2015 ഡിസംബർ 9, ബുധനാഴ്‌ച

                                      ഉച്ചകഞ്ഞി 


പുതിയ ക്ലാസ്സ് തുടങ്ങുന്നേരം  ഉച്ച കഞ്ഞി ആവശ്യമുള്ളവര്‍ 
കൈ പൊക്കുക എന്ന് പറയുമ്പോള്‍ പരമാവധി ഉയരത്തില്‍ 
ഞാന്‍ കൈ പൊക്കി കാണിക്കും. കാരണം ക്ലാസ്സ് മാഷ്‌ 
കൈകള്‍ എണ്ണുന്നത്തിനിടയില്‍ എന്റെ കൈയ്യെങ്ങാനും 
എണ്ണാന്‍ വിട്ടു പോയാലോ എന്ന് പേടിച്ച്. 
സ്കൂളിലേക്ക് പറഞ്ഞു വിടുമ്പോള്‍ ഉമ്മ പറയാറുണ്ട്‌ 
മ്മാടെ കുട്ടി ഉച്ചകഞ്ഞിക്ക് പേര് കൊടുക്കണം ട്ടോ .. 
കൂടെയുള്ള പല കുട്ടികളും കൈകള്‍ പൊക്കാന്‍ മടി 
കാണിക്കുമെങ്കിലും കഞ്ഞിക്കു വിട്ടാല്‍ മുമ്പിലുണ്ടാകും. 
മാഷമ്മാരുടെ മുന്നില്‍ വല്ല്യ വീട്ടിലെ കുട്ടിയാണ് താനൊക്കെ 
എന്ന ഗമ കാണിക്കണം പലര്‍ക്കും . 

കൈ പൊക്കുന്ന കാര്യത്തില്‍ മുന്നിലാണെങ്കിലും കഞ്ഞിക്കുള്ള 
ഫീസ്‌ കൊണ്ട് വരുന്ന കാര്യത്തില്‍ ഞാന്‍ പിന്നിലാകും . 
കാരണം വീട്ടില്‍ നിന്നും കിട്ടാന്‍ വല്ല്യ പാടാ. 
തലേന്ന് രാത്രി ഉമ്മയോട് ചോദിക്കുമ്പോള്‍ പറയും 
മ്മാടെ കുട്ടിക്ക് രാവിലെ തരാ ട്ടോ .. 
രാവിലെ മദ്രസ്സ വിട്ടു വരുമ്പോഴേക്കും ഉമ്മ വടക്കുമ്മലക്ക് 
(മലയുടെ പേര്) വിറകിനു പോയിട്ടുണ്ടാകും. പിന്നെ ഫീസില്ലാതെ 
കരഞ്ഞു കലങ്ങിയ കണ്ണുമായി ഒത്തിരി ദിവസം പോയിട്ടുണ്ട്. 

ഉച്ച കഞ്ഞി നിലവില്‍ വന്ന അന്ന് മുതല്‍ ഇന്ന് വരെയും 
എന്റെ വീടിനു തൊട്ടടുത്തുള്ള കമല ചേച്ചിയാണ് സ്കൂളിലെ 
അടുക്കള ജോലി ചെയ്തിരുന്നത്. അന്നൊക്കെ കഞ്ഞിയും പയറും 
ആണ് എല്ലാ ദിവസവും കിട്ടി കൊണ്ടിരുന്നത്. ഇന്നൊക്കെ 
അതില്‍ നിന്നും മാറ്റം വന്നിരിക്കുന്നു.ഇന്നൊക്കെ എല്ലാ ദിവസവും ചോറ് ആണ്. അത് പോലെ ഓരോ ദിവസങ്ങളിലും മാറി കടലയും 
ചെറുപയറും , പിന്നെ വേറെ എന്തേലും കറിയും ഉണ്ടാകും. 
ഇതൊക്കെ അനുഭവിക്കണമെങ്കി സര്‍ക്കാര്‍ സ്കൂളില്‍ തന്നെ 
പോകണം . 

അഞ്ചാം ക്ലാസ്സ് മുതല്‍ ഉച്ചക്ക് ശേഷമാണ് സ്കൂള്‍ ഉണ്ടായിരുന്നത്. 
അപ്പൊ സ്കൂളിലേക്ക് കുറച്ചു നേരത്തെ വരും . എന്നിട്ട് ചേച്ചിക്ക് 
വെള്ളം കോരി കൊടുക്കാനും പാത്രം കഴുകാനുമൊക്കെ 
സഹായിക്കാന്‍ ഞങ്ങള്‍ ഒരു ടീം തന്നെയുണ്ടാകും. 
അതിനു കൂലിയായി ഞങ്ങളുടെ പാത്രങ്ങളില്‍ ചെറുപയര്‍ 
നിറച്ചു വെച്ചിട്ടുണ്ടാകും. ഇങ്ങനെ കൊണ്ട് പോകുന്ന ഉപ്പേരി 
ആകും രാത്രിക്കും മിക്കവാറും ചോറിനുണ്ടാവുക. 
ഉമ്മ അത് മൂന്നാല് ചെറിയഉള്ളി കൂടി അരിഞ്ഞു തൂമിച്ച് 
ഒന്നൂടെ സ്വാദുള്ളതാക്കി തരും. അതിനൊക്കെ ഒരു പ്രത്യക 
സ്വാദുണ്ടായിരുന്നു ....ഇന്ന് ഓര്‍ക്കുമ്പോഴും ....


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ