2015 സെപ്റ്റംബർ 20, ഞായറാഴ്‌ച

                       മദ്യപാനിയുടെ വാക്കുകള്‍ 


കട പൂട്ടാന്‍ തുടങ്ങും നേരം ബഷീറേ.. ഡാ മോനെ.. 
എന്നും വിളിച്ചു ഭാസ്കരേട്ടന്‍ കേറി വന്നു. 
എല്ലാ ദിവസത്തെയും പോലെ അന്നും അയാള്‍ 
കുടിച്ചിട്ടുണ്ടായിരുന്നു. 
അയാളുടെ വരവ് അത്ര പന്തിയല്ലെന്നു കണ്ട ഞാന്‍ അയാളെ 
ശ്രദ്ധിക്കാന്‍ പോകാതെ എന്റെ ജോലിയില്‍ ഏര്‍പെട്ടു. 
അയാള്‍ക്ക്‌ ആകെ ഒരു വെപ്രാളം , മുഖത്ത് എന്തോ ഒരു 
വിഷമം ,,മദ്യത്തിന്റെ ലഹരിയില്‍ അയാള്‍ ചെറുതായി 
ആടുന്നുണ്ടായിരുന്നു. 
ബഷീറേ നീ എനിക്ക് ഒരു ഉപകാരം ചെയ്യുമോ ? 
ഈ ചോദ്യത്തിന്റെ അര്‍ഥം ബാക്കി പറയാതെ തന്നെ ഞാന്‍ ഊഹിച്ചു. കാശ് ചോദിക്കാനുള്ള പരിപാടിയാ.. 
ഭാസ്കരേട്ടാ കാശ് ആണെങ്കില്‍ ഞാന്‍ തരില്ല എന്നോട് 
ചോദിക്കേണ്ട ..!! വല്ല ബീഡിയോ തീപ്പെട്ടിയോ വേണേല്‍ 
വേടിച്ചു വീട്ടില്‍ പോകാന്‍ നോക്ക് . ആ കുട്ട്യോള് 
അവടെ ഒറ്റക്കല്ലേ ? 
ഡാ അങ്ങെനെ പറയല്ലേ അത്രേം അത്യാവശ്യമുള്ളതു കൊണ്ടാ 
ചോദിക്കുന്നെ ..! എനിക്ക് ജീവനുണ്ടേല്‍ രാവിലെ തന്നെ തിരിച്ചു 
തരും.. ഭാസ്കരെട്ടനാ ഈ പറയുന്നേ .. 
ഞാന്‍ തരില്ല ഭാസ്കരേട്ടാ ..ഇനിയിപ്പോ ഒരാള് മരിക്കാന്‍ 
കിടക്കാന്നു പറഞ്ഞാല്‍ പോലും .. 
എന്റെ ഈ മറുപടി കൂടി കേട്ടതോടെ അയാളുടെ എല്ലാ 
പ്രതീക്ഷയും പോയ്‌. എന്നിട്ട് ആകെ ഒരു വെപ്രാളത്തില്‍ 
തിരിച്ചു പോയി. 

സാധാരണ ഇങ്ങനെ കാശ് കൊടുത്തില്ലേല്‍ കൊറേ തെറി 
വിളി കേള്‍കുന്നതാണ് .ഇന്ന് അതൊന്നും പറയാതെ 
എന്തായാലും ശല്ല്യം പോയല്ലോ !! ഞാന്‍ സമാധാനിച്ചു. 
എന്റെ കടയുടെ അടുത്താണ് ഭാസ്കരേട്ടന്റെ വീട്. 
കൂലി പണിയാണ് തൊഴില്‍. കിട്ടുന്ന കാശൊക്കെ കുടിച്ചു 
തീര്‍ക്കും. ഭാര്യ സുലോചന , രണ്ടു പെണ്‍കുട്ടികള്‍ മൂത്തത് 
സൗമ്യ , ഇളയവള്‍ രമ്യ. പഠിക്കാന്‍ മിടുക്കി കുട്ടികള്‍. 
ചേച്ചി വല്ല പാടത്ത് പണിക്കോ , കൂലി പണിക്കോ മറ്റോ പോയ്‌ 
ആണ് വീട്ടില് അടുപ്പ് പുകയുന്നത് .ഒരു ദിവസം പണിയില്ലേല്‍ 
പിറ്റേ ദിവസം പട്ടിണി അതാണ്‌ ഈ കുടുംബത്തിന്റെ അവസ്ഥ. 
ഇങ്ങനെ കടം കൊടുത്തത് തന്നെ എനിക്ക് ഒത്തിരി കാശ് 
കിട്ടാനുണ്ട് . 

എന്റെ വീട്ടിലേക്കു പോകുന്ന വഴിയെ ആണ് ഇവരുടെ വീട് . 
വീട്ടുപടിക്കല്‍ സുലോജന ചേച്ചി ഇറങ്ങി നിക്കുന്നു. എന്നെ 
കണ്ടതും ... ഒരു വിറയലോടെ അടുത്ത് വന്നു ... 
ബഷീറേ നീ ഏട്ടനെ വഴിയില്‍ വെച്ചെങ്ങാനും കണ്ടോ ? 
നിന്റെ അടുത്തേക്കാണെന്നും പറഞ്ഞു പോയതാണല്ലോ ? 
വന്നിരുന്നു ചേച്ചി ..കൊറച്ചു കാശ് കടം ചോദിച്ചു. 
ഞാന്‍ കൊടുക്കാതെ ഓടിച്ചു വിട്ടു. 
അത് വേണ്ടായിരുന്നു ഡാ ...ഒരു അത്യാവശ്യത്തിനാ ഏട്ടന്‍ 
കാശ് ചോദിച്ചു വന്നെ ... 
എന്താ ചേച്ചി ഈ രാത്രിയില്‍ കാശിന്റെ ആവശ്യം? കാര്യം പറ ? 
ഡാ രമ്യ കുട്ടിയെ എന്തോ വിഷം തട്ടിയിരിക്കുന്നു . ആശുപത്രിയില്‍ 
കൊണ്ട് പോകാന്‍ പുള്ളിയുടെ കയ്യില്‍ ഒരു നയാ പൈസ പോലും 
ഇല്ല .എനികാണേല്‍ രണ്ടു ദിവസമായി പണിയുമില്ല... 
ഇത്രയും പറഞ്ഞപ്പോഴേക്കും ചേച്ചിയുടെ തൊണ്ടയിടറി. 
എന്റെ മനസ്സും ..!! 
എങ്കില്‍ ചേച്ചി കുട്ടിയേം എടുത്തു വേഗം റെഡിയാകൂ. 
ഞാന്‍ പോയ്‌ ഒരു വണ്ടി വിളിച്ചു വരാം ... 
അത് വേണ്ട ഡാ ഏട്ടന്‍ വന്നിട്ട് ഞങ്ങള്‍ പൊയ്ക്കോളാം. 
ചേച്ചിയുടെ ഈ നിര്‍ബന്ധം എന്നെ വീട്ടിലേക്കു പോകാന്‍ 
പ്രേരിപ്പിച്ചു . പോകാന്‍ നേരം കൊറച്ചു പൈസയെടുത്തു ഞാന്‍ 
ചേച്ചിയുടെ കയ്യില്‍ ഏല്‍പ്പിച്ചു.ആശുപത്രിയില്‍ കൊണ്ട് പോകാന്‍ 
കഴിയാത്ത വിഷമത്തില്‍ മനസില്ലാ മനസ്സോടെ ഞാന്‍ 
വീട്ടിലേക്കു പോയി. ആരോടും ഒന്നും മിണ്ടാതെ , ഭക്ഷണം പോലും 
കഴിക്കാതെ അന്നത്തെ രാത്രി തിരിഞ്ഞും മറിഞ്ഞും കിടന്നു കൊണ്ട് 
നേരം വെളുപ്പിച്ചു. 

രാവിലെ എണീറ്റ്‌ വന്നതും ഉമ്മയുടെ വാക്കുകള്‍.. !!! 
ഡാ കടയുടെ അടുത്തുള്ള ഭാസ്കരേട്ടന്റെ ചെറിയ കുട്ടി 
വിഷം തട്ടി മരിച്ചുവത്രേ ... നീ ഇന്നലെ ഒന്നും അറിഞ്ഞില്ലേ ? 
ആ ഞാന്‍ കട പൂട്ടി പോരാന്‍ നേരം ഇന്നലെ സംഗതി അറിഞ്ഞു. 
ആശുപത്രിയില്‍ പോകാന്‍ വേണ്ടി കൊറച്ചു പൈസയും 
കൊടുത്തിട്ടാണ് ഞാന്‍ പോന്നത് ... 
അയാള് കാശിനു കൊറേ പേരുടെ അടുക്കല്‍ പോയ്‌ 
വന്നപ്പോഴേക്കും ഒരു പാട് സമയം വൈകിയിരുന്നു . 
ആശുപത്രിയില്‍ എത്തിയപ്പോഴേക്കും സംഗതി കഴിഞ്ഞിരുന്നു. 
ആ !!! എന്ത് ചെയ്യാം .. ആ കുട്ടിക്ക് പടച്ചോന്‍ അത്രേ ആയുസ്സ് 
വിധിച്ചിട്ടുള്ളൂ ... 

സത്യത്തില്‍ ആ കുട്ടിയുടെ ആയുസ്സ് വിധിച്ചത് ഈ ദുഷ്ട്ടനായ 
ഞാന്‍ ആയിരുന്നില്ലേ ? മരണ വീട്ടില്‍ പോയ്‌ ആ കുട്ടിയുടെ 
ആ കിടപ്പ് കണ്ടപ്പോള്‍ ഒന്നേ എനിക്ക് നോക്കാന്‍ കഴിഞ്ഞുള്ളു.. 
പുറത്തിറങ്ങിയതും എന്നെ വന്നു കെട്ടി പിടിച്ചു കൊണ്ട് 
ഭാസ്കരേട്ടന്റെ ആ കരച്ചില്‍ ഇന്നും എന്റെ മനസ്സില്‍ മായാതെ 
നില്‍ക്കുന്നു ...അപ്പോഴും കൂട്ടം കൂടി നിന്ന ആളുകള്‍ 
പറയുന്നുണ്ടായിരുന്നു ... 
" കൊറച്ചു കൂടെ നേരത്തെ ആശുപത്രിയില്‍എത്തിയിരുന്നെങ്കില്‍ " 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ