2015 സെപ്റ്റംബർ 20, ഞായറാഴ്‌ച

                                      അനിവാര്യം 


ഉച്ചയൂണിനു വീട്ടില്‍ വന്നപ്പോള്‍ ഉമ്മയുടെ ചോദ്യം 
മാനേ... എന്തേലും വല്ല വിവരോം ഉണ്ടോ ? 
ഇല്ല ഞാനൊന്നും അറിഞ്ഞില്ല . കൊറേ പേര്‍ പല ഭാഗത്തായി 
തിരഞ്ഞു പോയിരിക്കുന്നു എന്ന് പറഞ്ഞു കേട്ടു . 
എന്താ ചെയ്യാ ...അമ്മാമന്മാരും പിന്നെ അയാളുടെ കയ്യിലുള്ളതും പിന്നെ അവിടന്നും ഇവ്ടെന്നുമൊക്കെ 
ഒരു കൂട്ടിയ പയ്സേം കൊണ്ടാ അയാള് പോയത് . 
ഇന്ന് സ്വര്‍ണ്ണം വാങ്ങാന്‍ പോണം എന്ന് എന്നോട് ഇന്നലെ 
കൂടെ പറഞ്ഞെ ഉള്ളൂ ആ തള്ള . 
എന്നാലും സ്വന്തം തന്തക്ക്‌ ഇത് ചെയ്യാന്‍ എങ്ങനെ തോന്നി ഇത്രേം വല്ല്യൊരു കടും കൈ. 
ന്നാലും ഇത് വരീം ആ മന്സനെ പറ്റി ഒരാള് കുറ്റം പറയുന്നത് 
ഞാന്‍ ഇന്നേ വരെ കേട്ടിട്ടില്ല .ഇതിപ്പോ എന്ത് പറ്റ്യാവോ അയാള്‍ക്ക്‌ . ഈ പെണ്ണിന്റെ കല്യാണം കൂടെ കേയ്ഞ്ഞാല് 
അയ്റ്റ രക്ഷപെട്ടു . ഉമ്മ ഇത്രെയും പറഞ്ഞു ദീര്ഗ്ഗശ്വാസം വിട്ടു. 

എന്റെ വീടിന്റെ കുറച്ചകലെയാണ് വാപ്പുട്ട്യാക്കയുടെ വീട് . 
മൂന്ന് മക്കള്‍ . ഒരാണും രണ്ടു പെണ്ണും .മൂത്തതിനെ കെട്ടിച്ചു. 
ഇളയവളടെ കല്യാണം ഉറപ്പിച്ചു വെച്ചിരിക്കുന്നു . 
കല്യാണത്തിനുള്ള സ്വര്‍ണ്ണം വാങ്ങാന്‍ കരുതി വെച്ച പൈസയും  
കൊണ്ട് പുള്ളി ആരോടും മിണ്ടാതെ മുങ്ങി . 
കൂലി പണിയാണ് തൊഴില്‍ . അതും മിക്കവാറും കൊറച്ചു 
ദൂരെയുള്ള സ്ഥലങ്ങളില്‍ പോയ്‌ ചെയ്യുകയാണ് പതിവ് . 
മാസത്തില്‍ രണ്ടോ മൂന്നോ തവണ മാത്രമേ വീട്ടില്‍ വരാറുള്ളൂ . 
ഒരു ദുശ്ശീലങ്ങളും ഇല്ലാത്ത  പാവം മനുഷ്യന്‍ . 

ആദ്യ ദിവസം ഒരു വിവരവുമില്ലാതെ കടന്നു പോയ്‌. 
പിറ്റേ ദിവസം അയാള്‍ ജോലി ചെയ്തിരുന്ന സ്ഥലം അന്ന്വഷിച്ചു
പോയപ്പോള്‍   അവിടെ നിന്നും കിട്ടിയ വിവരം 
അയാള്‍ കോഴിക്കോട് ഒരു ആശുപത്രിയില്‍ ഉണ്ടെന്നാണ് . 
അയാളുടെ അളിയനും പിന്നെ രണ്ടു നാട്ടുകാരും ചേര്‍ന്നാണ് 
ആശുപത്രിയിലേക്ക് പോയത് . 

 നീണ്ട തിരച്ചിലിനൊടുവില്‍ അയാളെ 
കണ്ടു പിടിച്ചു . വാര്‍ഡില്‍ വരി വരിയായി ഇട്ടിരിക്കുന്ന 
ഒരു കട്ടിലില്‍ അയാള്‍ ഇരിക്കുന്നു . കൂടെ ഒരു സ്ത്രീയും 
ഉണ്ട്. കട്ടിലില്‍ ഏകദേശം അഞ്ചു വയസ്സ് തോന്നിക്കുന്ന 
ഒരു പെണ്‍കുട്ടി കിടക്കുന്നു . രണ്ടു പേരുടെയും മുഖത്ത് 
ദുഖം തളം കെട്ടി നില്‍ക്കുന്നു . ചെന്നപാടെ അളിയന്റെ വക 
കരണകുറ്റിക്കുള്ള അടിയായിരുന്നു . ഓര്‍ക്കാപുറത്തുള്ള 
അടിയായത് കൊണ്ട് അയാള്‍ തറയില്‍ വീണു . 
പട്ടി പൊലയാടി മോനെ ...                                                                       
നീ ഏത് മറ്റവള്‍ക്കു ഉണ്ടാക്കാനാ പൈസയും എടുത്തു മുങ്ങിയത് ? ഇതും പറഞ്ഞു അളിയന്‍ ചവിട്ടുംപോഴേക്കും ആ സ്ത്രീ അയാളുടെ    
കാലില്‍ വീണിരുന്നു . 
ന്നെ ങ്ങള് എന്ത് വേണേലും ചെയ്തോളീം... ആ കട്ടിലില്‍ 
കിടക്കുന്ന കുട്ടിയെ ഓര്‍ത്തെങ്കിലും മൂപ്പരെ ങ്ങള് വെറുതെ വിടിം... 
അവിടെ ഒരു കുട്ടിയുടെ ജീവിതമാണെങ്കില്‍ ഇവിടെ മൂപ്പരുടെ 
തന്നെ ചോരയില്‍ ഉണ്ടായ മറ്റൊരു കുട്ടിയുടെ ജീവനാണ് ...                    
ഇത്രയ്യും പറഞ്ഞു ആ സ്ത്രീ പൈസയെടുത്ത്‌ അവരുടെ                          
കാല്‍ക്കല്‍ വെച്ച് കൊടുത്തു.                                                                       
                                                                                                                        
                                                                               
ആ സ്ത്രീയുടെ കരഞ്ഞു കൊണ്ടുള്ള ഈ വാക്കുകള്‍ കേട്ടപ്പോള്‍ 
എന്തോ പന്തികേടുണ്ടെന്ന് അളിയനും കൂട്ടര്‍ക്കും മനസ്സിലായി . 
വര്‍ഷങ്ങള്‍ക്കു മുന്‍പ് ജോലി ചെയ്തിരുന്ന സ്ഥലത്ത് നിന്നും 
കല്യാണം കഴിച്ചതാണ് ഈ സ്ത്രീയെ . അതില്‍ അഞ്ചു വയസ്സായ 
ഒരു പെണ്‍കുട്ടിയുണ്ട് . ഈ കുട്ടിക്ക് വാള്‍വിന് ഒരു തകരാര് 
ഉണ്ട്. പെട്ടന്ന് ഓപ്പറേഷന്‍ ചെയ്തില്ലേല്‍ കുട്ടിയുടെ ജീവന്‍ തന്നെ 
അപകടത്തിലാകുമെന്ന കാര്യം കേട്ടതോടെ അളിയനും കൂട്ടരും 
ആകെ ആശയകുഴപ്പത്തിലായി.കല്യാണത്തിനുള്ള വഴി വേറെ 
നോക്കാം. ആദ്യം ജീവന്‍ രക്ഷിക്കാന്‍ നോക്കാം പിന്നയല്ലേ 
ജീവിതം. പിന്നെ അവരും കൂടെ മുന്കയ്യെടുത്ത് കാര്യങ്ങളെല്ലാം 
ചെയ്തു കൊടുത്തു.                                     


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ