2015 ഡിസംബർ 9, ബുധനാഴ്‌ച

                           ഭൂമിയുടെ അവകാശികള്‍ 


ഒരു അവധി ദിനം ...
പതിവ് പോലെ രാവിലെ മോനെ മദ്രസ്സയില്‍ കൊണ്ട്                                
പോയ്‌ വിടാന്‍  ബൈക്ക് എടുത്തു ഇറങ്ങിയതെ ഉള്ളൂ.                     
പാപ്പാ ..പാപ്പാ ..വണ്ടി നിര്‍ത്തിം ഞാനൊരു സംഗതി                      
കാണിച്ചു തരാം .                                                                                    
എന്താടാ നേരം വൈകിയ നേരത്ത് ഇജ്ജു എന്ത് സംഗതിയാ             
കണ്ടേ എന്നും ചോദിച്ചു ഞാന്‍ ബൈക്ക് സൈഡാക്കി നിര്‍ത്തി .         
അതാവ്ടെ ഒരു അണ്ണകോട്ട ( അണ്ണാറകണ്ണന്‍ ) കിടക്കുന്നു.                  
മോന്‍ ചൂണ്ടി കാണിച്ച ഭാഗത്തേക്ക് ഞാന്‍ ചെന്ന് അതിനെ                 
കയ്യിലെടുത്തു. ജീവനുണ്ടാകില്ല എന്നാണ് ഞാന്‍ കരുതിയത്‌.                     
പക്ഷെ തൊട്ടു നോക്കിയപ്പോള്‍ ചെറിയ ഒരു മിടിപ്പ് ഉണ്ട്.                 
ഞാന്‍ അതിനെയെടുത്ത് വീട്ടിലേക്കു പോന്നു .                                
കൈ കുമ്പിളില്‍ കുറച്ചു വെള്ളമെടുത്ത് അതിന്റെ ചുണ്ട്              
നനച്ചപ്പോള്‍ അതിന്റെ ചങ്ക് നനഞ്ഞു. എന്റെ മനസ്സും.                          
                                                 
ഇത് കണ്ടു വന്ന ഉമ്മ . ഡാ മാനേ... അയ്ന്റെക്കെ ജീവന്‍                    
പോയിട്ടുണ്ടാകും ഇജ്ജാ കുട്ടിയെ കൊണ്ടാക്കാന്‍ നോക്ക്..                    
ഇല്ല മ്മമ്മാ അത് ചത്തിട്ടില്ല..ഞമ്മക്ക് ഇതിനെ വളര്‍ത്താം                       
പാപ്പാ ...മോന്റെ അഭിപ്രായം കേട്ടപ്പോ എനിക്കും ഒരു പൂതി              
കേറി. അങ്ങിനെ അതിനെ വളര്‍ത്താന്‍ ഞാനും തീരുമാനിച്ചു.                
തല്ക്കാലം അതിനു കൊറച്ചു പാലും പഴവുമൊക്കെ കൊടുത്ത്           
ഒന്ന് ഉഷാറാക്കി എടുത്തു .                                                                          
ടൌണില്‍ പോകാന്‍ ബൈക്ക് എടുത്തു  ഇറങ്ങിയ നേരം മക്കള്‍              
രണ്ടു പേരും ഓടി വന്ന്‍ .. പാപ്പാ വരുമ്പോള്‍ അണ്ണകൊട്ടക്ക്                  
പാര്‍ക്കാന്‍ പറ്റിയ ഒരു കൂട് കൊണ്ട് വരണം.                             
ടൗണില്‍ നിന്നും തിരിച്ചു വരുമ്പോള്‍ എന്റെ കയ്യില്‍ കണ്ട                   
കൂട് കണ്ട് കുട്ടികള്‍ തുള്ളി ചാടി .                            
പിന്നീടുള്ള ദിനങ്ങള്‍ കുട്ടികളും മറ്റുള്ളവരും അതിനെ                            
പരിചരിക്കുന്നതില്‍ അതീവ താല്പര്യം കാണിച്ചു .                                
വളരെ പെട്ടന്ന് തന്നെ വീട്ടിലെ എല്ലാവരുമായും ഇണങ്ങി .                     
കുട്ടികള്‍ കൂടുതല്‍ സമയവും അതിനോടൊത്ത് ചിലവഴിച്ചു.                 
അങ്ങനെ അതിനോടോത്തുള്ള   കൊറേ നല്ല ദിനങ്ങള്‍ കടന്നു പോയി.   
                                                                                                                        
ലീവ് കഴിഞ്ഞ് തിരിച്ചു വരുന്നതിന്റെ തലേ ദിവസം രാവിലെ                 
കണ്ട കാഴ്ച വീട്ടിലെ എല്ലാവരെയും സങ്കടപെടുത്തുന്നതായിരുന്നു.     
എന്താണ് സംഭവിച്ചത് എന്ന് ആര്‍ക്കും അറിയില്ല .                                   
എങ്ങിനെ സംഭവിച്ചു എന്നും  ആര്‍ക്കും അറിയില്ല  .                                
കൂടിനു പുറത്ത് ചോര വാര്‍ന്നു ജീവനറ്റ ആ കുഞ്ഞു അണ്ണാന്‍                
കിടക്കുന്നത് കണ്ട്   എല്ലാവരും ഞെട്ടിപോയ് .കുട്ടികള്‍ കിടക്കാന്‍        
പോകും നേരം അതിനെയെടുത്ത് ഉമ്മ വെക്കല്‍ പതിവുണ്ടായിരുന്നു .  
ഇന്നലെ കൂടിന്റെ കുറ്റി ഇടാന്‍ മറന്നെന്നു തോന്നുന്നു .                            കുട്ടികള്‍ ഈ കാഴ്ച്ച കണ്ട്സങ്കടം സഹിക്ക വയ്യാതെ കരയുന്നത്             
കണ്ടപ്പോള്‍ വീട്ടിലുള്ളവര്‍ക്കും സങ്കടമായി .                                            
വീട് ശരിക്കും ഒരു മരണ വീട് പോലയായി .                                                                                      
എന്തിനാ മാനേ ഈ പാപം വെച്ച് കെട്ടാന്‍ നീ അതിനെ അന്ന്                  
എടുത്തു കൊണ്ട് വന്നത് ? എന്തായാലും അന്റെ ഇന്നത്തെ                      
തിരിച്ചു പോക്കിനെക്കാള്‍ ഞങ്ങള്‍ക്ക് സങ്കടമായി ഈ കാഴ്ച്ച...            
ഉമ്മയുടെ ഈ വാക്കുകള്‍ കൂടി കേട്ടതോടെ അത് വരെ പിടിച്ചു             
നിന്ന എന്റെ കണ്ണും നിറഞ്ഞു.                                                                    
തിരിച്ചു പോരുമ്പോള്‍ എന്റെ മനസ്സ് നിറയെ ആ ഒഴിഞ്ഞ                      
കൂട് ആയിരുന്നു ...                                                                                        
" മനുഷ്യരോട് മാത്രമല്ല മറ്റു ജീവികളോടും നാം കരുണ കാണിക്കണം    
അവരും നമ്മളെ പോലെ ഈ ഭൂമിയുടെ അവകാശികള്‍ ആണ് "                            


                                      ഉച്ചകഞ്ഞി 


പുതിയ ക്ലാസ്സ് തുടങ്ങുന്നേരം  ഉച്ച കഞ്ഞി ആവശ്യമുള്ളവര്‍ 
കൈ പൊക്കുക എന്ന് പറയുമ്പോള്‍ പരമാവധി ഉയരത്തില്‍ 
ഞാന്‍ കൈ പൊക്കി കാണിക്കും. കാരണം ക്ലാസ്സ് മാഷ്‌ 
കൈകള്‍ എണ്ണുന്നത്തിനിടയില്‍ എന്റെ കൈയ്യെങ്ങാനും 
എണ്ണാന്‍ വിട്ടു പോയാലോ എന്ന് പേടിച്ച്. 
സ്കൂളിലേക്ക് പറഞ്ഞു വിടുമ്പോള്‍ ഉമ്മ പറയാറുണ്ട്‌ 
മ്മാടെ കുട്ടി ഉച്ചകഞ്ഞിക്ക് പേര് കൊടുക്കണം ട്ടോ .. 
കൂടെയുള്ള പല കുട്ടികളും കൈകള്‍ പൊക്കാന്‍ മടി 
കാണിക്കുമെങ്കിലും കഞ്ഞിക്കു വിട്ടാല്‍ മുമ്പിലുണ്ടാകും. 
മാഷമ്മാരുടെ മുന്നില്‍ വല്ല്യ വീട്ടിലെ കുട്ടിയാണ് താനൊക്കെ 
എന്ന ഗമ കാണിക്കണം പലര്‍ക്കും . 

കൈ പൊക്കുന്ന കാര്യത്തില്‍ മുന്നിലാണെങ്കിലും കഞ്ഞിക്കുള്ള 
ഫീസ്‌ കൊണ്ട് വരുന്ന കാര്യത്തില്‍ ഞാന്‍ പിന്നിലാകും . 
കാരണം വീട്ടില്‍ നിന്നും കിട്ടാന്‍ വല്ല്യ പാടാ. 
തലേന്ന് രാത്രി ഉമ്മയോട് ചോദിക്കുമ്പോള്‍ പറയും 
മ്മാടെ കുട്ടിക്ക് രാവിലെ തരാ ട്ടോ .. 
രാവിലെ മദ്രസ്സ വിട്ടു വരുമ്പോഴേക്കും ഉമ്മ വടക്കുമ്മലക്ക് 
(മലയുടെ പേര്) വിറകിനു പോയിട്ടുണ്ടാകും. പിന്നെ ഫീസില്ലാതെ 
കരഞ്ഞു കലങ്ങിയ കണ്ണുമായി ഒത്തിരി ദിവസം പോയിട്ടുണ്ട്. 

ഉച്ച കഞ്ഞി നിലവില്‍ വന്ന അന്ന് മുതല്‍ ഇന്ന് വരെയും 
എന്റെ വീടിനു തൊട്ടടുത്തുള്ള കമല ചേച്ചിയാണ് സ്കൂളിലെ 
അടുക്കള ജോലി ചെയ്തിരുന്നത്. അന്നൊക്കെ കഞ്ഞിയും പയറും 
ആണ് എല്ലാ ദിവസവും കിട്ടി കൊണ്ടിരുന്നത്. ഇന്നൊക്കെ 
അതില്‍ നിന്നും മാറ്റം വന്നിരിക്കുന്നു.ഇന്നൊക്കെ എല്ലാ ദിവസവും ചോറ് ആണ്. അത് പോലെ ഓരോ ദിവസങ്ങളിലും മാറി കടലയും 
ചെറുപയറും , പിന്നെ വേറെ എന്തേലും കറിയും ഉണ്ടാകും. 
ഇതൊക്കെ അനുഭവിക്കണമെങ്കി സര്‍ക്കാര്‍ സ്കൂളില്‍ തന്നെ 
പോകണം . 

അഞ്ചാം ക്ലാസ്സ് മുതല്‍ ഉച്ചക്ക് ശേഷമാണ് സ്കൂള്‍ ഉണ്ടായിരുന്നത്. 
അപ്പൊ സ്കൂളിലേക്ക് കുറച്ചു നേരത്തെ വരും . എന്നിട്ട് ചേച്ചിക്ക് 
വെള്ളം കോരി കൊടുക്കാനും പാത്രം കഴുകാനുമൊക്കെ 
സഹായിക്കാന്‍ ഞങ്ങള്‍ ഒരു ടീം തന്നെയുണ്ടാകും. 
അതിനു കൂലിയായി ഞങ്ങളുടെ പാത്രങ്ങളില്‍ ചെറുപയര്‍ 
നിറച്ചു വെച്ചിട്ടുണ്ടാകും. ഇങ്ങനെ കൊണ്ട് പോകുന്ന ഉപ്പേരി 
ആകും രാത്രിക്കും മിക്കവാറും ചോറിനുണ്ടാവുക. 
ഉമ്മ അത് മൂന്നാല് ചെറിയഉള്ളി കൂടി അരിഞ്ഞു തൂമിച്ച് 
ഒന്നൂടെ സ്വാദുള്ളതാക്കി തരും. അതിനൊക്കെ ഒരു പ്രത്യക 
സ്വാദുണ്ടായിരുന്നു ....ഇന്ന് ഓര്‍ക്കുമ്പോഴും ....


                                          കുട്ടിക്കാലം 


വീട്ടിലേക്കു വിളിക്കുന്നേരം കുട്ടികളെ ചോദിച്ചാല്‍ ബീവി പറയും
അതാവ്ടെയിരുന്നു ടി വി കാണുന്നു. എപ്പോ ചോദിച്ചാലും ഈ
ഒരുത്തരം തന്നെ. കാരണം സ്കൂള്‍ അടച്ചിരിക്കുവല്ലേ !!!
എന്താടി എതു നേരത്തും ടി വി കാണല്‍ ? വേറെ എന്തെല്ലാം
കളികള്‍ ഉണ്ട് ?
അയ്‌റ്റ അവിടിരുന്നു ടി വി കണ്ടോട്ടെ ! ഒന്നുല്ലേലും വെയിലും
കാറ്റും കൊള്ളൂലല്ലോ... ഇതാണ് ബീവിയുടെ മറുപടി .
എന്നാലും എന്റെയൊക്കെ കുട്ടികാലത്ത് എന്തെല്ലാം തരം കളികള്‍
ആണ് കളിച്ചിരുന്നത് .
ആട്ടക്കളം,പമ്പരം കുത്തല്‍,ഗോട്ടികളി,സാറ്റ് കളി,കണ്ണ് പൊത്തി കളി,
എര്‍ബാള്, സൈക്കിള്‍ വാടകയ്ക്ക്എടുക്കല്‍,ഉപ്പും പക്ഷിം ,...അങ്ങിനെ പോണു കളിയുടെ നിര ...

ഇതിനു പുറമേ കാശുണ്ടാക്കുന്ന പരിപാടികളും ഉണ്ടാകും.
വീടിനു കുറച്ചകലെയായി ഒരു മൂച്ചി തോട്ടം(കശുമാങ്ങ) ഉണ്ട്.     
ഞങ്ങള്‍ മാങ്ങ പെറുക്കാന്‍ ഒരു ഗാങ്ങ് ആയി ആണ് പോകുക.             
തോട്ടത്തിന് കാവല്‍ക്കാര്‍ ഉണ്ടാകും.
വീണു കിടക്കുന്ന മാങ്ങ പെറുക്കാനെ അനുവാദം ഉള്ളൂ.
കിട്ടുന്ന മാങ്ങയെല്ലാം ഏതേലും ചെടിയിടെ കമ്പില്‍ കോര്‍ക്കും.
എന്നിട്ട് കാവല്‍ക്കാരുടെ ഷേഡിനരികെ കൊണ്ട് വന്നു അവരുടെ
കണ്മുന്നില്‍ വെച്ച് വേണം അണ്ടിയുരിഞ്ഞു കൊടുക്കാന്‍....
എല്ലാം കഴിഞ്ഞു പോരാന്‍ നേരം ഞങ്ങളുടെ ട്രൌസര്‍ പോക്കെറ്റ്‌
എല്ലാം പരിശോദിച്ചെ വിടൂ. കാരണം അത്രയ്ക്ക് വിശ്വാസമാ ഞങ്ങളെ...
മാങ്ങ പെറുക്കുന്നതിനിടയില്‍ ഞങ്ങള്‍ കുറച്ചു അണ്ടിയുരിഞ്ഞു ചെറിയകവറുകളില്‍ നിറച്ചു തോട്ടത്തിന് പുറത്തേക്ക് ഏറിയും.
വരുന്ന വഴിയില്‍ അതും ഞങ്ങടെ കൂടെ പോരും.അതാണ്‌ കാശുണ്ടാക്കുന്നഒരു പരിപാടി.

പിന്നെ കാശുണ്ടാക്കുന്ന മറ്റൊരു പരിപാടിയാണ് റബ്ബര്‍കുരു പെറുക്കല്‍. ഇതിനു പോകുമ്പോള്‍ ഉമ്മാക്ക് വല്ല്യ സന്തോഷമാണ്.
കാരണം കുരു മാത്രമല്ല പെറുക്കുക കൂടെ അതിന്റെ തോടും പെറുക്കും.
വിറകിനു പകരമായി ഉപയോഗിക്കാന്‍ പറ്റിയ സാധനം ആണ് ഇത്.
റബ്ബര്‍കുരു കനമില്ലാത്തത് കാരണം ഞങ്ങള്‍ ഒരു പരിപാടി ഒപ്പിക്കുമായിരുന്നു.
കൂട്ടത്തില്‍ റബ്ബര്‍കുരുവിന്റെ നിറമുള്ള അതിന്റെ വലിപ്പത്തില്‍ വരുന്ന കല്ലുകള്‍ഇട്ടിട്ടാണ്‌ ഇത് വില്‍ക്കാന്‍ പോകുന്നത്.                    
പല നാള്‍ കള്ളന്‍ ഒരു നാള്‍പിടിക്കപെടുമല്ലോ!!!                        
കൂട്ടത്തില്‍ ഒരു ചെങ്ങായിയെ കടക്കാരന്‍ കയ്യോടെ
പിടികൂടി.അങ്ങിനെ ആ പരിപാടിക്ക് തീരുമാനമായി.

മാങ്ങതീറ്റയെല്ലാം കഴിഞ്ഞു ഞങ്ങള്‍ പുല്ലംവളപ്പ് എന്ന സ്ഥലത്ത് കൂടും.
ഇപ്പൊ അവിടെയങ്ങനെ ഒരു ഗ്രൗണ്ട് ഇല്ല. എന്നിട്ട് ഏതേലും കളികള്‍
തട്ടികൂട്ടും. കളിയെല്ലാം കഴിഞ്ഞു ദിവസത്തിന്റെ വെടികെട്ട് പരിപാടിയായനീരാടല്‍. ഹാവൂ അതാണ്‌ പരിപാടി.               
ഞങ്ങളുടെ നീരാടലിനുമുന്‍പായി പലരും വേഗം കുളിച്ചു      
പോകുന്നത് കാണാം.കാരണം ഞങ്ങള്‍ഇറങ്ങിയാല്‍ പിന്നെ വെള്ളം കലക്കിയ  ശേഷം ഞങ്ങടെ കണ്ണുകളും കലങ്ങണം.
"നീരാളികുണ്ട്" എന്നാണ് കടവിന്റെ പേര് കുട്ടികള്‍ പേടിക്കാന്‍ വേണ്ടിയാണോകടവിന് ഈ പേരിട്ടതെന്ന് തോന്നുന്നു.                         
ഞാന്‍ ഇന്നേ വരെ അങ്ങിനെയൊരു ജന്തുവിനെ അവിടെ കണ്ടിട്ടില്ല.

പുഴയില്‍ നിന്നും കേറാന്‍ വൈകിയാല്‍ തൊട്ടടുത്ത
കടവില്‍ നിന്നും ഉമ്മയുടെ നീട്ടിയുള്ള  വിളി വരും .
ഞാനാ വിളിയിലൊന്നും കേറില്ല കാരണം ഉമ്മയുടെ വിളി കേട്ട് കേറിയാല്‍ വീട്ടില്‍ ചെന്നിട്ടുള്ള അടി പിന്നെ ആര് വേടിക്കും...

ആരും ഞമ്മളേയൊന്നും കൊണ്ടോകൂല ന്നാലും ....
"മധുരിക്കും ഓര്‍മ്മകളെ മലര്‍ മഞ്ചല്‍ കൊണ്ട് വരൂ...
കൊണ്ട് പോകൂ ഞങ്ങളെയാ മാഞ്ചുവട്ടില്‍ ... "


                             ലുബ്നയുടെ പിറന്നാള്‍ 


മോള് :പാപ്പാ ഞാന്‍ മ്മടെ ഉണ്ട്യാപാനി പോട്ടിക്കാട്ടോ!!!
ഞാന്‍ :അതെന്തിനാ ലുബി മോളെ ഇപ്പൊ പൊട്ടിച്ണ്?
മോള് :അപ്പൊ പാപ്പ പോകുമ്പോ പറഞ്ഞതൊക്കെ മറന്നോ!!!
ഞാന്‍ :എന്തോ ഇചോര്‍മല്ല ലുബി മോള് പറ?
മോള് :ന്റെ പിറന്നാളിന് പൊട്ടിക്കുന്നു പറഞ്ഞിട്ടല്ലേ അതില് 
പൈസ ഇടാന്‍ തുടങ്ങീത്‌!!!
ഞാന്‍ :ആ അയിനു പിറന്നാള്‍ ആകട്ടെ ഡാ!!!
മോള് :ഞ്ഞി ആകനോന്നൂല്ല നാളെയാണ് ന്റെ പിറന്നാള്‍ 
ഞാന്‍ :ങ്ങെ!!! ആണോ പാപ്പ മറന്നതാണ് ട്ടോ...!!!
ന്നാ പുടിച്ചോ ന്റെ വക കെട്ടി പിടിച്ചൊരു 
 "ഹാപ്പി പിറന്നാള്‍ ലുബി മോളെ  "
(ഉണ്ട്യാപാനി = കാശു ഇട്ടു വെക്കുന്ന കുടുക്ക.


                                             നെയ്മര്‍

ഞാനൊരു ബ്രസീല്‍ ഫാന്‍സ്‌ അല്ല.
അര്‍ജന്റീന ഫാന്‍സും അല്ല.
ഈ പരിക്ക് പറ്റുന്നത് വരെ എനിക്ക് 
നെയ്മറെ ഇഷ്ട്ടമല്ലായിരുന്നു.
ഇപ്പൊ എന്തോ ???
ഈ കിടപ്പ് കാണുമ്പോള്‍...
ന്റെ മുത്തെ ലവ് യു ഡാ 
പ്രാര്‍ഥനയില്‍ നീ ഉണ്ടെടാ ചെക്കാ 
ന്റെ മനസ്സില്‍...





                                   കുഞ്ഞ്യേ നൊസ്റ്റു


ഉപ്പ് കൂട്ടി  പച്ചമാങ്ങ നമ്മളെത്ര തിന്ന് ...
ഇപ്പഴാ കഥകളെ നീ അപ്പടി മറന്നു ...
==================================
#ഓര്‍മ്മകള്‍ #അയവിറ ക്കാനുള്ളതാണ് 



                                    ആദ്യ ഇന്റെര്‍വ്യു


എന്താടാ നിന്റെ പേര് ? ബഷീര്‍...
വാപ്പാടെ പേരെന്താ ? ഇപ്പ 
ഉമ്മയുടെ പേരോ ? ഇമ്മ

ഇതാണ് എന്റെ ജീവിതത്തില്‍ ഞാന്‍ ആദ്യമായി 
നേരിട്ട ഇന്റെര്‍വ്യു. അത് പരാജയപെടുകയും ചെയ്തു.
എന്നാലും പിന്നെ ജീവിതത്തില്‍ പടച്ചവന്‍ ഇത് വരേം 
പരാജയപെടുത്തിയിട്ടില്ല.ഉപ്പയുടെ വേര്‍പാടോഴികെ...

സ്കൂളിന്റെ പടി എത്തുന്നത് വരെയും ഉമ്മ ഓതിതന്നതാണ്
ഉപ്പയുടെ പേര് ഹംസ എന്നും, ഉമ്മയുടെ പേര് ഖദീജ എന്നും 
പറയണം എന്ന്. എന്നിട്ടോ അന്നത്തെ ഹെഡ്മാസ്റെര്‍ 
ഗോപാലന്‍ മാഷിന്റെ (ജീവിച്ചിരുപ്പില്ല :( ) മുന്നിലെത്തിയപ്പോള്‍ 
മാഷിന്റെ കറുത്ത കണ്ണടയും,കഷണ്ടിയില്‍ ഉഴിഞ്ഞു കൊണ്ടുള്ള 
ഇരുപ്പും കണ്ടപ്പോള്‍ ഞാന്‍ എല്ലാം മറന്നു.സ്കൂളില്‍ പോകേണ്ട 
പൂതി തന്നെ മാറി. 
അടുത്ത വര്‍ഷം കൊണ്ട് വരൂ ഉമ്മാ എന്നുള്ള മാഷിന്റെ മറുപടി 
കേട്ടതോടെ ഉമ്മ ദേഷ്യത്തില്‍ എന്നെ പിടിച്ചു വലിച്ചു വീട്ടിലേക്കു 
കൊണ്ട് വന്നു. ഞ്ഞി വെയില് കൊണ്ട് നടക്കാതെ ഒരു കൊല്ലം കൂടി യശോദാമ്മയുടെ (ജീവിച്ചിരുപ്പില്ല :( ) ബാലവാടിയിലേക്ക് ഉപ്പുമാവ് തിന്നാന്‍ പൊയ്ക്കോ...

അങ്ങിനെ ഒരു കൊല്ലം കൂടി കാത്തിരിക്കേണ്ടി വന്നു എനിക്ക്.
സ്കൂളില്‍ പോകാനോക്കെ നല്ല ഉത്സാഹമായിരുന്നു.
ചെറുപ്പത്തില്‍ എനിക്ക് ചെവിയില്‍ നിന്നും പഴുപ്പ് വരുന്ന 
അസുഖം ഉണ്ടായിരുന്നു . സ്കൂളില്‍ പോകാന്‍ നേരം ഉമ്മ 
കോട്ടന്‍ തുണിയില്‍ പൌഡര്‍ ഇട്ടു ചെറിയ ഉണ്ടകളാക്കി 
ചെവിയില്‍ വെച്ച് തരും, ഒന്ന് രണ്ടെണ്ണം പോക്കറ്റിലും ഇട്ടു തരും.
ഈ അസുഖം കാരണം പല കുട്ടികളും എന്നെ അടുത്തിരുത്താന്‍ 
പോലും മടിച്ചിരുന്നു. മിക്ക കുട്ടികളും ചൌഡലിയാ എന്നാണു 
വിളിച്ചിരുന്നത്‌. 

ഈ അസുഖം ഉള്ള ചെവി കുട്ടികള്‍ക്ക് അടുത്ത് വരാത്ത 
രീതിയില്‍ ആയിരുന്നു എന്റെ സീറ്റ്.ക്ലാസ്സിലെ ഏതോ 
ഒരു കുട്ടി എന്നെ ഇത് പറഞ്ഞു കളിയാക്കിയപ്പോള്‍ 
അവനുമായി അടികൂടി. ഇതറിഞ്ഞ ക്ലാസ്സ് ടീച്ചര്‍ എന്റെ 
ചെവി പിടിച്ചു നുള്ളി മുറിവുണ്ടാക്കി.

പിറ്റേ ദിവസം കുളിപ്പിക്കുമ്പോള്‍ ഉമ്മ ഈ മുറിവ് കണ്ടു പിടിച്ചു.
കാര്യങ്ങള്‍ എല്ലാം അറിഞ്ഞു. അന്ന് സ്കൂളിലേക്ക് ഉമ്മയും 
കൂടെ വന്നു. ന്റെ കുട്ടീടെ ചെവി ഇങ്ങിനെ നുള്ളിപറിച്ച 
ടീച്ചറെ ഒന്ന് കാണാനും , രണ്ടു വാക്ക് പറയാനും...

"ന്റെ കുട്ടീടെ ചെവി ഇങ്ങനെ നുള്ളി പറിക്കാന്‍ മാത്രം ഒനെന്തു 
തെറ്റാ ചെയ്തെ? ങ്ങടെ കുട്ടീടെ ചെവി ഇങ്ങിനെ ചെയ്തു കണ്ടാല്‍ ങ്ങക്ക് സഹിക്കോ ?ങ്ങളും കുട്ട്യോള്‍ടെ തള്ളയല്ലേ ? വികൃതി കാണിച്ചെങ്കി വടി കൊണ്ട്അടിക്കുകയാണ് വേണ്ടത് ?
ഇത്രേം കാലത്തിനിടക്ക് ഞാന്‍ പോലും ന്റെ കുട്ടീടെ മേത്ത്ന്ന് 
(ദേഹം) ചോര പൊട്ടിച്ചിട്ടില്ല" ....
ഇതും പറഞ്ഞ് ഉമ്മ മക്കന തലപ്പ്‌ കൊണ്ട് കണ്ണീര്‍ ഒപ്പിയത് 
ഞാന്‍ ഇന്നും ഓര്‍ക്കുന്നു. ഒപ്പം ടീച്ചര്‍ തല താഴ്ത്തിയതും...

അനിയന്റെ കുട്ടി സ്ലേറ്റില്‍ എഴുതിയ ഫോട്ടോ കണ്ടപ്പോള്‍
ഞനൊന്നു പോയി ...എന്റെ ഒന്നാം ക്ലാസ്സുകാരനിലേക്ക്..