2015 ഒക്‌ടോബർ 3, ശനിയാഴ്‌ച

                                മധുരപ്രിയന്‍ 

നാട്ടില്‍ നിന്നും ഇങ്ങോട്ട് വരുന്നവരോ 
ഇവിടെ നിന്നും നാട്ടിലേക്ക് പോകുന്നവരോ 
കണ്ടാല്‍ ചോദിക്കുന്ന ഒരു പ്രധാന കാര്യം ഇതാകും.

എന്തേലും കൊണ്ടോകാന്‍ ഉണ്ടേല്‍ തരണം,, എന്തായാലും 
വീട്ടില്‍ പോകാനുള്ളതല്ലേ ,,
വെറുതെ കൈ വീശി പോകേണ്ടല്ലോ ,,

രണ്ടു ദിവസം മുന്‍പ് ബന്ധുവും സുഹൃത്തുമായ ഒരാള്‍ യാത്ര
പറയാന്‍ വേണ്ടി വീട്ടില്‍ ചെന്നിരുന്നു. യാത്ര പറഞ്ഞ് ഇറങ്ങാന്‍ 
നേരം ഇത് പോലെ പറഞ്ഞു പോയി. അന്നേ ദിവസം ഫോണ്‍ 
ചെയ്യുമ്പോള്‍ ഉമ്മ പറഞ്ഞു.

ഡാ ,,അന്റെ തൊണക്കാരന്‍ വന്നിരുന്നു യാത്ര പറയാന്‍ ,,
വരുമ്പോള്‍ എന്താണ് കൊടുത്തയക്കേണ്ടത് ,,?
കാര്യായിട്ട് ഒന്നും വേണ്ട ഉമ്മാ,, എന്തിനാ വെറുതെ ഓനെ ബുദ്ധിമുട്ടിക്കുന്നെ ,,നല്ല പുളിയുണ്ടെല്‍ ഇത്തിരി 
കൊടുത്തയക്കോ ,,വേറെ ഒന്നും വേണമെന്നില്ല.
അത് മാത്രം മതീ ,,,

കൂട്ടുകാരന്‍ ഇവിടെ എത്തിയ ശേഷം കൊണ്ട് വന്ന സാധനം 
തുറന്നു നോക്കിയപ്പോള്‍ പുളിയും കൂടെ ഇത്തിരി ഹല്‍വയും.
അതും എനിക്ക് ഏറെയിഷ്ട്ടപ്പെട്ട കറുത്ത ഹല്‍വ. 
ഇഷ്ട്ടമൊന്നും നോക്കീല. അന്ന് ഫോണ്‍ ചെയ്തപ്പോള്‍ ഉമ്മയെ 
ഇതും പറഞ്ഞു കുറെ വഴക്കടിച്ചു.

എന്തിനാ ഉമ്മാ ഇതെല്ലാം കൊടുത്തു വിട്ടേ ,,അവന്‍ അവന്റെ
മര്യാദക്ക് വന്നു പറഞ്ഞതല്ലേ ,,ആ പുളി മാത്രം കൊടുത്തു
വിട്ടാല് മതിയായിരുന്നു എന്നൊക്കെ പറഞ്ഞ്,,
അത് പിന്നെ ,, ന്റെ കുട്ട്യോള്‍ക്ക് ഈ പുളി മാത്രം എങ്ങിനെയാ 
കൊടുത്തു വിടാ ,,ങ്ങക്ക് എന്തൊക്കെ തിന്നാന്‍ പൂതിയുണ്ടാകും,,
അപ്പൊ അങ്ങാടീന്ന് കുറച്ച് ഹല്‍വ വാങ്ങിയതാ ,,,

ഞ്ഞി അതും പറഞ്ഞ് ന്നോട് വക്കാണേല്‍ക്കാന്‍ വരേണ്ടാ ,,
"നമ്മുടെ വീട്ടിലൊക്കെ സ്പെഷ്യലായി എന്തേലും ഉണ്ടാക്കുന്ന 
ദിവസം ഏതു ഉമ്മമാരും പറയും.
"ന്റെ കുട്ട്യോള്‍ക്ക് ഇതൊക്കെ എന്തിഷ്ട്ടമാണെന്നോ"
ഈ വാക്കുകള്‍ നമ്മള്‍ ഇവിടെയിരുന്നു കേള്‍ക്കുമ്പോള്‍
അത് കഴിക്കാതെ തന്നെ വയര്‍ നിറഞ്ഞിട്ടുണ്ടാകും ...
കൂടെ മനസ്സും ...  



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ