2015 ഡിസംബർ 9, ബുധനാഴ്‌ച

                           ഭൂമിയുടെ അവകാശികള്‍ 


ഒരു അവധി ദിനം ...
പതിവ് പോലെ രാവിലെ മോനെ മദ്രസ്സയില്‍ കൊണ്ട്                                
പോയ്‌ വിടാന്‍  ബൈക്ക് എടുത്തു ഇറങ്ങിയതെ ഉള്ളൂ.                     
പാപ്പാ ..പാപ്പാ ..വണ്ടി നിര്‍ത്തിം ഞാനൊരു സംഗതി                      
കാണിച്ചു തരാം .                                                                                    
എന്താടാ നേരം വൈകിയ നേരത്ത് ഇജ്ജു എന്ത് സംഗതിയാ             
കണ്ടേ എന്നും ചോദിച്ചു ഞാന്‍ ബൈക്ക് സൈഡാക്കി നിര്‍ത്തി .         
അതാവ്ടെ ഒരു അണ്ണകോട്ട ( അണ്ണാറകണ്ണന്‍ ) കിടക്കുന്നു.                  
മോന്‍ ചൂണ്ടി കാണിച്ച ഭാഗത്തേക്ക് ഞാന്‍ ചെന്ന് അതിനെ                 
കയ്യിലെടുത്തു. ജീവനുണ്ടാകില്ല എന്നാണ് ഞാന്‍ കരുതിയത്‌.                     
പക്ഷെ തൊട്ടു നോക്കിയപ്പോള്‍ ചെറിയ ഒരു മിടിപ്പ് ഉണ്ട്.                 
ഞാന്‍ അതിനെയെടുത്ത് വീട്ടിലേക്കു പോന്നു .                                
കൈ കുമ്പിളില്‍ കുറച്ചു വെള്ളമെടുത്ത് അതിന്റെ ചുണ്ട്              
നനച്ചപ്പോള്‍ അതിന്റെ ചങ്ക് നനഞ്ഞു. എന്റെ മനസ്സും.                          
                                                 
ഇത് കണ്ടു വന്ന ഉമ്മ . ഡാ മാനേ... അയ്ന്റെക്കെ ജീവന്‍                    
പോയിട്ടുണ്ടാകും ഇജ്ജാ കുട്ടിയെ കൊണ്ടാക്കാന്‍ നോക്ക്..                    
ഇല്ല മ്മമ്മാ അത് ചത്തിട്ടില്ല..ഞമ്മക്ക് ഇതിനെ വളര്‍ത്താം                       
പാപ്പാ ...മോന്റെ അഭിപ്രായം കേട്ടപ്പോ എനിക്കും ഒരു പൂതി              
കേറി. അങ്ങിനെ അതിനെ വളര്‍ത്താന്‍ ഞാനും തീരുമാനിച്ചു.                
തല്ക്കാലം അതിനു കൊറച്ചു പാലും പഴവുമൊക്കെ കൊടുത്ത്           
ഒന്ന് ഉഷാറാക്കി എടുത്തു .                                                                          
ടൌണില്‍ പോകാന്‍ ബൈക്ക് എടുത്തു  ഇറങ്ങിയ നേരം മക്കള്‍              
രണ്ടു പേരും ഓടി വന്ന്‍ .. പാപ്പാ വരുമ്പോള്‍ അണ്ണകൊട്ടക്ക്                  
പാര്‍ക്കാന്‍ പറ്റിയ ഒരു കൂട് കൊണ്ട് വരണം.                             
ടൗണില്‍ നിന്നും തിരിച്ചു വരുമ്പോള്‍ എന്റെ കയ്യില്‍ കണ്ട                   
കൂട് കണ്ട് കുട്ടികള്‍ തുള്ളി ചാടി .                            
പിന്നീടുള്ള ദിനങ്ങള്‍ കുട്ടികളും മറ്റുള്ളവരും അതിനെ                            
പരിചരിക്കുന്നതില്‍ അതീവ താല്പര്യം കാണിച്ചു .                                
വളരെ പെട്ടന്ന് തന്നെ വീട്ടിലെ എല്ലാവരുമായും ഇണങ്ങി .                     
കുട്ടികള്‍ കൂടുതല്‍ സമയവും അതിനോടൊത്ത് ചിലവഴിച്ചു.                 
അങ്ങനെ അതിനോടോത്തുള്ള   കൊറേ നല്ല ദിനങ്ങള്‍ കടന്നു പോയി.   
                                                                                                                        
ലീവ് കഴിഞ്ഞ് തിരിച്ചു വരുന്നതിന്റെ തലേ ദിവസം രാവിലെ                 
കണ്ട കാഴ്ച വീട്ടിലെ എല്ലാവരെയും സങ്കടപെടുത്തുന്നതായിരുന്നു.     
എന്താണ് സംഭവിച്ചത് എന്ന് ആര്‍ക്കും അറിയില്ല .                                   
എങ്ങിനെ സംഭവിച്ചു എന്നും  ആര്‍ക്കും അറിയില്ല  .                                
കൂടിനു പുറത്ത് ചോര വാര്‍ന്നു ജീവനറ്റ ആ കുഞ്ഞു അണ്ണാന്‍                
കിടക്കുന്നത് കണ്ട്   എല്ലാവരും ഞെട്ടിപോയ് .കുട്ടികള്‍ കിടക്കാന്‍        
പോകും നേരം അതിനെയെടുത്ത് ഉമ്മ വെക്കല്‍ പതിവുണ്ടായിരുന്നു .  
ഇന്നലെ കൂടിന്റെ കുറ്റി ഇടാന്‍ മറന്നെന്നു തോന്നുന്നു .                            കുട്ടികള്‍ ഈ കാഴ്ച്ച കണ്ട്സങ്കടം സഹിക്ക വയ്യാതെ കരയുന്നത്             
കണ്ടപ്പോള്‍ വീട്ടിലുള്ളവര്‍ക്കും സങ്കടമായി .                                            
വീട് ശരിക്കും ഒരു മരണ വീട് പോലയായി .                                                                                      
എന്തിനാ മാനേ ഈ പാപം വെച്ച് കെട്ടാന്‍ നീ അതിനെ അന്ന്                  
എടുത്തു കൊണ്ട് വന്നത് ? എന്തായാലും അന്റെ ഇന്നത്തെ                      
തിരിച്ചു പോക്കിനെക്കാള്‍ ഞങ്ങള്‍ക്ക് സങ്കടമായി ഈ കാഴ്ച്ച...            
ഉമ്മയുടെ ഈ വാക്കുകള്‍ കൂടി കേട്ടതോടെ അത് വരെ പിടിച്ചു             
നിന്ന എന്റെ കണ്ണും നിറഞ്ഞു.                                                                    
തിരിച്ചു പോരുമ്പോള്‍ എന്റെ മനസ്സ് നിറയെ ആ ഒഴിഞ്ഞ                      
കൂട് ആയിരുന്നു ...                                                                                        
" മനുഷ്യരോട് മാത്രമല്ല മറ്റു ജീവികളോടും നാം കരുണ കാണിക്കണം    
അവരും നമ്മളെ പോലെ ഈ ഭൂമിയുടെ അവകാശികള്‍ ആണ് "                            


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ