കുട്ടിക്കാലം
വീട്ടിലേക്കു വിളിക്കുന്നേരം കുട്ടികളെ ചോദിച്ചാല്‍ ബീവി പറയും
അതാവ്ടെയിരുന്നു ടി വി കാണുന്നു. എപ്പോ ചോദിച്ചാലും ഈ
ഒരുത്തരം തന്നെ. കാരണം സ്കൂള്‍ അടച്ചിരിക്കുവല്ലേ !!!
എന്താടി എതു നേരത്തും ടി വി കാണല്‍ ? വേറെ എന്തെല്ലാം
കളികള്‍ ഉണ്ട് ?
അയ്‌റ്റ അവിടിരുന്നു ടി വി കണ്ടോട്ടെ ! ഒന്നുല്ലേലും വെയിലും
കാറ്റും കൊള്ളൂലല്ലോ... ഇതാണ് ബീവിയുടെ മറുപടി .
എന്നാലും എന്റെയൊക്കെ കുട്ടികാലത്ത് എന്തെല്ലാം തരം കളികള്‍
ആണ് കളിച്ചിരുന്നത് .
ആട്ടക്കളം,പമ്പരം കുത്തല്‍,ഗോട്ടികളി,സാറ്റ് കളി,കണ്ണ് പൊത്തി കളി,
എര്‍ബാള്, സൈക്കിള്‍ വാടകയ്ക്ക്എടുക്കല്‍,ഉപ്പും പക്ഷിം ,...അങ്ങിനെ പോണു കളിയുടെ നിര ...
ഇതിനു പുറമേ കാശുണ്ടാക്കുന്ന പരിപാടികളും ഉണ്ടാകും.
വീടിനു കുറച്ചകലെയായി ഒരു മൂച്ചി തോട്ടം(കശുമാങ്ങ) ഉണ്ട്.
ഞങ്ങള്‍ മാങ്ങ പെറുക്കാന്‍ ഒരു ഗാങ്ങ് ആയി ആണ് പോകുക.
തോട്ടത്തിന് കാവല്‍ക്കാര്‍ ഉണ്ടാകും.
വീണു കിടക്കുന്ന മാങ്ങ പെറുക്കാനെ അനുവാദം ഉള്ളൂ.
കിട്ടുന്ന മാങ്ങയെല്ലാം ഏതേലും ചെടിയിടെ കമ്പില്‍ കോര്‍ക്കും.
എന്നിട്ട് കാവല്‍ക്കാരുടെ ഷേഡിനരികെ കൊണ്ട് വന്നു അവരുടെ
കണ്മുന്നില്‍ വെച്ച് വേണം അണ്ടിയുരിഞ്ഞു കൊടുക്കാന്‍....
എല്ലാം കഴിഞ്ഞു പോരാന്‍ നേരം ഞങ്ങളുടെ ട്രൌസര്‍ പോക്കെറ്റ്
എല്ലാം പരിശോദിച്ചെ വിടൂ. കാരണം അത്രയ്ക്ക് വിശ്വാസമാ ഞങ്ങളെ...
മാങ്ങ പെറുക്കുന്നതിനിടയില്‍ ഞങ്ങള്‍ കുറച്ചു അണ്ടിയുരിഞ്ഞു ചെറിയകവറുകളില്‍ നിറച്ചു തോട്ടത്തിന് പുറത്തേക്ക് ഏറിയും.
വരുന്ന വഴിയില്‍ അതും ഞങ്ങടെ കൂടെ പോരും.അതാണ് കാശുണ്ടാക്കുന്നഒരു പരിപാടി.
പിന്നെ കാശുണ്ടാക്കുന്ന മറ്റൊരു പരിപാടിയാണ് റബ്ബര്‍കുരു പെറുക്കല്‍. ഇതിനു പോകുമ്പോള്‍ ഉമ്മാക്ക് വല്ല്യ സന്തോഷമാണ്.
കാരണം കുരു മാത്രമല്ല പെറുക്കുക കൂടെ അതിന്റെ തോടും പെറുക്കും.
വിറകിനു പകരമായി ഉപയോഗിക്കാന്‍ പറ്റിയ സാധനം ആണ് ഇത്.
റബ്ബര്‍കുരു കനമില്ലാത്തത് കാരണം ഞങ്ങള്‍ ഒരു പരിപാടി ഒപ്പിക്കുമായിരുന്നു.
കൂട്ടത്തില്‍ റബ്ബര്‍കുരുവിന്റെ നിറമുള്ള അതിന്റെ വലിപ്പത്തില്‍ വരുന്ന കല്ലുകള്‍ഇട്ടിട്ടാണ് ഇത് വില്‍ക്കാന്‍ പോകുന്നത്.
പല നാള്‍ കള്ളന്‍ ഒരു നാള്‍പിടിക്കപെടുമല്ലോ!!!
കൂട്ടത്തില്‍ ഒരു ചെങ്ങായിയെ കടക്കാരന്‍ കയ്യോടെ
പിടികൂടി.അങ്ങിനെ ആ പരിപാടിക്ക് തീരുമാനമായി.
മാങ്ങതീറ്റയെല്ലാം കഴിഞ്ഞു ഞങ്ങള്‍ പുല്ലംവളപ്പ് എന്ന സ്ഥലത്ത് കൂടും.
ഇപ്പൊ അവിടെയങ്ങനെ ഒരു ഗ്രൗണ്ട് ഇല്ല. എന്നിട്ട് ഏതേലും കളികള്‍
തട്ടികൂട്ടും. കളിയെല്ലാം കഴിഞ്ഞു ദിവസത്തിന്റെ വെടികെട്ട് പരിപാടിയായനീരാടല്‍. ഹാവൂ അതാണ് പരിപാടി.
ഞങ്ങളുടെ നീരാടലിനുമുന്‍പായി പലരും വേഗം കുളിച്ചു
പോകുന്നത് കാണാം.കാരണം ഞങ്ങള്‍ഇറങ്ങിയാല്‍ പിന്നെ വെള്ളം കലക്കിയ ശേഷം ഞങ്ങടെ കണ്ണുകളും കലങ്ങണം.
"നീരാളികുണ്ട്" എന്നാണ് കടവിന്റെ പേര് കുട്ടികള്‍ പേടിക്കാന്‍ വേണ്ടിയാണോകടവിന് ഈ പേരിട്ടതെന്ന് തോന്നുന്നു.
ഞാന്‍ ഇന്നേ വരെ അങ്ങിനെയൊരു ജന്തുവിനെ അവിടെ കണ്ടിട്ടില്ല.
പുഴയില്‍ നിന്നും കേറാന്‍ വൈകിയാല്‍ തൊട്ടടുത്ത
കടവില്‍ നിന്നും ഉമ്മയുടെ നീട്ടിയുള്ള വിളി വരും .
ഞാനാ വിളിയിലൊന്നും കേറില്ല കാരണം ഉമ്മയുടെ വിളി കേട്ട് കേറിയാല്‍ വീട്ടില്‍ ചെന്നിട്ടുള്ള അടി പിന്നെ ആര് വേടിക്കും...
ആരും ഞമ്മളേയൊന്നും കൊണ്ടോകൂല ന്നാലും ....
"മധുരിക്കും ഓര്‍മ്മകളെ മലര്‍ മഞ്ചല്‍ കൊണ്ട് വരൂ...
കൊണ്ട് പോകൂ ഞങ്ങളെയാ മാഞ്ചുവട്ടില്‍ ... "

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ