന്ന് രണ്ടെണ്ണം പോക്കറ്റിലും ഇട്ടു തരും.
ഈ അസുഖം കാരണം പല കുട്ടികളും എന്നെ അടുത്തിരുത്താന്‍
പോലും മടിച്ചിരുന്നു. മിക്ക കുട്ടികളും ചൌഡലിയാ എന്നാണു
വിളിച്ചിരുന്നത്.
ഈ അസുഖം ഉള്ള ചെവി കുട്ടികള്‍ക്ക് അടുത്ത് വരാത്ത
രീതിയില്‍ ആയിരുന്നു എന്റെ സീറ്റ്.ക്ലാസ്സിലെ ഏതോ
ഒരു കുട്ടി എന്നെ ഇത് പറഞ്ഞു കളിയാക്കിയപ്പോള്‍
അവനുമായി അടികൂടി. ഇതറിഞ്ഞ ക്ലാസ്സ് ടീച്ചര്‍ എന്റെ
ചെവി പിടിച്ചു നുള്ളി മുറിവുണ്ടാക്കി.
പിറ്റേ ദിവസം കുളിപ്പിക്കുമ്പോള്‍ ഉമ്മ ഈ മുറിവ് കണ്ടു പിടിച്ചു.
കാര്യങ്ങള്‍ എല്ലാം അറിഞ്ഞു. അന്ന് സ്കൂളിലേക്ക് ഉമ്മയും
കൂടെ വന്നു. ന്റെ കുട്ടീടെ ചെവി ഇങ്ങിനെ നുള്ളിപറിച്ച
ടീച്ചറെ ഒന്ന് കാണാനും , രണ്ടു വാക്ക് പറയാനും...
"ന്റെ കുട്ടീടെ ചെവി ഇങ്ങനെ നുള്ളി പറിക്കാന്‍ മാത്രം ഒനെന്തു
തെറ്റാ ചെയ്തെ? ങ്ങടെ കുട്ടീടെ ചെവി ഇങ്ങിനെ ചെയ്തു കണ്ടാല്‍ ങ്ങക്ക് സഹിക്കോ ?ങ്ങളും കുട്ട്യോള്‍ടെ തള്ളയല്ലേ ? വികൃതി കാണിച്ചെങ്കി വടി കൊണ്ട്അടിക്കുകയാണ് വേണ്ടത് ?
ഇത്രേം കാലത്തിനിടക്ക് ഞാന്‍ പോലും ന്റെ കുട്ടീടെ മേത്ത്ന്ന്
(ദേഹം) ചോര പൊട്ടിച്ചിട്ടില്ല" ....
ഇതും പറഞ്ഞ് ഉമ്മ മക്കന തലപ്പ് കൊണ്ട് കണ്ണീര്‍ ഒപ്പിയത്
ഞാന്‍ ഇന്നും ഓര്‍ക്കുന്നു. ഒപ്പം ടീച്ചര്‍ തല താഴ്ത്തിയതും...
അനിയന്റെ കുട്ടി സ്ലേറ്റില്‍ എഴുതിയ ഫോട്ടോ കണ്ടപ്പോള്‍
ഞനൊന്നു പോയി ...എന്റെ ഒന്നാം ക്ലാസ്സുകാരനിലേക്ക്..

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ