2015 സെപ്റ്റംബർ 28, തിങ്കളാഴ്‌ച

                                    മരം ഒരു വരം 

"സ്വര്‍ണ്ണം കായ്ക്കുന്ന മരമാണേലും 
ശരി വീട്ടിലേക്ക് ചാഞ്ഞാല്‍"

കഴിഞ്ഞ മാസം തൃശ്ശൂരില്‍ നടന്ന ഒരു വടംവലി
മത്സരം കണ്ടു വരുമ്പോള്‍ ...
വഴിയരികിലെല്ലാം ഞെട്ടിപ്പിക്കുന്ന ഒരു കാഴ്ച കാണാനിടയായി.
തലേന്ന് ഉണ്ടായ ശക്തമായ കാറ്റിലും,
മഴയിലും മിക്ക മരങ്ങളും കടപുഴകി വീണു കിടക്കുന്ന 
ദയനീയ രംഗം.വീടുകള്‍, ഇലക്ട്രിക് പോസ്റ്റുകള്‍, കടകള്‍ 
അങ്ങിനെ ഒത്തിരിനാശനഷ്ട്ടങ്ങള്‍ ...

ഈ കാഴ്ച്ച കണ്ട ആരും തന്നെ വീടിന് മുകളിലേക്ക് വളര്‍ന്നു
നില്‍ക്കുന്ന ഒരു മരവും വെച്ചേക്കില്ല. അത്രക്കും ദയനീയമായ
കാഴ്ചയായിരുന്നു വഴിയരികിലെല്ലാം.

ഇതെല്ലാം കണ്ടു പോകുമ്പോഴും മനസ്സില്‍ ഒരു പ്രാര്‍ഥനയെ
ഉണ്ടായിരുന്നുള്ളൂ. വീടിനടുത്തൊന്നും ഈ കാറ്റും ,മഴയും
ഇല്ലാതിരുന്നാല്‍ മതിയായിരുന്നു. കാരണം എന്റെ വീടിന്
മുമ്പില്‍  തന്നെ ചെറിയ ഒരു മരമുണ്ട്. പൂവും ,
കായൊന്നുമില്ലാത്ത വിറകിന് മാത്രം ഉപകാരപ്പെടുന്ന ഒരു മരം.

വീട്ടിലേക്കു പോകുന്ന ഇലക്ട്രിസിറ്റി ലൈനിന്റെ തൊട്ടടുത്താണ്
ഈ മരം സ്ഥിതി ചെയ്യുന്നത്. ചെറിയ ഒരു കാറ്റടിച്ചാല്‍ പോലും
ഈ മരം ഈ ലൈനില്‍ തട്ടുന്നത് പലപ്പോഴും ഞാന്‍ കണ്ടിട്ടുണ്ട്.

വീട്ടില്‍ വന്നു കേറിയ ആദ്യം തന്നെ 
ഈ മരം മുറിക്കുവാന്‍ തീരുമാനിച്ചു. 
ഒന്നിന് പകരം രണ്ടെണ്ണം വെച്ച് പിടിപ്പിക്കുവാനും...

                          പ്രവാസിയുടെ നഷ്ട്ടങ്ങള്‍ 


മിക്ക പ്രവാസികള്‍ക്കും നാട്ടിലേക്ക് പോകാനായി 
കിട്ടുന്ന അവധികള്‍ വര്‍ഷത്തില്‍ ഒരു മാസം, രണ്ടു 
വര്‍ഷത്തില്‍ രണ്ടു മാസം , അങ്ങിനെ പല രീതികളില്‍ 
ആണ് പല കമ്പനികളും ചെയ്യുന്നത്.
ഇനി സ്വന്തമായി വല്ല സ്ഥാപനമോ, ബിസ്സിനസ്സോ 
നടത്തുന്നവര്‍ക്ക് എപ്പോ വേണേലും പോകാം .
വേണേല്‍ പരമാവധി ആറു മാസം വരെ അവധി 
ആഘോഷിക്കുകയും ചെയ്യാം.

കുട്ടികളെ ഇഷ്ട്ടമില്ലാത്തവരായി ആരും തന്നെ കാണില്ല.
എട്ടന്റെയോ, അനിയന്റെയോ, പെങ്ങളുടെയോ,
അല്ലേല്‍ മറ്റു ബന്ധുക്കളുടെയോ ആയി 
ഇത് പോലെ ചെറിയ കുഞ്ഞുങ്ങള്‍ എല്ലാ വീട്ടിലുമുണ്ടാകും.
ഇനി നമ്മുടെ വീട്ടിലില്ലേല്‍ അയല്‍പക്കത്തെ 
വീട്ടിലെങ്കിലുമുണ്ടാകും ഇത് പോലത്തെ ചിരികുടുക്കുകള്‍.
ഇനി നമ്മുടെ കുഞ്ഞാണേല്‍ തന്നെ കണ്ട പാടെ നമ്മെ 
തിരിഞ്ഞു നോക്കുക പോലുമില്ല. നമ്മളൊന്ന് കളിപ്പിക്കാനോ,
ഒന്നെടുക്കാനോ, അടുത്തേക്ക് ചെന്നാല്‍ കരഞ്ഞ് കൊണ്ട്
ഓരോട്ടമാകും.

ചെറിയ പ്രായത്തിലുള്ള കുട്ടികള്‍ ഇതേ പോലെ 
റൂമില്‍ വെച്ച് കണ്ടു കരയുന്നത് പേടിച്ചിട്ട്‌ പല 
പ്രവാസികളും കുഞ്ഞുങ്ങള്‍ ഉറങ്ങിയാണ് വീട്ടിലേക്കു 
ചെന്ന് കേറുക. കുറച്ച് ദിവസം ഇങ്ങിനെ പോകും.
വീട്ടിലെ മറ്റുള്ള കുട്ടികള്‍ അടുത്തേക്ക് വരുന്നതും, 
കളിക്കുന്നതും കാണുമ്പോള്‍ ഇവര്‍ക്കും നമ്മോടുള്ള 
പേടി മെല്ലെ മെല്ലെ മാറി തുടങ്ങും. അല്ലേല്‍ കുഞ്ഞുങ്ങളും
മനസിലാക്കി തുടങ്ങും ഇയാളും ഈ വീട്ടിലെ ആള്‍ 
തന്നെയാണ് മൂപ്പര്‍ക്ക് വേറെ എന്തെക്കെയോ 
എടപാട് ഉള്ളത് കൊണ്ടാണ് ഇങ്ങോട്ട് വരാത്തതെന്ന്.

അങ്ങിനെ മെല്ലെ മെല്ലെ നമ്മുടെ അടുത്തേക്ക് വരാനും,
കളിക്കാനും, ചിരിക്കാനും ഉമ്മ തരാനുമൊക്കെ 
തുടങ്ങുമ്പോഴേക്കും മേല്‍ പറഞ്ഞ ഒരു മാസം,
അല്ലേല്‍ രണ്ടു മാസം കഴിയാറായിട്ടുണ്ടാകും.
ഇതാണ് എനിക്കുണ്ടായ അനുഭവം.
അല്ല  മിക്ക പ്രവാസികളുടെയും അനുഭവം ഇതാകും.

ശരിക്കും പ്രവാസികള്‍ക്ക് ഏറ്റവും കൂടുതല്‍ മിസ്സ്‌ 
ചെയ്യുന്നത് മഴയോ, മണ്ണോ, പുഴയോ, മറ്റുള്ള
ഓര്‍മ്മകളോ ഒന്നുമാവില്ല. ഇത് പോലുള്ള ചിരികുടുക്കകളുടെ 
കളി തമാശകള്‍ ആണ്.

"ഇത് പോലുള്ള ചിരികള്‍ ആണ് നമ്മെ
ഇവിടെ പിടിച്ചു നിര്‍ത്തുന്നതും,
നാട്ടിലേക്ക് പറഞ്ഞു വിടുന്നതും "

ഫോട്ടോയില്‍  നിങ്ങളെ നോക്കി ചിരിക്കുന്നത് 
അനിയന്റെ മോള്‍ സഫ ...

2015 സെപ്റ്റംബർ 20, ഞായറാഴ്‌ച

                                        ഭാവന 


പൊടി ഉണ്ടേല്‍ കൊറച്ചു പുട്ട് ഉണ്ടാക്കാമായിരുന്നു...                                   

അപ്പൊ അതിനും വേണ്ടേ തേങ്ങ ...                                                          

==============================                                                

ഭാവന ഉണ്ടേല്‍ ഒരു കഥ എഴുതാമായിരുന്നു ...                                         

അതിനും വേണ്ടേ പേന ...

                                       സൗഹൃദം


 മറക്കില്ല എന്ന് പറഞ്ഞവരൊക്കെ മറന്നു തുടങ്ങിയിരിക്കുന്നു...                      

പിരിയില്ല എന്ന് പറഞ്ഞവരൊക്കെ അകലങ്ങളിലേക്ക് മാഞ്ഞു                      

കൊണ്ടേയിരിക്കുന്നു ...                                                                                       

ഒരു വിളി പാടകലെ ഞാന്‍ ഉണ്ടായിട്ടും ഒന്ന് വിളിക്കാതെ                             

പലരും നടന്നു നീങ്ങുന്നു ...                                                                                  

ഞാന്‍ ചിലരുടെ മനസ്സില്‍ ആരുമല്ലാതായി തീര്‍ന്നു എങ്കിലും ,                       

ഇനിയും നിലചിട്ടില്ലാത്ത എന്റെ ഈ കൊച്ചു ഹൃദയം                                

നിന്നെ സ്നേഹിച്ചു കൊണ്ടേയിരിക്കുന്നു ...                                                                      

കാരണം , സൌഹൃതത്തിനു മരണമില്ലെന്ന് ഞാന്‍ ഇപ്പോഴും                               

വിശ്വസിക്കുന്നു ...                  


                                          നാലുവരി

നിസ്സംഗമായി എന്നിലെ സൗഹൃദം-
നോവിന്റെ ചില്ലയില്‍ നിന്ന്-
കൊഴിയുന്നു ഭൂതകാല  സൗഹൃദം
ഏപ്പോഴോ എന്നില്‍ പറയാതെയറിയാതെ-
വന്നതാണി ചങ്ങാത്തമേങ്ങിനയോ
ഇന്നതിന്‍ നോവിനാല്‍ കരയാതെ-
കരയുന്ന ചങ്ങാതി ഞാന്‍...              


                                      അനിവാര്യം 


ഉച്ചയൂണിനു വീട്ടില്‍ വന്നപ്പോള്‍ ഉമ്മയുടെ ചോദ്യം 
മാനേ... എന്തേലും വല്ല വിവരോം ഉണ്ടോ ? 
ഇല്ല ഞാനൊന്നും അറിഞ്ഞില്ല . കൊറേ പേര്‍ പല ഭാഗത്തായി 
തിരഞ്ഞു പോയിരിക്കുന്നു എന്ന് പറഞ്ഞു കേട്ടു . 
എന്താ ചെയ്യാ ...അമ്മാമന്മാരും പിന്നെ അയാളുടെ കയ്യിലുള്ളതും പിന്നെ അവിടന്നും ഇവ്ടെന്നുമൊക്കെ 
ഒരു കൂട്ടിയ പയ്സേം കൊണ്ടാ അയാള് പോയത് . 
ഇന്ന് സ്വര്‍ണ്ണം വാങ്ങാന്‍ പോണം എന്ന് എന്നോട് ഇന്നലെ 
കൂടെ പറഞ്ഞെ ഉള്ളൂ ആ തള്ള . 
എന്നാലും സ്വന്തം തന്തക്ക്‌ ഇത് ചെയ്യാന്‍ എങ്ങനെ തോന്നി ഇത്രേം വല്ല്യൊരു കടും കൈ. 
ന്നാലും ഇത് വരീം ആ മന്സനെ പറ്റി ഒരാള് കുറ്റം പറയുന്നത് 
ഞാന്‍ ഇന്നേ വരെ കേട്ടിട്ടില്ല .ഇതിപ്പോ എന്ത് പറ്റ്യാവോ അയാള്‍ക്ക്‌ . ഈ പെണ്ണിന്റെ കല്യാണം കൂടെ കേയ്ഞ്ഞാല് 
അയ്റ്റ രക്ഷപെട്ടു . ഉമ്മ ഇത്രെയും പറഞ്ഞു ദീര്ഗ്ഗശ്വാസം വിട്ടു. 

എന്റെ വീടിന്റെ കുറച്ചകലെയാണ് വാപ്പുട്ട്യാക്കയുടെ വീട് . 
മൂന്ന് മക്കള്‍ . ഒരാണും രണ്ടു പെണ്ണും .മൂത്തതിനെ കെട്ടിച്ചു. 
ഇളയവളടെ കല്യാണം ഉറപ്പിച്ചു വെച്ചിരിക്കുന്നു . 
കല്യാണത്തിനുള്ള സ്വര്‍ണ്ണം വാങ്ങാന്‍ കരുതി വെച്ച പൈസയും  
കൊണ്ട് പുള്ളി ആരോടും മിണ്ടാതെ മുങ്ങി . 
കൂലി പണിയാണ് തൊഴില്‍ . അതും മിക്കവാറും കൊറച്ചു 
ദൂരെയുള്ള സ്ഥലങ്ങളില്‍ പോയ്‌ ചെയ്യുകയാണ് പതിവ് . 
മാസത്തില്‍ രണ്ടോ മൂന്നോ തവണ മാത്രമേ വീട്ടില്‍ വരാറുള്ളൂ . 
ഒരു ദുശ്ശീലങ്ങളും ഇല്ലാത്ത  പാവം മനുഷ്യന്‍ . 

ആദ്യ ദിവസം ഒരു വിവരവുമില്ലാതെ കടന്നു പോയ്‌. 
പിറ്റേ ദിവസം അയാള്‍ ജോലി ചെയ്തിരുന്ന സ്ഥലം അന്ന്വഷിച്ചു
പോയപ്പോള്‍   അവിടെ നിന്നും കിട്ടിയ വിവരം 
അയാള്‍ കോഴിക്കോട് ഒരു ആശുപത്രിയില്‍ ഉണ്ടെന്നാണ് . 
അയാളുടെ അളിയനും പിന്നെ രണ്ടു നാട്ടുകാരും ചേര്‍ന്നാണ് 
ആശുപത്രിയിലേക്ക് പോയത് . 

 നീണ്ട തിരച്ചിലിനൊടുവില്‍ അയാളെ 
കണ്ടു പിടിച്ചു . വാര്‍ഡില്‍ വരി വരിയായി ഇട്ടിരിക്കുന്ന 
ഒരു കട്ടിലില്‍ അയാള്‍ ഇരിക്കുന്നു . കൂടെ ഒരു സ്ത്രീയും 
ഉണ്ട്. കട്ടിലില്‍ ഏകദേശം അഞ്ചു വയസ്സ് തോന്നിക്കുന്ന 
ഒരു പെണ്‍കുട്ടി കിടക്കുന്നു . രണ്ടു പേരുടെയും മുഖത്ത് 
ദുഖം തളം കെട്ടി നില്‍ക്കുന്നു . ചെന്നപാടെ അളിയന്റെ വക 
കരണകുറ്റിക്കുള്ള അടിയായിരുന്നു . ഓര്‍ക്കാപുറത്തുള്ള 
അടിയായത് കൊണ്ട് അയാള്‍ തറയില്‍ വീണു . 
പട്ടി പൊലയാടി മോനെ ...                                                                       
നീ ഏത് മറ്റവള്‍ക്കു ഉണ്ടാക്കാനാ പൈസയും എടുത്തു മുങ്ങിയത് ? ഇതും പറഞ്ഞു അളിയന്‍ ചവിട്ടുംപോഴേക്കും ആ സ്ത്രീ അയാളുടെ    
കാലില്‍ വീണിരുന്നു . 
ന്നെ ങ്ങള് എന്ത് വേണേലും ചെയ്തോളീം... ആ കട്ടിലില്‍ 
കിടക്കുന്ന കുട്ടിയെ ഓര്‍ത്തെങ്കിലും മൂപ്പരെ ങ്ങള് വെറുതെ വിടിം... 
അവിടെ ഒരു കുട്ടിയുടെ ജീവിതമാണെങ്കില്‍ ഇവിടെ മൂപ്പരുടെ 
തന്നെ ചോരയില്‍ ഉണ്ടായ മറ്റൊരു കുട്ടിയുടെ ജീവനാണ് ...                    
ഇത്രയ്യും പറഞ്ഞു ആ സ്ത്രീ പൈസയെടുത്ത്‌ അവരുടെ                          
കാല്‍ക്കല്‍ വെച്ച് കൊടുത്തു.                                                                       
                                                                                                                        
                                                                               
ആ സ്ത്രീയുടെ കരഞ്ഞു കൊണ്ടുള്ള ഈ വാക്കുകള്‍ കേട്ടപ്പോള്‍ 
എന്തോ പന്തികേടുണ്ടെന്ന് അളിയനും കൂട്ടര്‍ക്കും മനസ്സിലായി . 
വര്‍ഷങ്ങള്‍ക്കു മുന്‍പ് ജോലി ചെയ്തിരുന്ന സ്ഥലത്ത് നിന്നും 
കല്യാണം കഴിച്ചതാണ് ഈ സ്ത്രീയെ . അതില്‍ അഞ്ചു വയസ്സായ 
ഒരു പെണ്‍കുട്ടിയുണ്ട് . ഈ കുട്ടിക്ക് വാള്‍വിന് ഒരു തകരാര് 
ഉണ്ട്. പെട്ടന്ന് ഓപ്പറേഷന്‍ ചെയ്തില്ലേല്‍ കുട്ടിയുടെ ജീവന്‍ തന്നെ 
അപകടത്തിലാകുമെന്ന കാര്യം കേട്ടതോടെ അളിയനും കൂട്ടരും 
ആകെ ആശയകുഴപ്പത്തിലായി.കല്യാണത്തിനുള്ള വഴി വേറെ 
നോക്കാം. ആദ്യം ജീവന്‍ രക്ഷിക്കാന്‍ നോക്കാം പിന്നയല്ലേ 
ജീവിതം. പിന്നെ അവരും കൂടെ മുന്കയ്യെടുത്ത് കാര്യങ്ങളെല്ലാം 
ചെയ്തു കൊടുത്തു.                                     


                                          ഓട്ടോഗ്രാഫ് 


അന്നവള്‍ എന്റെ ഓട്ടോ ഗ്രാഫില്‍ ഇങ്ങനെ എഴുതി. 
" ആകാശത്തിലെ നക്ഷത്രങ്ങള്‍ പോലെയും 
കടലിലെ മണല്‍ തരി പോലെയും സന്താന 
ഭാഗ്യം ഉണ്ടാകട്ടെ " 
വര്‍ഷങ്ങള്‍ക്കു ശേഷം ഞാന്‍ അവളെ കണ്ടു മുട്ടിയപ്പോള്‍ 
വിവരങ്ങള്‍ തിരക്കുന്നതിനിടയില്‍ കുട്ടികളുടെ 
കാര്യം ചോദിച്ചപ്പോള്‍ അവള്‍ ഒന്നും മിണ്ടാതെ 
നടന്നു പോയ്‌ ...

                       മദ്യപാനിയുടെ വാക്കുകള്‍ 


കട പൂട്ടാന്‍ തുടങ്ങും നേരം ബഷീറേ.. ഡാ മോനെ.. 
എന്നും വിളിച്ചു ഭാസ്കരേട്ടന്‍ കേറി വന്നു. 
എല്ലാ ദിവസത്തെയും പോലെ അന്നും അയാള്‍ 
കുടിച്ചിട്ടുണ്ടായിരുന്നു. 
അയാളുടെ വരവ് അത്ര പന്തിയല്ലെന്നു കണ്ട ഞാന്‍ അയാളെ 
ശ്രദ്ധിക്കാന്‍ പോകാതെ എന്റെ ജോലിയില്‍ ഏര്‍പെട്ടു. 
അയാള്‍ക്ക്‌ ആകെ ഒരു വെപ്രാളം , മുഖത്ത് എന്തോ ഒരു 
വിഷമം ,,മദ്യത്തിന്റെ ലഹരിയില്‍ അയാള്‍ ചെറുതായി 
ആടുന്നുണ്ടായിരുന്നു. 
ബഷീറേ നീ എനിക്ക് ഒരു ഉപകാരം ചെയ്യുമോ ? 
ഈ ചോദ്യത്തിന്റെ അര്‍ഥം ബാക്കി പറയാതെ തന്നെ ഞാന്‍ ഊഹിച്ചു. കാശ് ചോദിക്കാനുള്ള പരിപാടിയാ.. 
ഭാസ്കരേട്ടാ കാശ് ആണെങ്കില്‍ ഞാന്‍ തരില്ല എന്നോട് 
ചോദിക്കേണ്ട ..!! വല്ല ബീഡിയോ തീപ്പെട്ടിയോ വേണേല്‍ 
വേടിച്ചു വീട്ടില്‍ പോകാന്‍ നോക്ക് . ആ കുട്ട്യോള് 
അവടെ ഒറ്റക്കല്ലേ ? 
ഡാ അങ്ങെനെ പറയല്ലേ അത്രേം അത്യാവശ്യമുള്ളതു കൊണ്ടാ 
ചോദിക്കുന്നെ ..! എനിക്ക് ജീവനുണ്ടേല്‍ രാവിലെ തന്നെ തിരിച്ചു 
തരും.. ഭാസ്കരെട്ടനാ ഈ പറയുന്നേ .. 
ഞാന്‍ തരില്ല ഭാസ്കരേട്ടാ ..ഇനിയിപ്പോ ഒരാള് മരിക്കാന്‍ 
കിടക്കാന്നു പറഞ്ഞാല്‍ പോലും .. 
എന്റെ ഈ മറുപടി കൂടി കേട്ടതോടെ അയാളുടെ എല്ലാ 
പ്രതീക്ഷയും പോയ്‌. എന്നിട്ട് ആകെ ഒരു വെപ്രാളത്തില്‍ 
തിരിച്ചു പോയി. 

സാധാരണ ഇങ്ങനെ കാശ് കൊടുത്തില്ലേല്‍ കൊറേ തെറി 
വിളി കേള്‍കുന്നതാണ് .ഇന്ന് അതൊന്നും പറയാതെ 
എന്തായാലും ശല്ല്യം പോയല്ലോ !! ഞാന്‍ സമാധാനിച്ചു. 
എന്റെ കടയുടെ അടുത്താണ് ഭാസ്കരേട്ടന്റെ വീട്. 
കൂലി പണിയാണ് തൊഴില്‍. കിട്ടുന്ന കാശൊക്കെ കുടിച്ചു 
തീര്‍ക്കും. ഭാര്യ സുലോചന , രണ്ടു പെണ്‍കുട്ടികള്‍ മൂത്തത് 
സൗമ്യ , ഇളയവള്‍ രമ്യ. പഠിക്കാന്‍ മിടുക്കി കുട്ടികള്‍. 
ചേച്ചി വല്ല പാടത്ത് പണിക്കോ , കൂലി പണിക്കോ മറ്റോ പോയ്‌ 
ആണ് വീട്ടില് അടുപ്പ് പുകയുന്നത് .ഒരു ദിവസം പണിയില്ലേല്‍ 
പിറ്റേ ദിവസം പട്ടിണി അതാണ്‌ ഈ കുടുംബത്തിന്റെ അവസ്ഥ. 
ഇങ്ങനെ കടം കൊടുത്തത് തന്നെ എനിക്ക് ഒത്തിരി കാശ് 
കിട്ടാനുണ്ട് . 

എന്റെ വീട്ടിലേക്കു പോകുന്ന വഴിയെ ആണ് ഇവരുടെ വീട് . 
വീട്ടുപടിക്കല്‍ സുലോജന ചേച്ചി ഇറങ്ങി നിക്കുന്നു. എന്നെ 
കണ്ടതും ... ഒരു വിറയലോടെ അടുത്ത് വന്നു ... 
ബഷീറേ നീ ഏട്ടനെ വഴിയില്‍ വെച്ചെങ്ങാനും കണ്ടോ ? 
നിന്റെ അടുത്തേക്കാണെന്നും പറഞ്ഞു പോയതാണല്ലോ ? 
വന്നിരുന്നു ചേച്ചി ..കൊറച്ചു കാശ് കടം ചോദിച്ചു. 
ഞാന്‍ കൊടുക്കാതെ ഓടിച്ചു വിട്ടു. 
അത് വേണ്ടായിരുന്നു ഡാ ...ഒരു അത്യാവശ്യത്തിനാ ഏട്ടന്‍ 
കാശ് ചോദിച്ചു വന്നെ ... 
എന്താ ചേച്ചി ഈ രാത്രിയില്‍ കാശിന്റെ ആവശ്യം? കാര്യം പറ ? 
ഡാ രമ്യ കുട്ടിയെ എന്തോ വിഷം തട്ടിയിരിക്കുന്നു . ആശുപത്രിയില്‍ 
കൊണ്ട് പോകാന്‍ പുള്ളിയുടെ കയ്യില്‍ ഒരു നയാ പൈസ പോലും 
ഇല്ല .എനികാണേല്‍ രണ്ടു ദിവസമായി പണിയുമില്ല... 
ഇത്രയും പറഞ്ഞപ്പോഴേക്കും ചേച്ചിയുടെ തൊണ്ടയിടറി. 
എന്റെ മനസ്സും ..!! 
എങ്കില്‍ ചേച്ചി കുട്ടിയേം എടുത്തു വേഗം റെഡിയാകൂ. 
ഞാന്‍ പോയ്‌ ഒരു വണ്ടി വിളിച്ചു വരാം ... 
അത് വേണ്ട ഡാ ഏട്ടന്‍ വന്നിട്ട് ഞങ്ങള്‍ പൊയ്ക്കോളാം. 
ചേച്ചിയുടെ ഈ നിര്‍ബന്ധം എന്നെ വീട്ടിലേക്കു പോകാന്‍ 
പ്രേരിപ്പിച്ചു . പോകാന്‍ നേരം കൊറച്ചു പൈസയെടുത്തു ഞാന്‍ 
ചേച്ചിയുടെ കയ്യില്‍ ഏല്‍പ്പിച്ചു.ആശുപത്രിയില്‍ കൊണ്ട് പോകാന്‍ 
കഴിയാത്ത വിഷമത്തില്‍ മനസില്ലാ മനസ്സോടെ ഞാന്‍ 
വീട്ടിലേക്കു പോയി. ആരോടും ഒന്നും മിണ്ടാതെ , ഭക്ഷണം പോലും 
കഴിക്കാതെ അന്നത്തെ രാത്രി തിരിഞ്ഞും മറിഞ്ഞും കിടന്നു കൊണ്ട് 
നേരം വെളുപ്പിച്ചു. 

രാവിലെ എണീറ്റ്‌ വന്നതും ഉമ്മയുടെ വാക്കുകള്‍.. !!! 
ഡാ കടയുടെ അടുത്തുള്ള ഭാസ്കരേട്ടന്റെ ചെറിയ കുട്ടി 
വിഷം തട്ടി മരിച്ചുവത്രേ ... നീ ഇന്നലെ ഒന്നും അറിഞ്ഞില്ലേ ? 
ആ ഞാന്‍ കട പൂട്ടി പോരാന്‍ നേരം ഇന്നലെ സംഗതി അറിഞ്ഞു. 
ആശുപത്രിയില്‍ പോകാന്‍ വേണ്ടി കൊറച്ചു പൈസയും 
കൊടുത്തിട്ടാണ് ഞാന്‍ പോന്നത് ... 
അയാള് കാശിനു കൊറേ പേരുടെ അടുക്കല്‍ പോയ്‌ 
വന്നപ്പോഴേക്കും ഒരു പാട് സമയം വൈകിയിരുന്നു . 
ആശുപത്രിയില്‍ എത്തിയപ്പോഴേക്കും സംഗതി കഴിഞ്ഞിരുന്നു. 
ആ !!! എന്ത് ചെയ്യാം .. ആ കുട്ടിക്ക് പടച്ചോന്‍ അത്രേ ആയുസ്സ് 
വിധിച്ചിട്ടുള്ളൂ ... 

സത്യത്തില്‍ ആ കുട്ടിയുടെ ആയുസ്സ് വിധിച്ചത് ഈ ദുഷ്ട്ടനായ 
ഞാന്‍ ആയിരുന്നില്ലേ ? മരണ വീട്ടില്‍ പോയ്‌ ആ കുട്ടിയുടെ 
ആ കിടപ്പ് കണ്ടപ്പോള്‍ ഒന്നേ എനിക്ക് നോക്കാന്‍ കഴിഞ്ഞുള്ളു.. 
പുറത്തിറങ്ങിയതും എന്നെ വന്നു കെട്ടി പിടിച്ചു കൊണ്ട് 
ഭാസ്കരേട്ടന്റെ ആ കരച്ചില്‍ ഇന്നും എന്റെ മനസ്സില്‍ മായാതെ 
നില്‍ക്കുന്നു ...അപ്പോഴും കൂട്ടം കൂടി നിന്ന ആളുകള്‍ 
പറയുന്നുണ്ടായിരുന്നു ... 
" കൊറച്ചു കൂടെ നേരത്തെ ആശുപത്രിയില്‍എത്തിയിരുന്നെങ്കില്‍ " 

                          ഞാനും മുഖപുസ്ഥകവും

ഫേസ് ബുക്ക്‌ എന്ന മായിക ലോകം ഞാന്‍ ഓപ്പണ്‍ ചെയ്തിട്ട് മൂന്നു വര്‍ഷത്തില്‍ കൂടുതല്‍ ആയി കാണും .എഴുത്തോ വായനയോ മറ്റു 
സാംസ്ക്കാരിക പ്രവര്‍ത്തനങ്ങളോ 
ഒന്നും ഇല്ലാതെ വെറുതെ നടന്നിരുന്ന ഒരു സമയം.വല്ലപ്പോഴും 
യൂ ടൂബില്‍ വല്ല വീഡിയോ ഷയര്‍ ചെയ്തും , ലൈക്‌ പേജിലുള്ള 
വല്ല ഫോട്ടോയും കണ്ടു നടന്നിരുന്ന ഒരു കാലം ... 
ഒടുവില്‍ ഒരു നെറ്റ് കഫെയില്‍ ജോലി കിട്ടി . ഏതു സമയവും കമ്പ്യൂട്ടറിന് മുമ്പില്‍ . ഇഷ്ടം പോലെ സമയം . അങ്ങനെയാണ് ഫേസ് ബുക്കിലേക്ക് സജീവമായി വരുന്നത് . 
മെല്ലെ മെല്ലെ അറിയാതെ വായനയുടെ വഴിയിലേക്ക് കടന്നു . പിന്നെ പിന്നെ എനിക്ക് മനസ്സിലായി ഇത് നേരം പോക്കല്ല , ചിന്തക്കും തിരിച്ചറിവിനും അറിവിനും പറ്റിയ നല്ല ഒരു വേദിയാണ് എന്ന് .
അങ്ങനെ നന്നായി എഴുതുന്ന കുറെ എഴുത്തുകാരുടെ ( പേരുകള്‍ പറഞ്ഞാല്‍ കൊറെയധികം ഉണ്ട് . ) 
സൗഹൃദം തേടി ഞാന്‍ ചെന്നു . ആരും എന്നെ നിരാശരാക്കിയില്ല .
അവരൊക്കെയും എനിക്ക് വിശാലമായ ഒരു ആകാശം തുറന്നു തരികയായിരുന്നു . 
ഇന്ന് അവരൊക്കെ എന്റെ പ്രിയപ്പെട്ടവരില്‍ പ്രിയപ്പെട്ടവര്‍ ആണ് . കുറെ വായിച്ചപ്പോള്‍ എനിക്ക് എന്തെങ്കിലും എഴുതണം എന്ന് തോന്നി .
എഴുതി . എന്റെ എഴുത്തിലെ അപാകതകള്‍ ചൂണ്ടിക്കാണിച്ചു തരാനും തിരുത്തി തരാനും ഇവിടെ ആളുകളുണ്ടായി .
ഇന്ന് ഞാന്‍ വല്ലാത്ത ഹാപ്പിയിലാണ് .
ഒന്നുമല്ലാതിരുന്ന എന്നെ നിങ്ങളുടെയൊക്കെ സുഹൃത്തും വായനക്കാരനും പ്രിയപ്പെട്ടവനും ഒക്കെ ആക്കി മാറ്റിയ ഫേസ് ബുക്കിനും എന്നെ എല്ലാ നിലക്കും സഹായിക്കുകയും എന്നെ എന്തെങ്കിലുമൊക്കെ എഴുതാന്‍ സഹായിക്കുകയും സഹകരിക്കുകയും പ്രചോദനമാവുകയും ചെയ്ത എന്റെ എല്ലാ സുഹൃത്തുക്ക ള്‍ക്കും ഞാന്‍ നന്ദി പറയുന്നു . ചുരുക്കത്തില്‍ രണ്ടായിരത്തി പതിമൂന്നു എന്റെ ഭാഗ്യ വര്ഷം ആയിരുന്നു . വായനയുടെ , സൌഹൃദത്തിന്റെ , അതിരുകളില്ലാത്ത സ്നേഹത്തിന്റെ , പങ്കുവേക്കലുകളുടെ , ചിന്തകളുടെ , തിരിച്ചറിവിന്റെ , ഒക്കെ വര്ഷമായിരുന്നു ..
ഈ വര്ഷം കടന്നു പോകുമ്പോൾ എനിക്ക് തിരിഞ്ഞു നോക്കുമ്പോൾ സന്തോഷം ആണ് ഉള്ളത് . അത് തന്നത് നിങ്ങളാണ് . നിങ്ങൾ മാത്രം 
നന്ദി നന്ദി നന്ദി..... 

                                              അന്നം 


എന്തൊക്കെയുണ്ട് ചേട്ടാ വിശേഷങ്ങള്‍ ?
സുഖം തന്നെയല്ലേ ?

സുഖത്തിനോന്നും ഒരു കുറവുമില്ല മോനെ !!
പക്ഷെ ,, എനിക്കും കേട്ട്യോള്‍ക്കും ഒരു നേരത്തെ 
കഞ്ഞി കുടിക്കണമെങ്കില്‍ കിട്ടുന്ന പണിക്ക് ഈ 
വയസ്സാന്‍ കാലത്ത് ഞാന്‍ തന്നെ പോകണം.

നല്ല തണ്ടും, തടിയും, ജോലിയുമുള്ള  
മക്കളുടെ  ഒരച്ഛന്റെ അവസ്ഥ...

                               എന്നിലെ ഞാന്‍ 

ചൊല്ലുവാനേറെയുണ്ടീ മണ്ണിനും കാറ്റിനുമെൻ
പിഞ്ചിളം കണ്ണുകളിൽ കൊരുത്ത വിസ്മയങ്ങൾ...
മണലാരണ്യത്തിലെൻ ജീവിത മരുപ്പച്ച 
ഇത്തൊടിയെന്നുമെന്റെയുള്ളിലെ മധുവാടി...


                                        തെങ്കര 


ഒറ്റപ്പെടലിന്റെ വേദനയനുഭവിക്കുന്ന 
ന്റെ നാട്ടിലെ ഒരു കല്‍പ്പക വൃക്ഷം.

                          ശാപവാക്കുകള്‍ 

അമൃത ചാനലിലെ കഥയല്ലിത് ജീവിതം
എന്ന പ്രോഗ്രാം മിക്ക എപ്പിസോഡുകളും
യൂറ്റൂബില്‍ കാണാറുണ്ട് .

ഇയ്യിടെ  കണ്ട എപ്പിസോഡില്‍ .............
പറക്കമറ്റാത്ത രണ്ടു കുഞ്ഞുങ്ങളെ ഉപേക്ഷിച്ച്
മറ്റൊരു സ്ത്രീയുടെ ഭാര്‍ത്താവിന്റെ കൂടെ
ഇറങ്ങി പോയ ഒരു വീട്ടമ്മ .

താന്‍ അന്ന്യപുരുഷന്റെ കൂടെ ഇറങ്ങിപോയത്,
ഞ്യായമാണെന്നും , അത് ശരിയാണെന്നും വാദിക്കാന്‍
വേണ്ടി കൂടെ കൂടെ ഈ കുഞ്ഞു മക്കളെ സത്യം
ചെയ്തു പറയുന്ന വേദനാജനകമായ കാഴ്ച കണ്ടു.

ഒരു ജീവിതം ആസ്വദിക്കുന്നതിന് വേണ്ടി മറ്റൊരു
ജീവിതം നശിപ്പിക്കുന്ന ഇവരെ പോലുള്ളവര്‍ക്ക്
കാലം മാപ്പ് കൊടുക്കാതിരിക്കട്ടെ !!
അത് ആണായാലും,പെണ്ണായാലും !!!

                                        പകച്ച പോസ്റ്റ്‌                                      


ഇന്ന് കഫെയില്‍ ഫേസ് ബുക്ക്‌ ഐഡി
ഉണ്ടാക്കി തരുമോന്നു ചോദിച്ചു ഒരണ്ണന്‍ വന്നു.
ചുമ്മാ ഇരിക്കുവല്ലേ ,,ഉണ്ടാക്കിത്തരാമെന്നു ഞാനും..
ചുമ്മാ ഇരിക്കുവാണേലും ഉണ്ടാക്കുന്നത്‌ ചുമ്മാതല്ല.
അതോണ്ട്  ഒരെണ്ണം ഉണ്ടാക്കി കൊടുക്കാന്‍ തിരുമാനിച്ചു.
അങ്ങിനെ വിട്ട ഭാഗങ്ങളെല്ലാം പൂരിപ്പിച്ചു
കൊണ്ടിരിക്കുമ്പോള്‍...
male or female ന്റെ ഭാഗം എത്തിയപ്പോള്‍ ഞാന്‍
ഒരു തമാശക്ക് വേണ്ടി ചോദിച്ചു,,
അണ്ണാ male വേണമാ female വേണമാ ?
മറുപടി കേട്ടപ്പോഴാണ് ഞാന്‍ പകച്ചു പോയത്.
"അതൊന്നും പറവാല്ലേ തമ്പീ...
ഉങ്കളുടെ ഇഷ്ടം പോലെ പോട്"
അങ്ങിനെലും  പാവപ്പെട്ടവനുമൊന്ന് പകക്കട്ടെ !! 

                                          ആറടിമണ്ണ്


നാട്ടില്‍ ലീവ് സമയത്ത് കുടുംബത്തില്‍പെട്ട 
ഒരു വെല്ല്യുമ്മയുടെ മരണ ചടങ്ങില്‍ പങ്കെടുക്കാന്‍ 
ഭാഗ്യമുണ്ടായി. മയ്യത്തുമായി പള്ളിയില്‍ എത്തിയപ്പോഴും
ഖബറിന്റെ പണികള്‍ തീര്‍ന്നിരുന്നില്ല. 
മഴച്ചാറ്റല്‍ ഉണ്ടായിരുന്നതിനാല്‍ ടാര്‍പ്പായ മുകളില്‍
പിടിച്ചാണ് ഖബറിന്റെ പണികള്‍ ചെയ്തിരുന്നത്.
ആളുകളെല്ലാം ചുറ്റും കൂടി അതീവദുഃഖത്തില്‍ 
ഖബറിലേക്ക് നോക്കി നിന്നു.

അപ്പോള്‍ കൂടി നിന്ന ഏതൊരുവനും ഖബറിന്റെ 
പണി കണ്ടു ആസ്വദിക്കുകയില്ല,,,പകരം ...

"ഞാനും ഒരുന്നാള്‍ ഇതേ പോലെ ഒരു ഖബറില്‍ 
വന്നു കിടക്കേണ്ടവനാണ്. എന്നെയും ഒരുനാള്‍
ഈ മണ്ണ് കൊണ്ട് പൊതിയുന്നതാണ്.
മരണം എന്ന പ്രതിഭാസം ആരെയും,എപ്പോള്‍ 
വേണമെങ്കിലും പിടി കൂടാം .....

ഖബറടക്കവും, പ്രാര്‍ത്ഥനകളും എല്ലാം കഴിഞ്ഞ്
മീസാന്‍ കല്ലുകള്‍ക്കിടയിലൂടെ പള്ളിതൊടിയുടെ
പുറത്തേക്കു കടക്കുമ്പോള്‍ അവിടെയുള്ള പച്ചമണ്ണ്‍
എന്നോട് ഇങ്ങിനെ മന്ത്രിക്കുന്നത് പോലെ തോന്നി...

"നീ ഇന്ന് ചവിട്ടി നടക്കുന്ന മണ്ണെല്ലാം 
നാളെ നിന്റെയും ദേഹത്ത് ചവിട്ടി 
കൊണ്ട് പ്രതികാരം തീര്‍ക്കും "

                                         കണ്ണുനീര്‍ 


സൗദിയില്‍ വന്നയാദ്യം ഒരു രണ്ടു റിയാല്‍ 
ഷോപ്പിലായിരുന്നു ജോലി കിട്ടിയത്.
പേര് രണ്ടു റിയാല്‍ ഷോപ്പ് എന്നാണേലും 
അവിടെ ഒരു റിയാല്‍ മുതല്‍ പതിനായിരം 
റിയാല്‍ വരെ വിലമതിക്കുന്ന സാധനങ്ങള്‍ ഉണ്ട്.

കൂട്ടത്തില്‍ ഒരു കുട്ടിയായത് കൊണ്ടാവാം എനിക്ക് 
ജോലി കിട്ടിയത് കളിപ്പാട്ടങ്ങളുടെ വിഭാഗത്തിലാണ്. 
അത് കൊണ്ട് തന്നെ ദിവസേന കുട്ടികളുടെ ഓരോ 
ലീലാവിലാസങ്ങള്‍ പതിവ്കാഴ്ചയാണ്.

ഒരിക്കല്‍ ഒരു സൗദി സ്ത്രീ ഒരു കാറും കയ്യില്‍
പിടിച്ച് എന്റെയരികിലേക്ക് വന്നു. കാറിന്റെ വിലയും 
അറിയണം. കൂട്ടത്തില്‍ ബാറ്ററി ഇട്ടു വര്‍ക്ക് ചെയ്യുന്നുണ്ടോ 
എന്ന് ഉറപ്പു വരുത്തുകയും വേണം.സ്ത്രീയെ കണ്ടാലറിയാം
കവര്‍ പിടിച്ചു യാചനക്ക് നടക്കുന്ന വിഭാഗമാണെന്ന്.
ഏകദേശം നാലു വയസ്സ് തോന്നിക്കുന്ന ഒരു ഒരാണ്‍കുട്ടിയും 
കൂടെയുണ്ട്. അവനാണേല്‍ ഉമ്മയുടെ പര്‍ദ്ദ വലിച്ചു പിടിച്ച്
നിലത്തുരുണ്ട് അലമുറയിട്ട് കരയുന്നു.

കുട്ടി എന്തിനാണ് കരയുന്നതെന്ന് ഞാന്‍ അവരോടു ചോദിച്ചു,,
അവന് റിമോട്ടുള്ള കാര്‍ വേണമെന്ന് പറഞ്ഞാ കരയുന്നെ,,
എന്റെ കയ്യിലാണേല്‍ ആകെ പത്തു റിയാല്‍ മാത്രമേയുള്ളൂ
പിന്നീട് വാങ്ങിത്തരാമെന്ന് പറഞ്ഞ് കേള്‍ക്കുന്നുമില്ല.
ഓ,,അത് കുറച്ച് നേരം കരയും സാരമില്ല,,
അവരുടെ ഈ വാക്കുകളും,കുട്ടിയുടെ കരച്ചിലും 
കണ്ടപ്പോള്‍ എനിക്കെന്തോ വിഷമം തോന്നി.
റിമോട്ട് കാറിന് കുറവുള്ള പത്തു റിയാല്‍ കൊടുത്തപ്പോള്‍ 
അവര്‍ ആദ്യമത്‌ നിരസിച്ചുവെങ്കിലും എന്റെ നിര്‍ബന്ധത്താല്‍
വാങ്ങേണ്ടി വന്നു.

കാര്‍ വാങ്ങി തിരിച്ചു പോകാന്‍ നേരം ആ കുട്ടി എന്തോ 
പറയാന്‍ വേണ്ടി എന്നെ വിളിച്ചു,, 
ഞാന്‍ അടുത്തേക്ക് ചെന്നതും അവനെ എടുക്കാനെന്നോണം
രണ്ടു കയ്യും എന്റെ നേരെ നീട്ടി. അവനെ എടുത്തപാടെ
എന്റെ കഴുത്തിലൂടെ ചുറ്റി പിടിച്ച് മുഖത്ത് തുരു തുരാന്ന്
ഉമ്മ വെക്കുമ്പോള്‍ ശുക്രന്‍,,ശുക്രന്‍ എന്ന് പറയുന്നുണ്ടായിരുന്നു.
അവസാനം അവന്‍ സലാം പറഞ്ഞു പോകുമ്പോഴും 
എന്റെ കവിളിനെയും,മുഖത്തെയും നനച്ച അവന്റെ കണ്ണുനീര്‍
തുടക്കാന്‍ ആദ്യംഞാന്‍ ശ്രമിച്ചെങ്കിലും എന്തോ 
ഞാന്‍ പോലും അറിയാതെ കൈ സ്വയം താഴ്ന്നു...