2015 ഡിസംബർ 28, തിങ്കളാഴ്‌ച

                                        ഒരു  ജീവിതം 


ഉച്ചയൂണിനു വീട്ടില്‍ വന്നപ്പോള്‍ ഉമ്മയുടെ ചോദ്യം 
മാനേ... എന്തേലും വല്ല വിവരോം ഉണ്ടോ ? 
ഇല്ല ഞാനൊന്നും അറിഞ്ഞില്ല . കൊറേ പേര്‍ പല ഭാഗത്തായി 
തിരഞ്ഞു പോയിരിക്കുന്നു എന്ന് പറഞ്ഞു കേട്ടു . 
എന്താ ചെയ്യാ ...അമ്മാമന്മാരും പിന്നെ അയാളുടെ കയ്യിലുള്ളതും പിന്നെ അവിടന്നും ഇവ്ടെന്നുമൊക്കെ 
ഒരു കൂട്ടിയ പയ്സേം കൊണ്ടാ അയാള് പോയത് . 
ഇന്ന് സ്വര്‍ണ്ണം വാങ്ങാന്‍ പോണം എന്ന് എന്നോട് ഇന്നലെ 
കൂടെ പറഞ്ഞെ ഉള്ളൂ ആ തള്ള . 
എന്നാലും സ്വന്തം തന്തക്ക്‌ ഇത് ചെയ്യാന്‍ എങ്ങനെ തോന്നി ഇത്രേം വല്ല്യൊരു കടും കൈ. 
ന്നാലും ഇത് വരീം ആ മന്സനെ പറ്റി ഒരാള് കുറ്റം പറയുന്നത് 
ഞാന്‍ ഇന്നേ വരെ കേട്ടിട്ടില്ല .ഇതിപ്പോ എന്ത് പറ്റ്യാവോ അയാള്‍ക്ക്‌ . ഈ പെണ്ണിന്റെ കല്യാണം കൂടെ കേയ്ഞ്ഞാല് 
അയ്റ്റ രക്ഷപെട്ടു . ഉമ്മ ഇത്രെയും പറഞ്ഞു ദീര്ഗ്ഗശ്വാസം വിട്ടു. 

എന്റെ വീടിന്റെ കുറച്ചകലെയാണ് വാപ്പുട്ട്യാക്കയുടെ വീട് . 
മൂന്ന് മക്കള്‍ . ഒരാണും രണ്ടു പെണ്ണും .മൂത്തതിനെ കെട്ടിച്ചു. 
ഇളയവളടെ കല്യാണം ഉറപ്പിച്ചു വെച്ചിരിക്കുന്നു . 
കല്യാണത്തിനുള്ള സ്വര്‍ണ്ണം വാങ്ങാന്‍ കരുതി വെച്ച പൈസയും  
കൊണ്ട് പുള്ളി ആരോടും മിണ്ടാതെ മുങ്ങി . 
കൂലി പണിയാണ് തൊഴില്‍ . അതും മിക്കവാറും കൊറച്ചു 
ദൂരെയുള്ള സ്ഥലങ്ങളില്‍ പോയ്‌ ചെയ്യുകയാണ് പതിവ് . 
മാസത്തില്‍ രണ്ടോ മൂന്നോ തവണ മാത്രമേ വീട്ടില്‍ വരാറുള്ളൂ . 
ഒരു ദുശ്ശീലങ്ങളും ഇല്ലാത്ത  പാവം മനുഷ്യന്‍ . 

ആദ്യ ദിവസം ഒരു വിവരവുമില്ലാതെ കടന്നു പോയ്‌. 
പിറ്റേ ദിവസം അയാള്‍ ജോലി ചെയ്തിരുന്ന സ്ഥലം അന്ന്വഷിച്ചു
പോയപ്പോള്‍   അവിടെ നിന്നും കിട്ടിയ വിവരം 
അയാള്‍ കോഴിക്കോട് ഒരു ആശുപത്രിയില്‍ ഉണ്ടെന്നാണ് . 
അയാളുടെ അളിയനും പിന്നെ രണ്ടു നാട്ടുകാരും ചേര്‍ന്നാണ് 
ആശുപത്രിയിലേക്ക് പോയത് . 

 നീണ്ട തിരച്ചിലിനൊടുവില്‍ അയാളെ 
കണ്ടു പിടിച്ചു . വാര്‍ഡില്‍ വരി വരിയായി ഇട്ടിരിക്കുന്ന 
ഒരു കട്ടിലില്‍ അയാള്‍ ഇരിക്കുന്നു . കൂടെ ഒരു സ്ത്രീയും 
ഉണ്ട്. കട്ടിലില്‍ ഏകദേശം അഞ്ചു വയസ്സ് തോന്നിക്കുന്ന 
ഒരു പെണ്‍കുട്ടി കിടക്കുന്നു . രണ്ടു പേരുടെയും മുഖത്ത് 
ദുഖം തളം കെട്ടി നില്‍ക്കുന്നു . ചെന്നപാടെ അളിയന്റെ വക 
കരണകുറ്റിക്കുള്ള അടിയായിരുന്നു . ഓര്‍ക്കാപുറത്തുള്ള 
അടിയായത് കൊണ്ട് അയാള്‍ തറയില്‍ വീണു . 
പട്ടി പൊലയാടി മോനെ ...                                                                       
നീ ഏത് മറ്റവള്‍ക്കു ഉണ്ടാക്കാനാ പൈസയും എടുത്തു മുങ്ങിയത് ? ഇതും പറഞ്ഞു അളിയന്‍ ചവിട്ടുംപോഴേക്കും ആ സ്ത്രീ അയാളുടെ    
കാലില്‍ വീണിരുന്നു . 
ന്നെ ങ്ങള് എന്ത് വേണേലും ചെയ്തോളീം... ആ കട്ടിലില്‍ 
കിടക്കുന്ന കുട്ടിയെ ഓര്‍ത്തെങ്കിലും മൂപ്പരെ ങ്ങള് വെറുതെ വിടിം... 
അവിടെ ഒരു കുട്ടിയുടെ ജീവിതമാണെങ്കില്‍ ഇവിടെ മൂപ്പരുടെ 
തന്നെ ചോരയില്‍ ഉണ്ടായ മറ്റൊരു കുട്ടിയുടെ ജീവനാണ് ...                    
ഇത്രയ്യും പറഞ്ഞു ആ സ്ത്രീ പൈസയെടുത്ത്‌ അവരുടെ                          
കാല്‍ക്കല്‍ വെച്ച് കൊടുത്തു.                                                                       
                                                                                                                        
                                                                               
ആ സ്ത്രീയുടെ കരഞ്ഞു കൊണ്ടുള്ള ഈ വാക്കുകള്‍ കേട്ടപ്പോള്‍ 
എന്തോ പന്തികേടുണ്ടെന്ന് അളിയനും കൂട്ടര്‍ക്കും മനസ്സിലായി . 
വര്‍ഷങ്ങള്‍ക്കു മുന്‍പ് ജോലി ചെയ്തിരുന്ന സ്ഥലത്ത് നിന്നും 
കല്യാണം കഴിച്ചതാണ് ഈ സ്ത്രീയെ . അതില്‍ അഞ്ചു വയസ്സായ 
ഒരു പെണ്‍കുട്ടിയുണ്ട് . ഈ കുട്ടിക്ക് വാള്‍വിന് ഒരു തകരാര് 
ഉണ്ട്. പെട്ടന്ന് ഓപ്പറേഷന്‍ ചെയ്തില്ലേല്‍ കുട്ടിയുടെ ജീവന്‍ തന്നെ 
അപകടത്തിലാകുമെന്ന കാര്യം കേട്ടതോടെ അളിയനും കൂട്ടരും 
ആകെ ആശയകുഴപ്പത്തിലായി.കല്യാണത്തിനുള്ള വഴി വേറെ 
നോക്കാം. ആദ്യം ജീവന്‍ രക്ഷിക്കാന്‍ നോക്കാം പിന്നയല്ലേ 
ജീവിതം. പിന്നെ അവരും കൂടെ മുന്കയ്യെടുത്ത് കാര്യങ്ങളെല്ലാം 
ചെയ്തു കൊടുത്തു...
                                                                            


                                          കുട്ടിപ്പട്ടാളം 


എല്ലാരും കണ്ടോളിം പാണ്ടിയത്തിന്റെ                                        
കുട്ടി പട്ടാളം ...                                                                         
ഇഞ്ഞിണ്ട്..!! ഇരിക്കാന്‍ സ്ഥലമില്ലാതെ                                                
മാറ്റി നിര്‍ത്തിക്കുവാ ...


                                ലൈക്ക്  പ്രക്രിയ 


ഒരാളുടെ പോസ്ടിനോട് ചെയ്യാന്‍ 
പറ്റുന്ന ഏറ്റവും വലിയ ക്രൂരത.
അത് വായിക്കാതെ ലൈക്‌ ചെയ്ത് പോകുന്നത്.
ന്താ #ശരി അല്ലെ 
_________________________________
കുറച്ചു ദിവസം മുമ്പ് ഉണ്ടായ സംഭവം.
റികൊസ്റ്റ് വന്നപ്പോള്‍ ഞാന്‍ അയാളുടെ വാളില്‍ 
കേറി നോക്കി. മ്യുച്ചല്‍ കണ്ടപ്പോള്‍ കൂടെ കൂട്ടി.
സാധാരണ ഇങ്ങിനെ ചെയ്യുമ്പോള്‍ പരസ്പരം 
പ്രൊഫൈല്‍ ഫോട്ടോക്കും അന്നത്തെ ദിവസം ചെയ്ത 
വല്ല പോസ്റ്റും വായിച്ച് ലൈക്‌ കൊടുക്കല്‍ ഒരു മര്യാദ.

ഞാന്‍ ഇയാളെ ആഡ് ചെയ്തതും എന്റെ വാളില്‍ 
കേറി പിന്നെ ഒരു നിരങ്ങല്‍ ആയിരുന്നു.
ആന കരിമ്പിന്‍ കാട്ടില്‍ കേറിയത് പോലെ 
എന്നൊക്കെ പറയാറില്ലേ. ഇത് അതിനേം മലര്‍ത്തിയടിച്ചു.
മിനുട്ടുകള്‍  കൊണ്ട് ഞാന്‍ ഇത് വരെ എഴുതിയ 
എല്ലാ രചനകള്‍ക്കും, ഫോട്ടോകള്‍ക്കും ലൈക്‌ അടിച്ച് 
ഈ ചെങ്ങാതി ഇറങ്ങി പോയി.

ഇക്കാര്യം ഞാന്‍ ഇന്ബോക്സ്സില്‍ ചെന്ന് പറഞ്ഞപ്പോള്‍ 
അവിടെന്നും കിട്ടി ഒരു  ലൈക്‌ 
ഇതിനേക്കാള്‍ രസം പിന്നെ ഞാന്‍ ചെയ്ത ഒരു 
പോസ്റ്റുകളുടെയും ഏഴയലത്ത് പോലും ഈ ചെങ്ങാതിയെ 
കണ്ടില്ല എന്നതാണ്.
ഫീലിംഗ് : ന്നാലും ന്നോട് .........

                                        സൗഹൃദങ്ങള്‍ 


നാല്‍വര്‍ സംഘം ജുബൈലില്‍
--------------------------------------------
പെരുന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി 
റിയാദില്‍ നിന്നും ഇറങ്ങി തിരിച്ച നാല്‍വര്‍ 
സംഘം ഇന്നലെ ഉച്ച കഴിഞ്ഞു എന്നെ വിളിച്ചു.

ഞാന്‍ ഡ്യൂട്ടിയില്‍ ആണെന്നും, ഇറങ്ങാന്‍ ഒരു രക്ഷയും 
ഇല്ലെന്നും പറഞ്ഞപ്പോള്‍...
ഓ ..അതൊന്നും സാരമില്ല ഞങ്ങള്‍ അങ്ങോട്ട്‌ വന്നോളാം 
എന്ന് പറഞ്ഞു ഈ സുമനസ്സുകള്‍.

ഇവരില്‍ ആരെയും നിങ്ങള്ക്ക് പരിചയപ്പെടുത്തേണ്ട
കാര്യം ഇല്ല.കാരണം എന്റെ സൗഹൃദത്തില്‍ ചേരുന്നതിനു
മുന്‍പ് തന്നെ ഇവരില്‍ പലരും നിങ്ങളുടെ കൂടെ ഉള്ള
ആളുകള്‍ ആണ്.

ഞങ്ങള്‍ ചേര്‍ന്നുള്ള ഈ സുവര്‍ണ്ണ നിമിഷങ്ങള്‍ 
ഒരു കാലത്തും ഈ  മനസ്സില്‍ നിന്നും മായുകയില്ല...
ഈ സന്തോഷം എല്ലാവരോടും പങ്കിടുന്നു...




                                    മുടന്തന്‍  ഞ്യായം 


ചില വെള്ളിയാഴ്ചകളില്‍ പള്ളി പിരിഞ്ഞു പോരുമ്പോള്‍ 
ഞങ്ങള്‍ പുറത്തു നിന്നും ഫുഡ്‌ കഴിക്കല്‍ പതിവാണ്.
ഇന്ന് തിരിച്ച് വരുമ്പോള്‍ സാധാരണ ഇല്ലാത്ത ഒരാള്‍ 
വണ്ടിയില്‍ ഉണ്ടായിരുന്നു. പതിവ് പോലെ ഞാന്‍ ചോദിച്ചു,,

ഇന്ന് ഞമ്മക്ക് ഇല ചോറ് ഉണ്ണാന്‍ പോയാലോ ?

കേട്ടതും പിറകില്‍ നിന്നും ഇയാള്‍ ,,,
ഏയ്‌ ഞാനില്ല, അടിപൊളി ഫുഡ്‌ ക്യാമ്പില്‍ ഉണ്ടാകുമ്പോള്‍ 
എന്തിനാണ് ഭായ് ,,പോരാത്തതിന് നമ്മള്‍ കഴിചില്ലേല്‍ 
ആ ഫുഡ്‌ ബാക്കിയാകില്ലേ,, ങ്ങളൊന്നു ചിന്തിച്ചിട്ടുണ്ടോ 
എത്രയെത്ര ആളുകളാ ഗാസയില്‍ ഫുഡ്‌ കിട്ടാതെ 
പട്ടിണി കിടക്കുന്നെ ? ഇയാള്‍ ന്നോട് ചൂടായി പറഞ്ഞു,,

ന്റെ ഭായ് ,,,നമ്മള്‍ രണ്ടു പേരുടെ ഫുഡ്‌ ബാക്കിയാക്കി 
എന്നും വെച്ച് ഗാസയിലെ കുട്ടികളുടെ വിശപ്പ്‌ മാറുമോ ?
ഇല്ലല്ലോ ? നമ്മുക്ക് ആകെ ചെയ്യാന്‍ പറ്റുന്ന കാര്യം 
അവര്‍ക്ക് വേണ്ടി പ്രാര്‍ഥിക്കുക , പിന്നെ  ഗാസയിലേക്ക് 
വല്ല ഫണ്ട് പിരിവും ഉണ്ടേല്‍ അതില്‍ പങ്കെടുക്കുക...
അല്ലാതെ നിങ്ങളീ പറയുന്നതിലൊന്നും കാര്യമില്ല,,,
ഞാനും വിട്ടു കൊടുത്തില്ല,,

തര്‍ക്കം നടക്കുന്നതിനിടയില്‍ ഞാന്‍ ഡ്രൈവറെ ഒന്ന് 
തോണ്ടി ,, വണ്ടി ഹോട്ടലിലേക്ക് വിടാന്‍ സിഗ്നല്‍ കൊടുത്തു  ,,

ഹോട്ടലിനു മുന്നിലെത്തിയപ്പോള്‍ മൂപ്പര്‍ക്ക് വണ്ടിയില്‍ 
നിന്നുമിറങ്ങാനൊരു മടി,,,
വെരിം ഭായ് ,,,ങ്ങള് വന്നു കഴിച്ചാല്‍ മതി ,,കാശൊക്കെ 
ഞമ്മള് കൊടുത്തോളാം ,,, ഡ്രൈവറുടെ വാക്കുകള്‍
കേട്ടപ്പോള്‍ മൂപ്പര്‍ അര മനസ്സില്‍ വണ്ടിയില്‍ നിന്നുമിറങ്ങി.

ഫുഡ്‌ എല്ലാം കഴിഞ്ഞു വന്ന് ഡ്രൈവര്‍ മൂപ്പരുടെ കാശ് 
കൊടുക്കുമ്പോള്‍ പിറകില്‍ നിന്നും ഒരു ഏമ്പക്കം കേട്ട് 
ഞാന്‍ തിരിഞ്ഞു നോക്കി ,,,കാറില്‍ വീരവാദം മുഴക്കിയ
ആള്‍ ചിരിച്ചു കൊണ്ട് നില്‍ക്കുന്നു ,,

സത്യത്തില്‍ മൂപ്പരുടെ കയ്യില്‍ കാശില്ല ,,
അല്ലേല്‍ ചിലവാക്കാനുള്ള മടി ,,
ഇത് പോലെ കുറെ  ആളുകള്  ഉണ്ട് നമ്മുടെ ഇടയിലും,,

ചുമ്മാ മുട്ടി ഞ്യായം പറഞ്ഞു കൊണ്ട്,,,,,,


                            ജേഷ്ഠനും, അനിയനും 


പെരുന്നാള്‍ ദിനത്തിലെടുത്ത കുറച്ചു ഫോട്ടോകള്‍ 
വീട്ടിലേക്കു വാട്സ്അപ്പില്‍ അയച്ചിരുന്നു.
ഉമ്മയോട് സംസാരിക്കുന്നതിനിടയില്‍ ഞാന്‍ പറഞ്ഞു,

ഉമ്മാ ഞങ്ങള്‍ ഇവിടെയെടുത്ത ഫോട്ടോകളെല്ലാം 
നെറ്റ് ഫോണിലേക്ക് അയച്ചിട്ടുണ്ട്,, ങ്ങള് കണ്ടോ അതെല്ലാം...

എന്റെ ഈ വാക്കുകള്‍ക്ക് മറുപടിയായി കുറച്ചു നേരം 
നിശബ്ദതയും പിന്നെ ഉമ്മയുടെ തേങ്ങലും ആയിരുന്നു.
ഉമ്മാ ,,, ങ്ങള്പ്പോ അയ്നെന്തിനാ കരയിണേ..

ങ്ങള് മൂന്നാളും ഇവടെ കെയ്ഞ്ഞീന്ന പോലെ തന്നെ 
അവടീം കേയ്യിണു എന്ന് കേക്കുമ്പോഴും, കാണുമ്പോഴും 
ഈ ഉമ്മാക്ക് ഭയങ്കര സന്തോഷാ ഡാ... 

അപ്പൊ ഈ കണ്ണീരിന്റെ പേരാകും ല്ലേ "സന്തോഷകണ്ണീര്‍"

ന്നെ ങ്ങക്ക് എല്ലാര്‍ക്കും മനസിലായില്ലേ..
ആദ്യഫോട്ടോയുടെ 
നടുവില്‍ ജേഷ്ടന്‍ Musthafa Pandiyath​ ഇവിടെ ജുബൈലില്‍ ഒരു 
കമ്പനിയില്‍ ഇലക്ട്രീഷ്യന്‍ ആയി ജോലി ചെയ്യുന്നു.
വലത്ത് ഇരിക്കുന്നത് അനിയന്‍ Salim Pandiyath​ ആണ്,
ജുബൈലില്‍ തന്നെ മൊബൈല്‍ മാര്‍കറ്റില്‍ 
മൊബൈല്‍ ഷോപ്പ് നടത്തുന്നു ...




                                      കുട്ടിക്കാലം 


എന്റെയോര്‍മ്മയില്‍ നാട്ടിലെ ആദ്യ സൈക്കിള്‍ 
കട രാമന്‍കുട്ടി ഏട്ടന്റെ ആണ്. പ്രത്യകിച്ച് ഷെഡ്‌ 
ഒന്നും ഇല്ല. ഒരു മരത്തിന്റെ ചുവട്ടില്‍ രണ്ടോ ,മൂന്നോ,
സൈക്കിളുമായി ഇരിക്കും, ഉള്ള സൈക്കിള്‍ മുഴുവന്‍ 
വലിയ വണ്ടി ആയിരിക്കും, അന്നത്തെ എന്റെ ഭാഷയില്‍ 
പറഞ്ഞാല്‍ ഒരു വണ്ടി.

ഒരു വണ്ടി, മുക്കാ വണ്ടി, അര വണ്ടി, കാ വണ്ടി,,,
ഇങ്ങിനെയാണ്‌ സൈക്കിളിനെ തരം തിരിച്ചിരിക്കുന്നത്.
എങ്ങിനേലും സൈക്കിള്‍ ചവിട്ടു പഠിക്കണം എന്ന് മൂത്ത് 
നടക്കുന്ന കാലം, വലിയ വണ്ടിയില്‍ പഠിക്കുന്ന കാര്യം 
കഷ്ടമാ,,, കാരണം അത് കുട്ട്യോള്‍ക്ക് വാടകയ്ക്ക് തരൂല.
പിന്നെ കിട്ടിയാല്‍ തന്നെ കാലും എത്തൂല,,, 

അങ്ങിനെയെരിക്കെ നാട്ടില്‍ പുതിയ സൈക്കിള്‍ കട തുറന്നു.
അവിടെയാണെങ്കി ഈ പറഞ്ഞ എല്ലാ മോഡല്‍ സൈക്കിളും 
ഉണ്ടായിരുന്നു. മണിക്കൂറിനു ഒരു രൂപ, അതും പോരാ 
എടുക്കാന്‍ പോകുന്ന ആള്‍ക്ക് ചവിട്ടു അറിയണം, 
പോരാത്തതിന് പരിചയവും വേണം ,,,

കിട്ടുന്ന കാശൊക്കെ മുട്ടായിയും, ഐസും വേടിച്ചു തിന്നിരുന്ന ഞങ്ങള്‍ പിന്നെ കാശു ഒരുകൂട്ടലായി, ഒരു രൂപ തികച്ച് 
ആയാല്‍ അപ്പൊ ഓടും സൈക്കിള്‍ ഷോപ്പിലേക്ക്.
സൈക്കിള്‍ ചിവിട്ടി പോകുന്ന വഴിയില്‍ ആരെ കണ്ടാലും 
ചോദിക്കും "ഏട്ടാ സമയമെത്രയായി ? കയ്യില്‍ വാച്ച് ഉണ്ടോന്നു 
പോലും നോക്കാറില്ല. കാരണം ഒരു മിനുട്ട് പോലും 
കൂടിയാല്‍ കടക്കാരന്‍ വിടില്ല . ഒരിക്കല്‍ കള്ളുഷാപ്പില്‍ 
നിന്നും വരുന്ന എട്ടനോടാണ് സമയം ചോദിച്ചത്. 
പുള്ളി സമയം തെറ്റി പറഞ്ഞു. പിന്നത്തെ കാര്യം കട്ടപൊക!!!

പകലിലെ ഈ മണിക്കൂര്‍ പരിപാടിയേക്കാള്‍ ലാഭം ആണ് 
രാത്രി സൈക്കിള്‍ എടുക്കുന്നത് എന്ന് ഞങ്ങള്‍ക്ക് വൈകിയാണ്
മനസിലാക്കിയത്, പക്ഷേങ്കി നിലാവെളിച്ചം ഉള്ള ദിവസം 
നോക്കണം, നിലാവുള്ള ദിവസം ഉമ്മയോട് ചോദിച്ചു 
സൈക്കിള്‍ ബുക്ക്‌ ചെയ്യണം, വ്യാഴാഴ്ച ദിവസവും നോക്കണം.
കാരണം വെള്ളിയാഴ്ച മദ്രസ്സ ഇല്ലാത്തത് കൊണ്ട് രാവിലെയും 
കുറച്ചു നേരം സൈക്കിള്‍ ചവിട്ടാം. ഒരിക്കല്‍ ഇത് പോലെ 
കൊണ്ട് വന്നിട്ട് നിലാവ് ഞങ്ങളോട് പിണങ്ങി പോയി.
അന്ന് ഞാന്‍ ഉമ്മയെ ഒത്തിരി പ്രാകിയിരുന്നു...

ഒരു ദിവസം ചര്‍ച്ചക്കിടയില്‍ ഞാന്‍ പറഞ്ഞു,,,
എന്തായാലും ഓലുക്ക് ഇപ്പൊ നല്ല ചൊള്ളയാ,,,
ഒരു സൈക്കിളില്‍ നിന്ന് തന്നെ ഒരീസം നൂറുറുപ്പിയെലും 
കിട്ട്ണ്ണ്ടാകും ല്ലേ ?
ഇത് കേട്ട മറ്റൊരുത്തന്‍ ,,, ഏയ്‌ നൂറൊന്നും പോര 
ചെങ്ങായ്മാരെ,,, എങ്ങിനേം ഒരഞ്ഞൂറുറുപ്പിയെലും
കിട്ടും,,എപ്പോ നോക്കിയാലും ഒരു ഒയിവും ഇല്ലല്ലോ ,,,
ഞങ്ങളുടെ ഈ മണ്ടന്‍ സംഭാഷണങ്ങള്‍ ശ്രദ്ധിച്ചിരുന്ന 
ഒരാള്‍ ചിരിച്ചു കൊണ്ട് പറഞ്ഞു,,,
അതെങ്ങിനെയാ മക്കളെ കിട്ടുക ? ഒരു ദിവസം 24 മണിക്കൂര്‍ 
അല്ലെ ഉള്ളൂ,, മണിക്കൂറിന് ഒരു രൂപ വെച്ച് നോക്കിയാല്‍ 
24 രൂപയെ കിട്ടുകയുള്ളൂ ...
ഇത് കേട്ട ഞങ്ങള്‍ പരസ്പരം വായും പൊളിച്ചു നിന്നത് 
ഇന്നോര്‍ക്കുമ്പോള്‍ ഒരു രസം തന്നെയാണേ!!!


                                 നിയമസഭ 


ഏഷ്യാനെറ്റ്‌ ന്യൂസ്‌ വായനക്കിടയില്‍
അളകനന്ദക്ക് ചിരി വന്നു 
////////////////////////////////////////////////////////
ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ മന്ത്രി സഭയില്‍
ഉള്‍പ്പെടുത്തരുത്  : സുപ്രിം കോടതി.
----------------------------------------------------


                                          കൂടിക്കാഴ്ച 


എഴുത്തിനും വായനക്കും അക്ഷരങ്ങള്‍ക്കും അപ്പുറം ഊഷ്മള സൌഹൃദത്തിന്റെ വിശാലമായ ഒരു ആകാശം കൂടി തുറന്നു തരുന്നുണ്ട് ഈ നവ മാധ്യമം . ജീവിക്കുന്നയിടത്തെ ഇത്തിരി സൌഹൃദങ്ങള്‍ക്കപ്പുറം തികച്ചും 'ശൂന്യ'മായിരുന്ന ഒരു കാലം കടന്നു ഇന്ന് ലോകത്തിന്റെ ഏതു കോണിലും നമുക്ക് ആള്ക്കാരുണ്ട് . കൂട്ടുകാരുണ്ട് . അതിരുകളും സീമകളും ഭൂഖണ്ഡങ്ങളും കടന്നു ലോകം മുഴുവന്‍ ഇന്ന് ആ ശൃംഖല വ്യാപിച്ചു കിടക്കുന്നു .

ഫേസ് ബുക്കില്‍ എഴുതി തുടങ്ങിയ കാലം തൊട്ടേ ഒപ്പം കൂടിയ ഒരു കൂട്ടുകാരനാണ് ബഷീര്‍ പണ്ടിയത്ത് . നല്ല വായനക്കാരനും മികച്ച ചില പോസ്റ്റുകളുമായി നമ്മെ വിസ്മയിപ്പിക്കുകയും ചെയ്ത ബഷീറിന്റെ
പ്രത്യേകത എല്ലാ ചെറുകിട വന്‍കിട എഴുത്തുകാരെയും ഒരേപോലെ പ്രോത്സാഹിപ്പിക്കുകയും നിരന്തരം വായിക്കുകയും ചെയ്യുന്നു എന്നതാണ് . ബഷീറിന്റെ ലൈക്കോ കമന്റോ കിട്ടാത്ത അദ്ദേഹത്തിന്‍റെ ഫ്രണ്ട് ലിസ്റ്റിലുള്ള ആരും ഉണ്ടാവില്ല തന്നെ .

എല്ലാവരെയും വായിക്കുകയും എല്ലാവരെയും നന്നായി പരിഗണിക്കുകയും എല്ലാവരെയും പ്രോത്സാഹിപ്പിക്കുകയും
ചെയ്യുക എന്നതാണ് ബഷീറിന്റെ അനിതര സാധാരണമായ പ്രത്യേകത .

സൌഹൃദ ചിത്രങ്ങള്‍ പോസ്റ്റ്‌ ചെയ്യുമ്പോഴൊക്കെ അദ്ദേഹം അതിനു കീഴെ വന്നു പറയും . ഒരു ദിവസം നമ്മളും തമ്മില്‍ കാണും . അതിനു അള്ളാഹു തൗഫീഖ് ചെയ്യട്ടെ .

ആ പ്രാര്‍ത്ഥന ഇന്നലെ വിശുദ്ധ മണ്ണില്‍ പരിശുദ്ധ കഅബാലയത്തിന്റെ
കണ്മുമ്പില്‍ മസ്ജിദുല്‍ ഹറമിന്റെ മുറ്റത്തു വെച്ച് സാക്ഷാത്ക്കരിച്ചു .

നാം എപ്പോള്‍ എവിടെ ഏതു രീതിയിലാണ് കണ്ടു മുട്ടുക എന്ന് ആര്‍ക്കും മുന്‍കൂട്ടി നിശ്ചയിക്കാനാവില്ല എന്നും ഒരാളെ നമുക്ക് കാണണം എന്ന അതിയായ ആഗ്രഹം ഉണ്ടെങ്കില്‍ അത് എന്നെങ്കിലും സംഭവിച്ചിരിക്കും എന്നതിന്റെയും ഏറ്റവും പുതിയ തെളിവായിരുന്നു ഇന്നലത്തെ ഞങ്ങളുടെ സമാഗമം .

നാട്ടില്‍ നിന്ന് ഉമ്മ ഉമ്രക്കു വരുന്നുണ്ട് എന്നും ഉമ്മ വരുമ്പോള്‍
ഉമ്മയോടൊപ്പം ഹറമില്‍ കുറച്ചു ദിവസം ചെലവഴിക്കാന്‍ ഞാനും ജുബൈലില്‍ നിന്ന് മക്കത്തേ ക്ക് വരുമെന്നും ബഷീര്‍ പറഞ്ഞിരുന്നു .

ജിദ്ദയിലേക്ക് വരാന്‍ അതിയായ ആഗ്രഹം ഉണ്ട് എന്നും പരമാവധി വരാന്‍ ശ്രമിക്കാം എന്നും കൂട്ടത്തില്‍ അദ്ദേഹം പറഞ്ഞു .
അന്നേരം ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു . ഹറമില്‍ പരമാവധി ഉമ്മയോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കുക . ജിദ്ദ യിലേക്ക് വന്നു പോകുന്നത് ഒരു പാട് സമയ നഷ്ടം ഉണ്ടാക്കും .

തദടിസ്ഥാനത്തില്‍ ബഷീറിനെ ഇങ്ങോട്ട് വരുത്തുന്നതിലേറെ അങ്ങോട്ട്‌ പോയി കാണുകയാവും ഏറെ നല്ലത് എന്ന് ഞാനും നെല്ലിച്ചോടും തീരുമാനിക്കുകയായിരുന്നു .

അങ്ങനെ ഞങ്ങള്‍ മക്കയിലെത്തുമ്പോള്‍ ജിദ്ദയില്‍ നിന്ന് മറ്റൊരാള്‍ കൂടി അദ്ദേഹത്തെ കാണാനെത്തിയിരുന്നു . ഹംസ കരിമ്പില്‍ പുല്ലത്തീല്‍ .
അപ്പോഴേക്കും മക്കയില്‍ തന്നെയുള്ള അബ്ദുല്‍ ഗനിയും എത്തി ച്ചേര്‍ന്നു .

ഏറെ നേരത്തെ സംസാരത്തിനും ആലിംഗനത്തിനും സ്നേഹ പ്രകടങ്ങള്‍ക്കും ശേഷം യാത്ര പറഞ്ഞു പോരുമ്പോള്‍ ഞാനോര്‍ക്കുകയായിരുന്നു . ഓരോ സൌഹൃദത്തിനും ഓരോ തരത്തിലുള്ള ഊഷ്മളതയാണ് സമ്മാനിക്കാനാവുക
പക്ഷേ ഫേസ് ബുക്ക്‌ സൌഹൃദത്തിന് അനിര്‍വചനീയമായ
വല്ലാത്ത ഇഴയടുപ്പമുള്ള , തീവ്രവും ഹൃദയം തൊടുന്നതുമായ
അനുഭൂതി പകരുന്ന ഒരു പ്രത്യേക സൌഹൃദമാണ്
സമ്മാനിക്കാനാവുക .

എവിടെ യോ , ഭാഷക്കും ദേശത്തിനും അപ്പുറം ആരൊക്കെയോ നമ്മുടെ കൂടെ എ പ്പോഴും ഉണ്ട് എന്നും ലോകത്തിന്റെ ഏതൊരു കോണിലും നമ്മെ അറിയുന്ന , ഇഷ്ടപ്പെടുന്ന , വായിക്കുന്ന , നമ്മോടു സംവദിക്കുന്ന , ആശയ വിനിമയം നടത്തുന്ന കുറച്ചു നല്ല മനസ്സുകളുണ്ടല്ലോ എന്ന സന്തോഷവും ആണ് ഈ മാധ്യമം നമുക്ക് സമ്മാനിച്ച ഏറ്റവും വലിയ അനുഗ്രഹം എന്ന് എനിക്ക് തോന്നുന്നു .

ഒരു പാട് ആളുകളെ നേരിട്ട് കാണാനായി . ഇനിയും കാണാനുണ്ട് കുറെ പേരെ .എന്നെങ്കിലും ഒരിക്കല്‍ തീരെ പ്രതീക്ഷിക്കാത്ത , ഒരിടത്ത് വെച്ചും ഒരു ദിവസം നമുക്കും കാണാം . കാണണം .
ഇന്നല്ലെങ്കില്‍ നാളെ ..


                                                            പോയ വര്‍ഷം

പ്രിയ സുഹൃത്തുക്കളെ !!
ഇതാണ് പിന്നിടുന്ന  വര്‍ഷം ഞാന്‍ ചെയ്ത  
കലാ പരിപാടികള്‍,,
നിങ്ങള്‍ നെഞ്ചിലേറ്റിയ പോസ്റ്റുകളും ഉണ്ട്.
എനിക്ക് ഇഷ്ട്ടപ്പെട്ട ഫോട്ടോ ഇടാന്‍ കുറച്ചു 
ദുട്ട് മുടക്കി ഈ ഞ്യാന്‍ !!!
സ്നേഹത്തോടെ ........

നിങ്ങളുടെ സ്വന്തം : ബഷീര്‍ പാണ്ടിയത്ത്


                                      ന്റെ തത്ത 


പച്ചോലകള്‍ക്കിടയില്‍ 
എന്റെ പച്ചപനം തത്ത



2015 ഡിസംബർ 27, ഞായറാഴ്‌ച

                                പാവം  പ്രവാസി 


നാട്ടിലെ  പ്രിയ സുഹൃത്തുക്കളുടെ വാക്കുകള്‍ !!!

ഇജ്ജെന്താങ്ങായ് പോവാത്തെ ? 
കൊടുന്ന പൈസ കേയ്ഞ്ഞിലാ ല്ലേ ?
അന്നേ രണ്ടീസം കാണാത്തപ്പോ ഞാന്‍ കരുതീ
ഇജ്ജ് പോയീന്ന് ?
ഇബടെ കിടന്നു കറങ്ങാതെ ഗള്‍ഫീ പോയ്‌
അറബീടെ തല്ല് കൊള്ളെഡാ ?
കൊടുന്നത് കെയ്ഞ്ഞിലെങ്കി കൊറച്ചു 
ഞമ്മക്കും താടാ ?

എല്ലാവരുടെയും സ്നേഹ വാക്കുകള്‍ക്ക്
വിരാമമിട്ട് കൊണ്ട് ഞാനിങ്ങു പോന്നൂ....

                                             പുഞ്ചിരി 


ലുബ്ന 
സാബിത്ത് 
സന  
മൂന്ന് പേര്‍ക്കും ചിരി മുട്ടി നിക്കുവാ...





                              കോതമംഗലം ബസ്സപകടം 



കോതമംഗലം നെല്ലിമറ്റത്ത് വെച്ച്
ബസ്സിന് മുകളില്‍ മരം വീണ് 5 കുട്ടികള്‍
മരിച്ചു. ആകെ 12 കുട്ടികളാണ് ബസ്സില്‍
ഉണ്ടായിരുന്നത്. ബാക്കി 7 കുട്ടികള്‍
ആശുപത്രിയില്‍ ചികിത്സയില്‍ ആണ്.
-----------------------------------------------------
ഇനിയൊരു കുട്ടി മരിച്ചു എന്ന് കേള്‍ക്കരുതെ
എന്ന് മനമുരുകി നമ്മുക്ക് പ്രാര്‍ഥിക്കാം ...
മരിച്ച കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് ഈ വിരഹം
 സഹിക്കാനുള്ള ശക്തി കൊടുക്കണേ നാഥാ !!
എല്ലാം വിധിയെ പഴിചാരി നമ്മുക്കും
ഈ ദുഖത്തില്‍ പങ്ക് ചേരാം ...
ഒരു പിടി കണ്ണീര്‍പൂക്കളോടെ
ആദരാഞ്ജലികള്‍.......


                                        പെരുന്നാള്‍


 ന്റെ പാപ്പാന്റെല്ലാ 
തൊണക്കാരമ്മാര്‍ക്കും 
തൊണക്കാര്യോള്‍ക്കും 
ന്റേം,പാപ്പാന്റെം വക 
പെരുന്നാളാസംസകള്‍ !!
-------  സാബിത്ത്  ---------



                                            ഒരു മാറ്റം 

എപ്പോഴും ആര്‍ക്കും ഒരിക്കലും 
സന്തോഷമായിരിക്കാന്‍ കഴിയില്ല.
ഇടക്കൊക്കെ ഇത്തിരി സങ്കടവും 
വന്നു ചേരണം  ....................
അതല്ലേ അതിന്റെ ഒരിത്...
ഒന്നൂല്ല ...കപ്പലൊന്നു  മുങ്ങിയതാ



                     കലാം സാറും,യാക്കൂബ്  മേമനും 


യാക്കൂബ് മേമന്‍ മഹാഭാഗ്യവാനാണ്.
നാമെല്ലാവരും നെഞ്ചോട്‌ ചേര്‍ത്തിയ 
ആ പുണ്യമഹാനെ  ഖബറടക്കം ചെയ്ത 
അതെ ദിവസം തന്നെ മരിക്കാനായത്.........

2015 ഡിസംബർ 9, ബുധനാഴ്‌ച

                                          ബലിച്ചോര്‍


ഇങ്ങനെ ഭക്ഷണം വെറുതെ കളയുന്നതിലും 
നല്ലതല്ലേ നമ്മുടെ മരിച്ചു പോയാ പൂർവികരുടെ 
ഓർമ്മക്കായി ഒരു നേരത്തെ ഭക്ഷണത്തിന് വക 
ഇല്ലാത്ത ഒരാൾക്ക് ഭക്ഷണം വാങ്ങി കൊടുക്കുന്നത് ...??


                                          ഈദ് മുബാറക്ക്‌


 ത്യാഗത്തിന്റെയും സമര്പ്പ ണത്തിന്റെയും 
സന്ദേശവുമായി വീണ്ടും ഒരു പെരുന്നാള്‍ കൂടി ....!!

പുണ്യങ്ങള്‍ പൂത്തുലഞ്ഞ ദിനരാത്രങ്ങള്‍ പെയ്തൊഴിഞ്ഞു..
നന്മയുടെ വസന്തമായിരുന്ന വിശുദ്ധ റമദാന്‍ വിട ചൊല്ലുകയായി..
ശവ്വാലിന്‍ പൊന്നമ്പിളി വാനില്‍ തെളിഞ്ഞ
അനുഗ്രഹീത നിമിഷങ്ങളില്‍ ....!!

നേരുന്നു ഞാന്‍ എന്റെ എല്ലാ പ്രിയകൂട്ടുകാര്ക്കും
ഒരുപാടൊരുപാട് സ്നേഹം നിറഞ്ഞ
ഈദ്‌ മുബാറക്‌ ആശംസകള്‍ ....!!


                                   ഉമ്മയുടെ കാല്‍പ്പാദം 


സ്വര്‍ഗം നമ്മുടെ മാതാവിന്‍റെ കാല്‍പ്പാദങ്ങള്‍ക്ക് കീഴെയാണ്, 
അവര്‍ നമുക്ക്‌ വേണ്ടി സഹിച്ച യാതനകള്‍ക്ക് പകരം 
നല്‍കാന്‍ നമ്മുടെ ഈ ജന്മം മതി ആവുകയില്ല.

അവര്‍ക്ക്‌ വേണ്ടി പ്രാര്‍ത്ഥിക്കുക , 
അവരെ സന്തോഷിപ്പിക്കുക , 
അവരെ ബഹുമാനിക്കുക............


                                           സോളാര്‍ 


ഞാനൊരു രാഷ്ട്രീയക്കരോനുന്നും അല്ലാ , 
എന്നാലും ഈ കെടപ്പ് കണ്ടാൽ ഉമ്മചനെയും 
അച്ചുമാമ്മനെയും പടച്ചോൻ വെറുതെ വിടില്ല .... 

എന്തൊരു "സുസ്കാന്തി " ....
ഇനി ഞാനോന്നു ചോദിചോട്ടെ? 
ഒന്നും അറിയാത്ത ഞങ്ങൾ സാധാരണക്കാർ 
ആരെ വിശ്വസിക്കണം ? 
എന്താണ്‌ ശരി ,എന്താണു സത്യം ?
ആര്‍ക്കറിയാം അല്ലെ ...... ?


                                       ദേശീയപതാക 


ഈ കൈകളിൽ
വില്പനക്കല്ലാതെ,
ആഘോഷത്തിനായി
പതാക പിടിക്കുംപോഴാണോ 
സ്വാതന്ത്ര്യദിനാഘോഷങൾ
അർത്ഥപൂർണ്ണമാകുന്നത്....


                       പ്രവാസിയുടെ സ്വാതന്ത്ര്യ ദിനം 


അങ്ങനെ പതാക പിടിക്കാതെയും,വന്ദേമാതരം 
ചൊല്ലാതെയും,ജനഗണമന കേള്‍ക്കാതെയും,
ഒരു സ്വാതന്ത്രദിനം കൂടി കടന്നു പോയ്‌...


                              സാബിത്തും ഗ്ലാസ്സും


 ഡാ സാബിത്തെ.. ഇജ്ജോന്നു നിക്കവ്ടെ പാപ്പ 
അന്റെയൊരു പോട്ടം ഇടുക്കട്ടെ. ന്നാ പാപ്പാന്റെ 
കണ്ണട ഇച്ച് ഇടുത്താ മതി . ഫോട്ടം എടുത്തതിനു 
ശേഷം ഒന്  നിന്ന സ്റ്റൈല്‍ കണ്ടപ്പോ ഞാന്‍ ചോദിച്ചു. 

ഇതെന്തു സ്റ്റൈലാട? അപ്പൊ ഒന് പറയ്യാ ..പാപ്പാ ഇതാണ്..

  "ഓപ്പണ്‍ കണ്ണന്‍ സ്രാങ്ക്"



                                          ഓണം 


   "മാവേലി നാട് വാണീടും കാലം                                                                      മാനുഷരേല്ലാരുമോന്നുപോലെ "
                                                                      
അപ്പൊ ഇതിന്റെ അര്‍ത്ഥം ഇപ്പൊ അങ്ങനെയല്ലെന്നുണ്ടോ?  

എന്നാല്‍ കള്ളമില്ലാത്ത,ചതിയുമില്ലാത്ത,എള്ളോളം പൊളി                       വചനവുമില്ലാത്ത കുറച്ചെങ്കിലും പേര്‍ ഇപ്പോഴും നമ്മുടെ        
ഇടയില്‍ ഉണ്ട്.അതിറെയൊക്കെ തെളിവല്ലേ സൂക്കര്‍ അണ്ണന്റെ 
ഈ തറവാട്ടിലെ ഈ സൗഹൃദം .........

                 

                                             സ്ത്രീധനം 


ഇങ്ങനെയൊരു നിയമം ഉണ്ടെങ്കില്‍ അത് നല്ലത് തന്നെ,                               
സ്ത്രീധനം കൊടുക്കാനില്ലാതെ എത്രയോ വീടുകളില്‍                                  
നമ്മുടെ അറിവില്‍ തന്നെ എത്രയെത്ര പെണ്‍കുട്ടികള്‍                                ഉണ്ട്,പക്ഷെ ഇങ്ങനെയൊരു നിയമം ഉണ്ടെന്നും പറഞ്ഞു                            പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ ഇരുന്നാല്‍ ആ കുട്ടികളുടെ                
ജീവിതം പോയത് തന്നെ.ഇത് വായിക്കുന്ന ഞാനടക്കമുള്ള                          
എന്റെ സുഹൃത്തുക്കളില്‍ വാങ്ങിയവരുമുണ്ടാകാം                                 അല്ലാത്തവരുമുണ്ടാകാം.
എങ്കിലും പുതിയ തലമുറയിലെങ്കിലും ഈ ഏര്‍പ്പാട് ഇല്ലാതിരിക്കട്ടെ,,                    സ്ത്രീധനത്തിന്റെ പേരില്‍ വീടുകളില്‍ കെട്ടിച്ചയക്കാന്‍ 
നിവൃത്തിയില്ലാതെ ഇരിക്കുന്ന പെണ്‍കുട്ടികളുടെ എണ്ണം                           കുറഞ്ഞു വരട്ടെ!!!


                                      പ്രവാസ ദുഖം

 

രണ്ടു ദിവസം മുമ്പ് വീട്ടിലേക്കു ഫോണ്‍ ചെയ്യുന്നതിനിടയില്‍ മോള്
പറയ  ഇച്ച് പാപ്പാനോടെ ഒരു കാര്യം പറയാനുണ്ടെന്നും പറഞ്ഞു
ഭാര്യയുടെ കയ്യില്‍ പിടിച്ചു തൂങ്ങി.

 എന്നാ മോള്‍ടെ കയ്യില്‍ ഫോണ്‍ കൊടുത്തെ..    
 അവള്‍ ഫോണ്‍ വാങ്ങി ഓടി ആര്‍ക്കും കേള്‍ക്കാത്ത സ്ഥലത്ത് വന്നു നിന്നൂ.          സാധാരണ പറയാറുള്ള പോലെ അവളുടെ ഡയറിയില്‍ എഴുതുന്ന കാര്യങ്ങളോ,,ക്ലാസ്സിലെ വിശേഷങ്ങള്‍ പറയാനോ,,എന്തേലും ആവശ്യപെട്ടിട്ടുള്ള വിളിയോ,,അല്ലെങ്കി ഉമ്മ ചീത്ത പറഞ്ഞ വല്ല കാര്യമോ,,പറയാനാകും എന്നാണു ഞാന്‍ കരുതിയത്‌.

പറ ലുബ്യെ പാപ്പടെ കുട്ടിക്കെന്താ പറയാനുള്ളെ? 

പാപ്പ എന്നാ വേരാ? എന്നൊരു ചോദ്യമാ,,

ഞാന്‍ പ്രതീക്ഷിക്കാത്ത ഒരു ചോദ്യമാ അത് ,  
കാരണം അവള്‍ക്കറിയാം ഞാന്‍ ലീവ് കഴിഞ്ഞു വന്നു കുറച്ചേ ആയുള്ളൂ. പിന്നെന്താ പടച്ചോനെ ഇപ്പൊ ഇങ്ങനെയൊരു ചോദ്യം.

പുതിയ വീട് പണി നടക്കുന്നുണ്ട്. പാപ്പ ഞമ്മടെ പേരെ പണിയൊക്കെ കേയ്ഞ്ഞു കുടിയിരിക്കാന്‍ (കേറിതാമസം) വേണ്ടി വരാം,,

 അപ്പൊ മോള്പറയാ,,പുതിയ കുടിയൊന്നും ഞമ്മക്ക് വേണ്ട.
ഇപ്പൊ ള്ളത് മതി.
    
ഇപ്പൊ എന്താ ലുബി മോള്‍ക് ഇങ്ങനെ തോന്നാന്‍ കാരണം?

അതൊന്നും ഇച്ചറീല പാപ്പ വന്നിട്ട് അപ്പൊ തന്നെ പൊയ്ക്കോ,,

ഇചോന്നു കണ്ടാ മതി, പാപ്പ ഇപ്പൊ പോയിട്ട് വല്ല്യ പാപ്പിം
ചെറിയ പാപ്പിം (ഏട്ടനും അനിയനും) വന്നു.

 ന്നാ ശരി പാപ്പ എന്നും പറഞ്ഞു മോള് ബീവിയുടെ  കയ്യില്‍ 
ഫോണ്‍ കൊടുത്തു പോയ്‌,,

എന്റെ ഏട്ടനും അനിയനും ലീവ്നു പോയ്‌ അവരുടെ മക്കളുടെയടുത്തുള്ള കളിയും ചിരിയുമൊക്കെ കണ്ടപ്പോ ഈ കുഞ്ഞു മനസ്സും ഒന്ന് ആഗ്രഹിചിട്ടുണ്ടാകും ല്ലേ ഓളുടെ ബാപ്പയും അടുത്തുണ്ടന്കിലെന്നു,,,

 "ഉപ്പോളം വരുമോ ഉപ്പിലിട്ടത്‌ "




                                             മഴ

മഴയെന്നു കേട്ടാല്‍ വായ്‌ തോരാതെ                                                               
സംസാരിക്കുന്നവരാണ്‌ കൂടുതലും!!!                                                              
പ്രണയിക്കുന്നവര്‍ക്ക് പ്രണയമാണ് മഴ                                                          
എഴുത്തുകാര്‍ക്ക് ഭാവനയാകുന്നു മഴ                                                            
വേനലിന് കുളിരാണ് മഴ                                                                                  
ഈ പറയുന്നതോന്നുമായിരിക്കില്ല                                                                  
ഈ കുരുന്നുകള്‍ക്ക് .... മഴ !!!




 

                                മൃഗങ്ങള്‍ മനുഷ്യരില്‍


തത്തയെ കൊണ്ട് ചീട്ടെടുപ്പിച്ചു..                                                                     
ആനയെ കൊണ്ട് മരം വലിപ്പിച്ചു..                                                                 
കഴുതയെ കൊണ്ട് ഭാരം ചുമപ്പിച്ചു..                                                              
പോത്തുകളെ കൊണ്ട് വണ്ടി വലിപ്പിച്ചു..                                                     
മൃഗങ്ങളെ കൊണ്ട് സര്‍ക്കസ് ചെയ്യിപ്പിച്ചു..                                                  
അങ്ങനെ എത്രയെത്ര പ്രവര്‍ത്തികള്‍ ചെയ്തു മനുഷ്യന്‍                          
ഉപജീവന മാര്‍ഗ്ഗം കണ്ടെത്തുന്നു.                                                                   
മനുഷ്യന് ജീവിക്കാന്‍ മൃഗങ്ങളുടെ സഹായം വേണം.                               
എന്നാല്‍ മൃഗങ്ങള്‍ക്ക് ജീവിക്കാന്‍ മനുഷ്യന്റെ                                         
സഹായം വേണോ ???


                                         ചുമ്മാ


 അതേയ് എല്ലാരും പോട്ടം ഇട്ടു കളിക്കുന്നു                                           
ഞമ്മക്കെന്താ ഇട്ടാ പറ്റൂലെ                                                                        
പിന്നെ എന്റെ പോട്ടം ഒറ്റ കാലില്‍ നിന്നുള്ള പോട്ടമാ...                            
ജീവന്‍ പണയം വെച്ചുള്ള പരിപാടിയാ ട്ടോ ...  


                              വിശപ്പിന്റെ മാഹാത്മ്യം 




നാട്ടില്‍ പലചരക്ക് കച്ചവടം നടത്തുന്ന സമയം. 
കട തുറക്കാന്‍ പോകുന്ന വഴിയരികെ ഒരു തോടുണ്ട്. 
ദിവസവും രാവിലെ ഈ തോട്ടില്‍ ചൂണ്ടയിട്ടു മീന്‍ പിടിക്കുന്ന 
ഒരു പയ്യന്‍ ഉണ്ട്. പേര് സതീഷ്‌. സ്കൂളില്‍ ചെര്ത്തിയുട്ടുണ്ട്. 
മിക്കവാറും സ്കൂളില്‍ പോകാറില്ല . കാരണം അവനു ചെറിയ 
പ്രായത്തില്‍ ഉള്ള ഒരു അനുജത്തിയുണ്ട്. അമ്മ രാവിലെ ഈ 
കുഞ്ഞിനെ ഇവന്റെ കയ്യില്‍ ഏല്‍പ്പിച്ചു വല്ല കൂലി പണിക്കും 
പോകും . പിന്നെ കുഞ്ഞിനേ നോക്കണം , അമ്മ വരുമ്പഴേക്കും ഭക്ഷണം ഉണ്ടാക്കണം അങ്ങനെ പല ജോലികളും ഉണ്ട് അവനു. 

അവനു അച്ചന്‍ ഉണ്ട് ഒരു പേരിനു . പുള്ളി രാവിലെ എണീറ്റ്‌ 
പണിക്കു പോകും വൈകുന്നേരം കിട്ടിയ കാശിനു മൂക്കറ്റം 
കുടിച്ചു വരും എന്നിട്ട് കെട്ട്യോളുമായി വഴക്കിട്ടു അടിപിടി 
കൂടും. 

ഒരു ദിവസം ഈ പയ്യന്‍ കുട്ടിയേം ഒക്കത്ത് വെച്ച് എന്റെ 
കടയിലേക്ക് രാവിലെ പിടിച്ച മീന്‍ ഒരു വള്ളിയില്‍ കോര്‍ത്ത് 
കൊണ്ട് വന്നു. എന്നിട്ട് ഒന്നും മിണ്ടാതെ ഒരു സൈഡില്‍ 
നില്‍ക്കുകയാണ്. 

ഡാ ചെക്കാ അമ്മ വരുമ്പോഴേക്കും മീന്‍ കൊണ്ട് പോയ്‌ വല്ല 
കറിയും ഉണ്ടാക്ക് . ഞാന്‍ അവനോടു പറഞ്ഞു. 
അതിനു അവന്‍ മറുപടി പറയാതെ നിന്നു. 
ഞാന്‍ വീണ്ടും ഇത് തന്നെ ആവര്‍ത്തിച്ചപ്പോള്‍ അവന്‍ എന്നോട് 
പറഞ്ഞു ഇക്കാ ഈ മീനെടുത്ത് എനിക്ക് കൊറച്ചു അരി തെരുമോ ? 
ഈ ചോദ്യം എന്റെ മനസ്സിനെ വല്ലാതെ വേദനിപ്പിച്ചു. 
കാരണം ഞാന്‍ വിചാരിച്ചിരുന്നത് ഈ പയ്യന്‍ പിടിക്കുന്ന മീന്‍ 
ഇവന് കൊണ്ട് പോയ്‌ കറി വെക്കാന്‍ ആണെന്നാണ്‌ . 
പക്ഷെ അല്ലെന്നു ഇവന്റെ ഇന്നത്തെ ഈ വില്പനയില്‍ നിന്നും 
എനിക്ക് മനസിലായി. ഇത് കേട്ടപ്പോ ഞാന്‍ മീന്‍ വാങ്ങി അവനു ആവശ്യമുള്ള അരി കൊടുത്ത് വിട്ടു . 
മീന്‍ പിടിച്ചു കൊണ്ട് പോയി കൂട്ടാന്‍ വെക്കാന്‍ ആഗ്രഹമില്ലാഞ്ഞിട്ടല്ല ചോറ് ഉണ്ടെങ്കിലല്ലേ കൂട്ടാന്‍ കൊണ്ട് കാര്യമുള്ളൂ .. 


ഇത് പോലത്തെ കുരുന്നുകള്‍ നമ്മുടെ നാട്ടില്‍ അനവധിയുണ്ട് . 
ഒരു പക്ഷെ ഈ താഴെ കാണുന്ന ഫോട്ടോ യിലെ പയ്യനും 
ഒരു നേരത്തെ ആഹാരത്തിനു വേണ്ടിയുള്ള കാത്തു നില്‍പ്പാവും ല്ലേ... 

നാം വിചാരിക്കും പോലെയോന്നുമാവില്ല കാര്യങ്ങള്‍ നാം കാണുന്നതും മനസ്സിലാക്കുന്നതും ആയിരിക്കില്ല ഒരു പക്ഷെ സത്യം . അത് കൊണ്ട് 
കാര്യം അറിയാതെ ആരെക്കുറിച്ചും ഒരു മുന്‍ധാരണ വെക്കാതിരിക്കുക ...                                                                                          
================================================================



                           ഭൂമിയുടെ അവകാശികള്‍ 


ഒരു അവധി ദിനം ...
പതിവ് പോലെ രാവിലെ മോനെ മദ്രസ്സയില്‍ കൊണ്ട്                                
പോയ്‌ വിടാന്‍  ബൈക്ക് എടുത്തു ഇറങ്ങിയതെ ഉള്ളൂ.                     
പാപ്പാ ..പാപ്പാ ..വണ്ടി നിര്‍ത്തിം ഞാനൊരു സംഗതി                      
കാണിച്ചു തരാം .                                                                                    
എന്താടാ നേരം വൈകിയ നേരത്ത് ഇജ്ജു എന്ത് സംഗതിയാ             
കണ്ടേ എന്നും ചോദിച്ചു ഞാന്‍ ബൈക്ക് സൈഡാക്കി നിര്‍ത്തി .         
അതാവ്ടെ ഒരു അണ്ണകോട്ട ( അണ്ണാറകണ്ണന്‍ ) കിടക്കുന്നു.                  
മോന്‍ ചൂണ്ടി കാണിച്ച ഭാഗത്തേക്ക് ഞാന്‍ ചെന്ന് അതിനെ                 
കയ്യിലെടുത്തു. ജീവനുണ്ടാകില്ല എന്നാണ് ഞാന്‍ കരുതിയത്‌.                     
പക്ഷെ തൊട്ടു നോക്കിയപ്പോള്‍ ചെറിയ ഒരു മിടിപ്പ് ഉണ്ട്.                 
ഞാന്‍ അതിനെയെടുത്ത് വീട്ടിലേക്കു പോന്നു .                                
കൈ കുമ്പിളില്‍ കുറച്ചു വെള്ളമെടുത്ത് അതിന്റെ ചുണ്ട്              
നനച്ചപ്പോള്‍ അതിന്റെ ചങ്ക് നനഞ്ഞു. എന്റെ മനസ്സും.                          
                                                 
ഇത് കണ്ടു വന്ന ഉമ്മ . ഡാ മാനേ... അയ്ന്റെക്കെ ജീവന്‍                    
പോയിട്ടുണ്ടാകും ഇജ്ജാ കുട്ടിയെ കൊണ്ടാക്കാന്‍ നോക്ക്..                    
ഇല്ല മ്മമ്മാ അത് ചത്തിട്ടില്ല..ഞമ്മക്ക് ഇതിനെ വളര്‍ത്താം                       
പാപ്പാ ...മോന്റെ അഭിപ്രായം കേട്ടപ്പോ എനിക്കും ഒരു പൂതി              
കേറി. അങ്ങിനെ അതിനെ വളര്‍ത്താന്‍ ഞാനും തീരുമാനിച്ചു.                
തല്ക്കാലം അതിനു കൊറച്ചു പാലും പഴവുമൊക്കെ കൊടുത്ത്           
ഒന്ന് ഉഷാറാക്കി എടുത്തു .                                                                          
ടൌണില്‍ പോകാന്‍ ബൈക്ക് എടുത്തു  ഇറങ്ങിയ നേരം മക്കള്‍              
രണ്ടു പേരും ഓടി വന്ന്‍ .. പാപ്പാ വരുമ്പോള്‍ അണ്ണകൊട്ടക്ക്                  
പാര്‍ക്കാന്‍ പറ്റിയ ഒരു കൂട് കൊണ്ട് വരണം.                             
ടൗണില്‍ നിന്നും തിരിച്ചു വരുമ്പോള്‍ എന്റെ കയ്യില്‍ കണ്ട                   
കൂട് കണ്ട് കുട്ടികള്‍ തുള്ളി ചാടി .                            
പിന്നീടുള്ള ദിനങ്ങള്‍ കുട്ടികളും മറ്റുള്ളവരും അതിനെ                            
പരിചരിക്കുന്നതില്‍ അതീവ താല്പര്യം കാണിച്ചു .                                
വളരെ പെട്ടന്ന് തന്നെ വീട്ടിലെ എല്ലാവരുമായും ഇണങ്ങി .                     
കുട്ടികള്‍ കൂടുതല്‍ സമയവും അതിനോടൊത്ത് ചിലവഴിച്ചു.                 
അങ്ങനെ അതിനോടോത്തുള്ള   കൊറേ നല്ല ദിനങ്ങള്‍ കടന്നു പോയി.   
                                                                                                                        
ലീവ് കഴിഞ്ഞ് തിരിച്ചു വരുന്നതിന്റെ തലേ ദിവസം രാവിലെ                 
കണ്ട കാഴ്ച വീട്ടിലെ എല്ലാവരെയും സങ്കടപെടുത്തുന്നതായിരുന്നു.     
എന്താണ് സംഭവിച്ചത് എന്ന് ആര്‍ക്കും അറിയില്ല .                                   
എങ്ങിനെ സംഭവിച്ചു എന്നും  ആര്‍ക്കും അറിയില്ല  .                                
കൂടിനു പുറത്ത് ചോര വാര്‍ന്നു ജീവനറ്റ ആ കുഞ്ഞു അണ്ണാന്‍                
കിടക്കുന്നത് കണ്ട്   എല്ലാവരും ഞെട്ടിപോയ് .കുട്ടികള്‍ കിടക്കാന്‍        
പോകും നേരം അതിനെയെടുത്ത് ഉമ്മ വെക്കല്‍ പതിവുണ്ടായിരുന്നു .  
ഇന്നലെ കൂടിന്റെ കുറ്റി ഇടാന്‍ മറന്നെന്നു തോന്നുന്നു .                            കുട്ടികള്‍ ഈ കാഴ്ച്ച കണ്ട്സങ്കടം സഹിക്ക വയ്യാതെ കരയുന്നത്             
കണ്ടപ്പോള്‍ വീട്ടിലുള്ളവര്‍ക്കും സങ്കടമായി .                                            
വീട് ശരിക്കും ഒരു മരണ വീട് പോലയായി .                                                                                      
എന്തിനാ മാനേ ഈ പാപം വെച്ച് കെട്ടാന്‍ നീ അതിനെ അന്ന്                  
എടുത്തു കൊണ്ട് വന്നത് ? എന്തായാലും അന്റെ ഇന്നത്തെ                      
തിരിച്ചു പോക്കിനെക്കാള്‍ ഞങ്ങള്‍ക്ക് സങ്കടമായി ഈ കാഴ്ച്ച...            
ഉമ്മയുടെ ഈ വാക്കുകള്‍ കൂടി കേട്ടതോടെ അത് വരെ പിടിച്ചു             
നിന്ന എന്റെ കണ്ണും നിറഞ്ഞു.                                                                    
തിരിച്ചു പോരുമ്പോള്‍ എന്റെ മനസ്സ് നിറയെ ആ ഒഴിഞ്ഞ                      
കൂട് ആയിരുന്നു ...                                                                                        
" മനുഷ്യരോട് മാത്രമല്ല മറ്റു ജീവികളോടും നാം കരുണ കാണിക്കണം    
അവരും നമ്മളെ പോലെ ഈ ഭൂമിയുടെ അവകാശികള്‍ ആണ് "                            


                                      ഉച്ചകഞ്ഞി 


പുതിയ ക്ലാസ്സ് തുടങ്ങുന്നേരം  ഉച്ച കഞ്ഞി ആവശ്യമുള്ളവര്‍ 
കൈ പൊക്കുക എന്ന് പറയുമ്പോള്‍ പരമാവധി ഉയരത്തില്‍ 
ഞാന്‍ കൈ പൊക്കി കാണിക്കും. കാരണം ക്ലാസ്സ് മാഷ്‌ 
കൈകള്‍ എണ്ണുന്നത്തിനിടയില്‍ എന്റെ കൈയ്യെങ്ങാനും 
എണ്ണാന്‍ വിട്ടു പോയാലോ എന്ന് പേടിച്ച്. 
സ്കൂളിലേക്ക് പറഞ്ഞു വിടുമ്പോള്‍ ഉമ്മ പറയാറുണ്ട്‌ 
മ്മാടെ കുട്ടി ഉച്ചകഞ്ഞിക്ക് പേര് കൊടുക്കണം ട്ടോ .. 
കൂടെയുള്ള പല കുട്ടികളും കൈകള്‍ പൊക്കാന്‍ മടി 
കാണിക്കുമെങ്കിലും കഞ്ഞിക്കു വിട്ടാല്‍ മുമ്പിലുണ്ടാകും. 
മാഷമ്മാരുടെ മുന്നില്‍ വല്ല്യ വീട്ടിലെ കുട്ടിയാണ് താനൊക്കെ 
എന്ന ഗമ കാണിക്കണം പലര്‍ക്കും . 

കൈ പൊക്കുന്ന കാര്യത്തില്‍ മുന്നിലാണെങ്കിലും കഞ്ഞിക്കുള്ള 
ഫീസ്‌ കൊണ്ട് വരുന്ന കാര്യത്തില്‍ ഞാന്‍ പിന്നിലാകും . 
കാരണം വീട്ടില്‍ നിന്നും കിട്ടാന്‍ വല്ല്യ പാടാ. 
തലേന്ന് രാത്രി ഉമ്മയോട് ചോദിക്കുമ്പോള്‍ പറയും 
മ്മാടെ കുട്ടിക്ക് രാവിലെ തരാ ട്ടോ .. 
രാവിലെ മദ്രസ്സ വിട്ടു വരുമ്പോഴേക്കും ഉമ്മ വടക്കുമ്മലക്ക് 
(മലയുടെ പേര്) വിറകിനു പോയിട്ടുണ്ടാകും. പിന്നെ ഫീസില്ലാതെ 
കരഞ്ഞു കലങ്ങിയ കണ്ണുമായി ഒത്തിരി ദിവസം പോയിട്ടുണ്ട്. 

ഉച്ച കഞ്ഞി നിലവില്‍ വന്ന അന്ന് മുതല്‍ ഇന്ന് വരെയും 
എന്റെ വീടിനു തൊട്ടടുത്തുള്ള കമല ചേച്ചിയാണ് സ്കൂളിലെ 
അടുക്കള ജോലി ചെയ്തിരുന്നത്. അന്നൊക്കെ കഞ്ഞിയും പയറും 
ആണ് എല്ലാ ദിവസവും കിട്ടി കൊണ്ടിരുന്നത്. ഇന്നൊക്കെ 
അതില്‍ നിന്നും മാറ്റം വന്നിരിക്കുന്നു.ഇന്നൊക്കെ എല്ലാ ദിവസവും ചോറ് ആണ്. അത് പോലെ ഓരോ ദിവസങ്ങളിലും മാറി കടലയും 
ചെറുപയറും , പിന്നെ വേറെ എന്തേലും കറിയും ഉണ്ടാകും. 
ഇതൊക്കെ അനുഭവിക്കണമെങ്കി സര്‍ക്കാര്‍ സ്കൂളില്‍ തന്നെ 
പോകണം . 

അഞ്ചാം ക്ലാസ്സ് മുതല്‍ ഉച്ചക്ക് ശേഷമാണ് സ്കൂള്‍ ഉണ്ടായിരുന്നത്. 
അപ്പൊ സ്കൂളിലേക്ക് കുറച്ചു നേരത്തെ വരും . എന്നിട്ട് ചേച്ചിക്ക് 
വെള്ളം കോരി കൊടുക്കാനും പാത്രം കഴുകാനുമൊക്കെ 
സഹായിക്കാന്‍ ഞങ്ങള്‍ ഒരു ടീം തന്നെയുണ്ടാകും. 
അതിനു കൂലിയായി ഞങ്ങളുടെ പാത്രങ്ങളില്‍ ചെറുപയര്‍ 
നിറച്ചു വെച്ചിട്ടുണ്ടാകും. ഇങ്ങനെ കൊണ്ട് പോകുന്ന ഉപ്പേരി 
ആകും രാത്രിക്കും മിക്കവാറും ചോറിനുണ്ടാവുക. 
ഉമ്മ അത് മൂന്നാല് ചെറിയഉള്ളി കൂടി അരിഞ്ഞു തൂമിച്ച് 
ഒന്നൂടെ സ്വാദുള്ളതാക്കി തരും. അതിനൊക്കെ ഒരു പ്രത്യക 
സ്വാദുണ്ടായിരുന്നു ....ഇന്ന് ഓര്‍ക്കുമ്പോഴും ....


                                          കുട്ടിക്കാലം 


വീട്ടിലേക്കു വിളിക്കുന്നേരം കുട്ടികളെ ചോദിച്ചാല്‍ ബീവി പറയും
അതാവ്ടെയിരുന്നു ടി വി കാണുന്നു. എപ്പോ ചോദിച്ചാലും ഈ
ഒരുത്തരം തന്നെ. കാരണം സ്കൂള്‍ അടച്ചിരിക്കുവല്ലേ !!!
എന്താടി എതു നേരത്തും ടി വി കാണല്‍ ? വേറെ എന്തെല്ലാം
കളികള്‍ ഉണ്ട് ?
അയ്‌റ്റ അവിടിരുന്നു ടി വി കണ്ടോട്ടെ ! ഒന്നുല്ലേലും വെയിലും
കാറ്റും കൊള്ളൂലല്ലോ... ഇതാണ് ബീവിയുടെ മറുപടി .
എന്നാലും എന്റെയൊക്കെ കുട്ടികാലത്ത് എന്തെല്ലാം തരം കളികള്‍
ആണ് കളിച്ചിരുന്നത് .
ആട്ടക്കളം,പമ്പരം കുത്തല്‍,ഗോട്ടികളി,സാറ്റ് കളി,കണ്ണ് പൊത്തി കളി,
എര്‍ബാള്, സൈക്കിള്‍ വാടകയ്ക്ക്എടുക്കല്‍,ഉപ്പും പക്ഷിം ,...അങ്ങിനെ പോണു കളിയുടെ നിര ...

ഇതിനു പുറമേ കാശുണ്ടാക്കുന്ന പരിപാടികളും ഉണ്ടാകും.
വീടിനു കുറച്ചകലെയായി ഒരു മൂച്ചി തോട്ടം(കശുമാങ്ങ) ഉണ്ട്.     
ഞങ്ങള്‍ മാങ്ങ പെറുക്കാന്‍ ഒരു ഗാങ്ങ് ആയി ആണ് പോകുക.             
തോട്ടത്തിന് കാവല്‍ക്കാര്‍ ഉണ്ടാകും.
വീണു കിടക്കുന്ന മാങ്ങ പെറുക്കാനെ അനുവാദം ഉള്ളൂ.
കിട്ടുന്ന മാങ്ങയെല്ലാം ഏതേലും ചെടിയിടെ കമ്പില്‍ കോര്‍ക്കും.
എന്നിട്ട് കാവല്‍ക്കാരുടെ ഷേഡിനരികെ കൊണ്ട് വന്നു അവരുടെ
കണ്മുന്നില്‍ വെച്ച് വേണം അണ്ടിയുരിഞ്ഞു കൊടുക്കാന്‍....
എല്ലാം കഴിഞ്ഞു പോരാന്‍ നേരം ഞങ്ങളുടെ ട്രൌസര്‍ പോക്കെറ്റ്‌
എല്ലാം പരിശോദിച്ചെ വിടൂ. കാരണം അത്രയ്ക്ക് വിശ്വാസമാ ഞങ്ങളെ...
മാങ്ങ പെറുക്കുന്നതിനിടയില്‍ ഞങ്ങള്‍ കുറച്ചു അണ്ടിയുരിഞ്ഞു ചെറിയകവറുകളില്‍ നിറച്ചു തോട്ടത്തിന് പുറത്തേക്ക് ഏറിയും.
വരുന്ന വഴിയില്‍ അതും ഞങ്ങടെ കൂടെ പോരും.അതാണ്‌ കാശുണ്ടാക്കുന്നഒരു പരിപാടി.

പിന്നെ കാശുണ്ടാക്കുന്ന മറ്റൊരു പരിപാടിയാണ് റബ്ബര്‍കുരു പെറുക്കല്‍. ഇതിനു പോകുമ്പോള്‍ ഉമ്മാക്ക് വല്ല്യ സന്തോഷമാണ്.
കാരണം കുരു മാത്രമല്ല പെറുക്കുക കൂടെ അതിന്റെ തോടും പെറുക്കും.
വിറകിനു പകരമായി ഉപയോഗിക്കാന്‍ പറ്റിയ സാധനം ആണ് ഇത്.
റബ്ബര്‍കുരു കനമില്ലാത്തത് കാരണം ഞങ്ങള്‍ ഒരു പരിപാടി ഒപ്പിക്കുമായിരുന്നു.
കൂട്ടത്തില്‍ റബ്ബര്‍കുരുവിന്റെ നിറമുള്ള അതിന്റെ വലിപ്പത്തില്‍ വരുന്ന കല്ലുകള്‍ഇട്ടിട്ടാണ്‌ ഇത് വില്‍ക്കാന്‍ പോകുന്നത്.                    
പല നാള്‍ കള്ളന്‍ ഒരു നാള്‍പിടിക്കപെടുമല്ലോ!!!                        
കൂട്ടത്തില്‍ ഒരു ചെങ്ങായിയെ കടക്കാരന്‍ കയ്യോടെ
പിടികൂടി.അങ്ങിനെ ആ പരിപാടിക്ക് തീരുമാനമായി.

മാങ്ങതീറ്റയെല്ലാം കഴിഞ്ഞു ഞങ്ങള്‍ പുല്ലംവളപ്പ് എന്ന സ്ഥലത്ത് കൂടും.
ഇപ്പൊ അവിടെയങ്ങനെ ഒരു ഗ്രൗണ്ട് ഇല്ല. എന്നിട്ട് ഏതേലും കളികള്‍
തട്ടികൂട്ടും. കളിയെല്ലാം കഴിഞ്ഞു ദിവസത്തിന്റെ വെടികെട്ട് പരിപാടിയായനീരാടല്‍. ഹാവൂ അതാണ്‌ പരിപാടി.               
ഞങ്ങളുടെ നീരാടലിനുമുന്‍പായി പലരും വേഗം കുളിച്ചു      
പോകുന്നത് കാണാം.കാരണം ഞങ്ങള്‍ഇറങ്ങിയാല്‍ പിന്നെ വെള്ളം കലക്കിയ  ശേഷം ഞങ്ങടെ കണ്ണുകളും കലങ്ങണം.
"നീരാളികുണ്ട്" എന്നാണ് കടവിന്റെ പേര് കുട്ടികള്‍ പേടിക്കാന്‍ വേണ്ടിയാണോകടവിന് ഈ പേരിട്ടതെന്ന് തോന്നുന്നു.                         
ഞാന്‍ ഇന്നേ വരെ അങ്ങിനെയൊരു ജന്തുവിനെ അവിടെ കണ്ടിട്ടില്ല.

പുഴയില്‍ നിന്നും കേറാന്‍ വൈകിയാല്‍ തൊട്ടടുത്ത
കടവില്‍ നിന്നും ഉമ്മയുടെ നീട്ടിയുള്ള  വിളി വരും .
ഞാനാ വിളിയിലൊന്നും കേറില്ല കാരണം ഉമ്മയുടെ വിളി കേട്ട് കേറിയാല്‍ വീട്ടില്‍ ചെന്നിട്ടുള്ള അടി പിന്നെ ആര് വേടിക്കും...

ആരും ഞമ്മളേയൊന്നും കൊണ്ടോകൂല ന്നാലും ....
"മധുരിക്കും ഓര്‍മ്മകളെ മലര്‍ മഞ്ചല്‍ കൊണ്ട് വരൂ...
കൊണ്ട് പോകൂ ഞങ്ങളെയാ മാഞ്ചുവട്ടില്‍ ... "


                             ലുബ്നയുടെ പിറന്നാള്‍ 


മോള് :പാപ്പാ ഞാന്‍ മ്മടെ ഉണ്ട്യാപാനി പോട്ടിക്കാട്ടോ!!!
ഞാന്‍ :അതെന്തിനാ ലുബി മോളെ ഇപ്പൊ പൊട്ടിച്ണ്?
മോള് :അപ്പൊ പാപ്പ പോകുമ്പോ പറഞ്ഞതൊക്കെ മറന്നോ!!!
ഞാന്‍ :എന്തോ ഇചോര്‍മല്ല ലുബി മോള് പറ?
മോള് :ന്റെ പിറന്നാളിന് പൊട്ടിക്കുന്നു പറഞ്ഞിട്ടല്ലേ അതില് 
പൈസ ഇടാന്‍ തുടങ്ങീത്‌!!!
ഞാന്‍ :ആ അയിനു പിറന്നാള്‍ ആകട്ടെ ഡാ!!!
മോള് :ഞ്ഞി ആകനോന്നൂല്ല നാളെയാണ് ന്റെ പിറന്നാള്‍ 
ഞാന്‍ :ങ്ങെ!!! ആണോ പാപ്പ മറന്നതാണ് ട്ടോ...!!!
ന്നാ പുടിച്ചോ ന്റെ വക കെട്ടി പിടിച്ചൊരു 
 "ഹാപ്പി പിറന്നാള്‍ ലുബി മോളെ  "
(ഉണ്ട്യാപാനി = കാശു ഇട്ടു വെക്കുന്ന കുടുക്ക.


                                             നെയ്മര്‍

ഞാനൊരു ബ്രസീല്‍ ഫാന്‍സ്‌ അല്ല.
അര്‍ജന്റീന ഫാന്‍സും അല്ല.
ഈ പരിക്ക് പറ്റുന്നത് വരെ എനിക്ക് 
നെയ്മറെ ഇഷ്ട്ടമല്ലായിരുന്നു.
ഇപ്പൊ എന്തോ ???
ഈ കിടപ്പ് കാണുമ്പോള്‍...
ന്റെ മുത്തെ ലവ് യു ഡാ 
പ്രാര്‍ഥനയില്‍ നീ ഉണ്ടെടാ ചെക്കാ 
ന്റെ മനസ്സില്‍...





                                   കുഞ്ഞ്യേ നൊസ്റ്റു


ഉപ്പ് കൂട്ടി  പച്ചമാങ്ങ നമ്മളെത്ര തിന്ന് ...
ഇപ്പഴാ കഥകളെ നീ അപ്പടി മറന്നു ...
==================================
#ഓര്‍മ്മകള്‍ #അയവിറ ക്കാനുള്ളതാണ് 



                                    ആദ്യ ഇന്റെര്‍വ്യു


എന്താടാ നിന്റെ പേര് ? ബഷീര്‍...
വാപ്പാടെ പേരെന്താ ? ഇപ്പ 
ഉമ്മയുടെ പേരോ ? ഇമ്മ

ഇതാണ് എന്റെ ജീവിതത്തില്‍ ഞാന്‍ ആദ്യമായി 
നേരിട്ട ഇന്റെര്‍വ്യു. അത് പരാജയപെടുകയും ചെയ്തു.
എന്നാലും പിന്നെ ജീവിതത്തില്‍ പടച്ചവന്‍ ഇത് വരേം 
പരാജയപെടുത്തിയിട്ടില്ല.ഉപ്പയുടെ വേര്‍പാടോഴികെ...

സ്കൂളിന്റെ പടി എത്തുന്നത് വരെയും ഉമ്മ ഓതിതന്നതാണ്
ഉപ്പയുടെ പേര് ഹംസ എന്നും, ഉമ്മയുടെ പേര് ഖദീജ എന്നും 
പറയണം എന്ന്. എന്നിട്ടോ അന്നത്തെ ഹെഡ്മാസ്റെര്‍ 
ഗോപാലന്‍ മാഷിന്റെ (ജീവിച്ചിരുപ്പില്ല :( ) മുന്നിലെത്തിയപ്പോള്‍ 
മാഷിന്റെ കറുത്ത കണ്ണടയും,കഷണ്ടിയില്‍ ഉഴിഞ്ഞു കൊണ്ടുള്ള 
ഇരുപ്പും കണ്ടപ്പോള്‍ ഞാന്‍ എല്ലാം മറന്നു.സ്കൂളില്‍ പോകേണ്ട 
പൂതി തന്നെ മാറി. 
അടുത്ത വര്‍ഷം കൊണ്ട് വരൂ ഉമ്മാ എന്നുള്ള മാഷിന്റെ മറുപടി 
കേട്ടതോടെ ഉമ്മ ദേഷ്യത്തില്‍ എന്നെ പിടിച്ചു വലിച്ചു വീട്ടിലേക്കു 
കൊണ്ട് വന്നു. ഞ്ഞി വെയില് കൊണ്ട് നടക്കാതെ ഒരു കൊല്ലം കൂടി യശോദാമ്മയുടെ (ജീവിച്ചിരുപ്പില്ല :( ) ബാലവാടിയിലേക്ക് ഉപ്പുമാവ് തിന്നാന്‍ പൊയ്ക്കോ...

അങ്ങിനെ ഒരു കൊല്ലം കൂടി കാത്തിരിക്കേണ്ടി വന്നു എനിക്ക്.
സ്കൂളില്‍ പോകാനോക്കെ നല്ല ഉത്സാഹമായിരുന്നു.
ചെറുപ്പത്തില്‍ എനിക്ക് ചെവിയില്‍ നിന്നും പഴുപ്പ് വരുന്ന 
അസുഖം ഉണ്ടായിരുന്നു . സ്കൂളില്‍ പോകാന്‍ നേരം ഉമ്മ 
കോട്ടന്‍ തുണിയില്‍ പൌഡര്‍ ഇട്ടു ചെറിയ ഉണ്ടകളാക്കി 
ചെവിയില്‍ വെച്ച് തരും, ഒന്ന് രണ്ടെണ്ണം പോക്കറ്റിലും ഇട്ടു തരും.
ഈ അസുഖം കാരണം പല കുട്ടികളും എന്നെ അടുത്തിരുത്താന്‍ 
പോലും മടിച്ചിരുന്നു. മിക്ക കുട്ടികളും ചൌഡലിയാ എന്നാണു 
വിളിച്ചിരുന്നത്‌. 

ഈ അസുഖം ഉള്ള ചെവി കുട്ടികള്‍ക്ക് അടുത്ത് വരാത്ത 
രീതിയില്‍ ആയിരുന്നു എന്റെ സീറ്റ്.ക്ലാസ്സിലെ ഏതോ 
ഒരു കുട്ടി എന്നെ ഇത് പറഞ്ഞു കളിയാക്കിയപ്പോള്‍ 
അവനുമായി അടികൂടി. ഇതറിഞ്ഞ ക്ലാസ്സ് ടീച്ചര്‍ എന്റെ 
ചെവി പിടിച്ചു നുള്ളി മുറിവുണ്ടാക്കി.

പിറ്റേ ദിവസം കുളിപ്പിക്കുമ്പോള്‍ ഉമ്മ ഈ മുറിവ് കണ്ടു പിടിച്ചു.
കാര്യങ്ങള്‍ എല്ലാം അറിഞ്ഞു. അന്ന് സ്കൂളിലേക്ക് ഉമ്മയും 
കൂടെ വന്നു. ന്റെ കുട്ടീടെ ചെവി ഇങ്ങിനെ നുള്ളിപറിച്ച 
ടീച്ചറെ ഒന്ന് കാണാനും , രണ്ടു വാക്ക് പറയാനും...

"ന്റെ കുട്ടീടെ ചെവി ഇങ്ങനെ നുള്ളി പറിക്കാന്‍ മാത്രം ഒനെന്തു 
തെറ്റാ ചെയ്തെ? ങ്ങടെ കുട്ടീടെ ചെവി ഇങ്ങിനെ ചെയ്തു കണ്ടാല്‍ ങ്ങക്ക് സഹിക്കോ ?ങ്ങളും കുട്ട്യോള്‍ടെ തള്ളയല്ലേ ? വികൃതി കാണിച്ചെങ്കി വടി കൊണ്ട്അടിക്കുകയാണ് വേണ്ടത് ?
ഇത്രേം കാലത്തിനിടക്ക് ഞാന്‍ പോലും ന്റെ കുട്ടീടെ മേത്ത്ന്ന് 
(ദേഹം) ചോര പൊട്ടിച്ചിട്ടില്ല" ....
ഇതും പറഞ്ഞ് ഉമ്മ മക്കന തലപ്പ്‌ കൊണ്ട് കണ്ണീര്‍ ഒപ്പിയത് 
ഞാന്‍ ഇന്നും ഓര്‍ക്കുന്നു. ഒപ്പം ടീച്ചര്‍ തല താഴ്ത്തിയതും...

അനിയന്റെ കുട്ടി സ്ലേറ്റില്‍ എഴുതിയ ഫോട്ടോ കണ്ടപ്പോള്‍
ഞനൊന്നു പോയി ...എന്റെ ഒന്നാം ക്ലാസ്സുകാരനിലേക്ക്..



 




2015 ഡിസംബർ 8, ചൊവ്വാഴ്ച

                                      ആശംസകള്‍ 

ഇവിടെ മുഖപുസ്തകത്തില്‍ ഏറ്റവും വലിയ 
എഴുത്തുകാരന്‍ , ഏറ്റവും കൂടുതല്‍ ലൈക്‌ 
കിട്ടുന്ന പോസ്റ്റ്‌ മുതലാളി  എന്നൊക്കെ എഴുതി 
പലരും പല പോസ്റ്റുകളും ചെയ്തു കണ്ടിട്ടുണ്ട്.
എന്നാല്‍ ഏറ്റവും നല്ല മനസ്സിനിടുമ , ഏറ്റവും നല്ല 
സൗഹൃദം എന്നൊക്കെ പറഞ്ഞു ഒരു പോസ്റ്റ്‌ ഇട്ടു 
ഞാന്‍ ഇത് വരെയും കണ്ടിട്ടില്ല .

ഈ പറഞ്ഞ ഗുണങ്ങള്‍ ഉള്ള ഫേസ് ബുക്കിലെ 
ഏക വ്യക്തി Sibi Antony​  ഇച്ചായന് മാത്രം 
അവകാശപെട്ടതാണ്, 

കൂടെ ചേര്‍ന്നതിനു ശേഷം ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട് 
എല്ലാ പോസ്റ്റിലും ഉണ്ടാകും ഇച്ചായന്റെ കയ്യൊപ്പ്
ലൈക്ക് ചെയ്തും,കമ്മന്റ് ചെയ്തും ...
ഒരാളുടെ പോസ്റ്റില്‍ പോലും ആരെയും വിഷമിപ്പിക്കുന്ന 
ഒരു കമ്മന്റ് പോലും ഇന്നേ വരെ കണ്ടിട്ടില്ല .
അതൊക്കെയാണ്‌ ഈ മനസ്സിന്റെ വലിയ ഗുണം .
ജീവിക്കുന്ന കാലത്തോളം സന്തോഷകരവും ,
ആഹ്ലാദവും നിറഞ്ഞ ദിനങ്ങള്‍ നേരുന്നു...




                                      വിരഹ വേദന 


നാട്ടിലിപ്പം നല്ല മഴയാ ,,,
കൂടെ പകര്‍ച്ച പനിയും,,,

കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് ന്റെ മോള്‍ക്കും 
പനിയായി പെരിന്തല്‍മണ്ണ ആശുപത്രിയില്‍ 
ഒരാഴ്ചയോളം അഡ്മിറ്റ്‌ ആയിരുന്നു .
ഇപ്പം സുഖമായിരിക്കുന്നു.
അന്നേരം ഫോണ്‍ ചെയ്യുന്നതിനിടയില്‍ ഞാന്‍ ചോദിച്ചു,,

പാപ്പടെ കുട്ടിക്ക് സൂചി വെക്കുമ്പോള്‍ വേദന ഉണ്ടോ ?
ദിവസവും എത്ര സൂചി വെക്കാറുണ്ട് ? എന്നൊക്കെ ,,,

അയിന് ഇപ്പൊ വേരുത്തൊന്നും ഇല്ല പാപ്പാ,,,  
വന്ന ദിവസം തന്നെ കയ്യില് ഒരു പൈപ്പ് (ഇഞ്ചക്ഷന്‍ പാഡ്‌)
വെച്ചുക്കുണു,, ഇപ്പൊ അയിലാ സൂചി വെക്കണത്,,
അന്ന് കുറച്ചു വെരുത്തം ഉണ്ടായിരുന്നു ,,,
മോളുടെ തീരെ വേദനയില്ലാത്ത മറുപടി കേട്ട് ഞാന്‍ ചിന്തിച്ചു;

അല്ലേലും ഞാനടക്കമുള്ള പ്രവാസികളുടെ കുടുംബങ്ങള്‍ക്ക് 
നമ്മള്‍ ഇതിനെക്കാളും വലിയൊരു വേദന സമ്മാനിച്ചിട്ടാണല്ലോ
ഇങ്ങോട്ട് കേറി പോന്നത് ,,, "വിരഹ വേദന "



                                       അദ്ധ്യാപകദിനം 

ഞാന്‍ അഭിമാനത്തോടെ പറയുന്നു ,,,
ഞാന്‍ സന്തോഷത്തോടെ പറയുന്നു ,,,
എന്റെ അളിയന്‍ (പെങ്ങളുടെ ഭര്‍ത്താവ്)
ഒരു അദ്ധ്യാപകനാണ് ...


                                  സഫയുടെ കുസൃതികള്‍ 


പാത്രങ്ങളൊക്കെ വെക്കാന്‍ വേണ്ടി ഒരു 
സ്റ്റാന്റ് മേടിച്ചു. അത് ഫിറ്റ്ചെയ്യുന്നതിനിടയില്‍
പെട്ടന്ന് നോക്കിയപ്പോള്‍ സ്പാനെര്‍ കാണുന്നില്ല.

പിന്നെ കണ്ട കാഴ്ചയാ ഇതെല്ലാം...

1) ദിപ്പം ശരിയാക്കി തരാം ട്ടോ...
2) ഇതൊക്കെ വളരെ സിമ്പിളല്ലേ...
3) ആഹാ !! എന്തൊരു കൊയപ്പമുണ്ടല്ലോ...
4) ഇത് മുറുകിന്നില്ലാല്ലോ പടച്ചോനെ...
5) സ്പാനെര്‍ മാറിയെന്നാ തോന്നുന്നേ...
6) ആകെ നാണക്കേടായി ഒന്നൂടെ നോക്കാം...
7) ഇപ്പം കുറെയൊക്കെ ശരിയാകുന്നുണ്ട്...
8) കണ്ണങ്ങു പിടിക്കുന്നില്ലല്ലോ ...
9) പാപ്പാ ശരിയായോന്ന് നോക്കിക്കേ...
------------------------------------------------------
അനിയന്റെ മോള്‍ സഫയുടെ 
ചില ലീലാവിലാസങ്ങള്‍